9 വർഷത്തിനു ശേഷവും പൂർത്തിയായില്ല; ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതിയുടെ നിർമാണ കരാർ റദ്ദാക്കുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതിയുടെ നിർമാണം അനന്തമായി നീളുന്ന പശ്ചാത്തലത്തിൽ നിർമാണ കരാർ റദ്ദാക്കുമെന്ന് കെഎസ്ഇബി. കരാറുകാരായ ശ്രീ ശരവണ എഞ്ചിനീയറിംഗ് ഭവാനി പ്രൈവറ്റ് ലിമിറ്റഡും ചൈനയിലെ ഹ്യുനാൻ ഷായോങ് ജനറേറ്റിംഗ് എക്യുപ്മെന്‍റ് കമ്പനി ലിമിറ്റഡും ചേർന്ന കൺസോർഷ്യത്തിന് നൽകിയിരുന്ന ഇലക്ട്രോ മെക്കാനിക്കൽ നിർമാണ കരാർ റദ്ദാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
2015 മാർച്ച് 18നാണ് പദ്ധതിയുടെ ഇലക്ട്രോ മെക്കാനിക്കൽ നിർമാണ പ്രവർത്തനങ്ങൾക്കുള്ള കരാർ കെഎസ്ഇബി ഒപ്പുവച്ചത്. 81.80 കോടി രൂപയായിരുന്നു കരാർ തുക. 18 മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കണം എന്നായിരുന്നു കരാറിലെ നിബന്ധന. 2016 ഓഗസ്റ്റിൽ പൂർത്തീകരിക്കേണ്ട നിർമ്മാണം 9 വർഷത്തിനു ശേഷവും 86.61 ശതമാനം മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. നിരന്തരമായ ചർച്ചകൾക്കും സമ്മർദ്ദങ്ങൾക്കും ശേഷവും നിർമ്മാണ പുരോഗതി ദൃശ്യമാകാത്ത പശ്ചാത്തലത്തിലാണ് കരാർ റദ്ദാക്കാൻ തീരുമാനിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു.
മൂന്ന് ഘട്ടങ്ങളായി ചൈനയിൽ നിന്നും പ്രധാന ഉപകരണങ്ങൾ എത്തിച്ച് നിർമ്മാണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് കെഎസ്ഇബി പറഞ്ഞു. ആദ്യ രണ്ടു ഘട്ടങ്ങൾ 2018 ഓടെ പൂർത്തീകരിച്ചിരുന്നു. പ്രധാന ഭാഗങ്ങളായ റണ്ണർ, സ്റേറ്റർ, റോട്ടോർ എന്നിവ ഉൾപ്പെടുന്ന മൂന്നാമത്തെ കൺസൈൻമെന്‍റ് കണ്‍സോർഷ്യത്തിലെ പങ്കാളികൾ തമ്മിലുണ്ടായ സാമ്പത്തിക തർക്കങ്ങളെ തുടർന്ന് ലഭ്യമാകാതെ വന്ന സാഹചര്യത്തിൽ പദ്ധതി നിർമ്മാണം വേഗത്തിലാക്കുക ലക്ഷ്യമിട്ട് കരാറുകാരുമായി ചേർന്ന് 2022 ഏപ്രിലിൽ ത്രികക്ഷി കരാർ ഒപ്പിട്ടിരുന്നുവെന്ന് കെഎസ്ഇബി പറയുന്നു. എന്നാലിതുമായി ബന്ധപ്പെട്ട് കെഎസ്ഇബി മുന്നോട്ടുവച്ച നിബന്ധനകൾ ചൈനീസ് കമ്പനിക്ക് സ്വീകാര്യമായില്ല. ഈ സാഹചര്യത്തിൽ കെഎസ്ഇബി അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടുകയുണ്ടായി. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിച്ച് നിർമാണ പ്രവൃത്തികൾ തുടരണമെന്നും അത് സാധ്യമല്ലാത്ത പക്ഷം കരാറുകാരുടെ റിസ്ക് ആന്‍റ് കോസ്റ്റിൽ കരാർ റദ്ദാക്കി ടെൻഡർ നടപടികളുമായി മുന്നോട്ടുപോകണം എന്നുമായിരുന്നു ലഭ്യമായ നിയമോപദേശമെന്ന് കെഎസ്ഇബി അറിയിച്ചു.
തുടർന്ന് ചൈനീസ് കമ്പനിയുമായി മൂന്നാമത്തെ കൺസൈൻമെന്റ് എഗ്രിമെന്റ് പ്രകാരം ഇറക്കുമതി ചെയ്യുവാനുള്ള സാധ്യതകൾ ആരാഞ്ഞുകൊണ്ട് കെ എസ് ഇ ബി മാനേജ്മെൻ്റ് കത്തിടപാടുകൾ നടത്തിയെങ്കിലും പ്രസ്തുത ഇലക്ട്രോ മെക്കാനിക്കൽ ഉപകരണങ്ങൾ മറ്റൊരു കമ്പനിക്ക് വിറ്റു എന്ന മറുപടിയാണ് ലഭിച്ചത്. കരാറേറ്റെടുത്ത കൺസോർഷ്യത്തിൻ്റെ നിരുത്തരവാദിത്തവും നിസ്സഹകരണവും കാരണം മുന്നോട്ടു പോകാനാവാത്ത സാഹചര്യത്തിലാണ് മാർച്ച് 18 നു നടന്ന ബോർഡ് മീറ്റിങ്ങിൽ ഭൂതത്താൻകെട്ട് പദ്ധതിയുടെ ഇലക്ട്രോ മെക്കാനിക്കൽ നിർമ്മാണക്കരാർ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു.