625ൽ 625 മാർക്കും നേടി 22 പേർ; എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച് കർണാടക, 62.34 ശതമാനം വിജയം
ബെംഗളൂരു: കർണാടകയിൽ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 62.34 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തേതിനേക്കാൾ ഒൻപത് ശതമാനം വർദ്ധനവാണ് ഉണ്ടായത്. കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്‍റ് ബോർഡ് (കെഎസ്ഇഎബി) ആണ് ഫലം പ്രഖ്യാപിച്ചത്. 22 വിദ്യാർത്ഥികൾ 625ൽ 625 മാർക്കും നേടി.
പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനന തിയ്യതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റായ karresults.nic.in ൽ നിന്ന് മാർക്ക് ലിസ്റ്റ് ലഭിക്കും. കർണാടക സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി മധു ബംഗാരപ്പയാണ് ബെംഗളൂരുവിലെ കെഎസ്ഇഎബി ഓഫീസിൽ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 53 ശതമാനം ആയിരുന്നു വിജയം.
മാർച്ച് 21 മുതൽ ഏപ്രിൽ 4 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. ഏകദേശം 9 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. എല്ലാ വിഷയത്തിനും ഫുൾ മാർക്ക് 22 വിദ്യാർത്ഥികൾ നേടിയപ്പോൾ 624 മാർക്ക് 65 വിദ്യാർത്ഥികൾക്ക് ലഭിച്ചു.
623 മാർക്ക് 108 വിദ്യാർത്ഥികളും 622 മാർക്ക് 189 വിദ്യാർത്ഥികളും 621 മാർക്ക് 259 വിദ്യാർത്ഥികളും 620 മാർക്ക് 327 വിദ്യാർത്ഥികളും നേടി.
മാർക്ക് ലിസ്റ്റിലെ വ്യക്തിഗത വിശദാംശങ്ങളും മാർക്കുകളും ശ്രദ്ധാപൂർവ്വം പരിശോധിക്കാൻ വിദ്യാർത്ഥികൾക്ക് നിർദേശമുണ്ട്. പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ, വൈകാതെ കർണാടക സ്കൂൾ എക്സാമിനേഷൻ ആന്‍റ് അസസ്മെന്‍റ് ബോർഡുമായി ബന്ധപ്പെടണം