ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ ഗ്രൗണ്ടിലുണ്ടായത് രസകരമായ നിമിഷങ്ങള്‍. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ അടിതെറ്റിയ രാജസ്ഥാന് തുടക്കത്തിലെ പ്രതീക്ഷ നഷ്ടമായിരുന്നു.
മത്സരത്തില്‍ രാജസ്ഥാൻ ഇന്നിംഗ്സിലെ ഒമ്പതാം ഓവറിലാണ് കണ്ടം ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ സൂര്യകുമാര്‍ യാദവ് സിക്സ് അടിച്ച പന്ത് തെരയാന്‍ പോയത്. കാണ്‍ ശര്‍മയുടെ പന്തില്‍ ധ്രുവ് ജുറെല്‍ അടിച്ച ഫ്ലാറ്റ് സിക്സ് ചെന്നുവീണത്, സ്റ്റേഡിയത്തിലെ ബൗണ്ടറി റോപ്പിന് സമീപത്തുള്ള പരസ്യഹോര്‍ഡിംഗുകളുടെ ഇടയിലായിരുന്നു. പന്ത് എവിടെയാണ് വീണതെന്ന് കാണാതിരുന്ന സൂര്യകുമാര്‍ സമീപത്തു നിന്നിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം പന്ത് തെരയാന്‍ കൂടിയത് കാണികളിലും ചിരി പടര്‍ത്തി. ഇത് കണ്ടം ക്രിക്കറ്റല്ല ഐപിഎല്ലാണെന്ന് ഓര്‍മവേണമെന്ന് ചിലര്‍ സൂര്യകുമാറിനെ ഓര്‍മിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനിടെ രണ്ടാമത്തെ പന്ത് ഉപയോഗിച്ച് ബൗളര്‍ ബൗളിംഗ് തുടങ്ങാനിരുന്നതോടെ സൂര്യകുമാര്‍ യാദവ് വീണ്ടും ഗ്രൗണ്ടിലെ ഫീല്‍ഡിംഗ് പൊസിഷനിലേക്ക് പോയി. അതസേമയം, തുടര്‍ച്ചയായ ആറാം ജയവുമായി മുംബൈ ഐപിഎല്‍ പ്ലേ ഓഫിന് തൊട്ടടുത്ത് എത്തുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത മുംബൈ രോഹിത് ശര്‍മയുടെയും റിയാന്‍ റിക്കിള്‍ടണിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സടിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് 16.1 ഓവറില്‍ 117 റണ്‍സിന് ഓള്‍ ഔട്ടായി. 27 പന്തില്‍ 30 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറായിരുന്നു രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കാണ്‍ ശര്‍മയും ട്രെന്‍റ് ബോള്‍ട്ടുമാണ് രാജസ്ഥാനെ എറിഞ്ഞിട്ടത്. ജസ്പ്രീത് ബുമ്ര നാലോവറില്‍ 15 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.