സിസ്റ്റീൻ ചാപ്പലിൽ ചിമ്മിനി സ്ഥാപിച്ചു, ഫ്രാൻസീസ് മാർപ്പാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവ് മെയ് 7ന്
വത്തിക്കാൻ സിറ്റി: അടുത്ത മാർപ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് മുന്നോടിയായി സിസ്റ്റീൻ ചാപ്പലിന്റെ മേൽക്കൂരയിൽ ചിമ്മിനി സ്ഥാപിച്ചു. ബാലറ്റുകൾ കത്തിക്കുന്ന പുക പുറത്ത് വരുന്നതിനായാണ് ഈ ചിമ്മിനി ഉപയോഗിക്കുന്നത്. ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവിന് മെയ് 7ന് തുടക്കമാവും. 267ാം മാർപ്പാപ്പയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് അന്ത്യമായെന്ന് വിശ്വാസികൾ അറിയിക്കുന്നത് ഈ ചിമ്മിനിയിലൂടെ പുറത്ത് വിടുന്ന പുകയുടെ നിറം അടിസ്ഥാനമാക്കിയാണ്.
തുരുമ്പിന്റെ നിറമുള്ള ചിമ്മിനി പൈപ്പാണ് ജീവനക്കാർ ടെറാക്കോട്ട ടൈലുകളുള്ള മേൽക്കൂരയിൽ സ്ഥാപിച്ചത്. മൈക്കലാഞ്ചലോയുടെ സൃഷ്ടികൾ സൂക്ഷിച്ചിരിക്കുന്ന 15ാം നൂറ്റാണ്ടിൽ നിർമ്മിതമായ ദേവാലയമാണ് സിസ്റ്റീൻ ചാപ്പൽ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ എവിടെ നിന്നും ദൃശ്യമാകുന്ന രീതിയിലാണ് ചിമ്മിനി സ്ഥാപിച്ചിട്ടുളളത്. കോൺക്ലേവ് ദിവസങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് സ്ക്വയറിലേക്ക് എത്തുക. ഏപ്രിൽ 21നാണ് ഫ്രാൻസിസ് മാർപ്പാപ്പ അന്തരിച്ചത്. 2013 മുതൽ മാർപ്പാപ്പ പദവിയിലുണ്ടായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ ലോകമെമ്പാടും നിലപാടുകൾ കൊണ്ട് പ്രശസ്തനായിരുന്നു.
The Vatican fire brigade has put up the chimney stack, which will announce the election of the new Pope.
The Cardinals will gather in the Sistine Chapel on May 7 to begin the conclave to select the next Pope.
Twice a day, in the morning (except on May 7) and in the evening,… pic.twitter.com/JZMtD3nvjQ
— Vatican News (@VaticanNews) May 2, 2025
നിലവിലെ കർദ്ദിനാൾമാരിൽ 80 ശതമാനത്തോളം പേരെയും നിയമിച്ചത് ഫ്രാൻസീസ് മാർപ്പാപ്പയാണ്. 133 കർദ്ദിനാൾമാരെയാണ് ഫ്രാൻസിസ് മാർപ്പാപ്പ തന്റെ സേവന കാലത്ത് കത്തോലിക്കാ സഭയ്ക്കായി നൽകിയത്. ഇതിന് മുൻപ് നടന്ന രണ്ട് കോൺക്ലേവുകളിലും വോട്ടിംഗിന്ററെ രണ്ടാം ദിനത്തിൽ തന്നെ മാർപ്പാപ്പയെ കണ്ടെത്താൻ ആയിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചടങ്ങുകളാണ് മാർപാപ്പയുടെ തെരഞ്ഞെടുപ്പ്.
പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിന്‍റെ ഒരുക്കങ്ങളുടെ ചുമതല കാമർലെങ്കോയ്ക്കാണ്. മാർപാപ്പ നേരിട്ട് തെരഞ്ഞെടുക്കുന്ന, മാർപാപ്പയോട് ഏറ്റവും അടുപ്പമുള്ള കർദ്ദിനാളാണ്, കാമർലെങ്കോ എന്നറിയപ്പെടുന്നത്. ഇപ്പോഴത്തെ കാമർലെങ്കോ, കർദ്ദിനാൾ കെവിൻ ഫാരലാണ്. ഒരു മാർപാപ്പയുടെ ഭരണം അവസാനിക്കുമ്പോൾ മരണമെങ്കിൽ അത് സ്ഥിരീകരിക്കേണ്ടത് കാമർലെങ്കോയുടെ ചുമതലയാണ്.