വിഴിഞ്ഞത്തെ ചരക്കുനീക്കം തുടങ്ങിയത് ഏഴാം നൂറ്റാണ്ടിൽ; ആയ് രാജവംശ കാലം മുതലുള്ള ചരിത്രമറിയാം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ഒന്നും രണ്ടും പതിറ്റാണ്ടുകളുടെയല്ല, നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ആയ് രാജവംശം മുതൽ തുടങ്ങുന്നു നീണ്ട ആ ചരിത്രം. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പുതിയ കവാടം തുറക്കുമ്പോൾ വിഴിഞ്ഞത്തിന്റെ ആ ചരിത്രമറിയാം.
ആയ് രാജവംശത്തിന്റെ തലസ്ഥാനവും സൈനിക താവളമുമായിരുന്നു വിഴിഞ്ഞം. എഡി ഏഴാം നൂറ്റാണ്ട് മുതൽ തുടങ്ങുന്നു വിഴിഞ്ഞത്തിന്‍റെ ചരക്ക് നീക്കത്തിൻറെ ചരിത്രം. പിന്നെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കച്ചവട കേന്ദ്രമായി. ബ്രിട്ടീഷ് ഭരണ കാലത്ത്, കൊച്ചി പ്രധാന തുറമുഖമായതോടെ വിഴിഞ്ഞത്തിന്‍റെ പ്രതാപത്തിന് കോട്ടം തട്ടി. കൊല്ലങ്ങൾക്കിപ്പുറം വിഴിഞ്ഞത്തിന്റെ അനന്ത സാധ്യതകൾ പഠിക്കാനായി തിരുവിതാംകൂർ ദിവാനായിരുന്നു സർ സിപി ബ്രിട്ടനിൽ നിന്ന് ഒരു എഞ്ചിനീയറെ വരുത്തി. അദ്ദേഹവും മലയാളി എഞ്ചിനീയറായ ജി ഗോവിന്ദമനോനും ചേർന്നാണ് വിഴിഞ്ഞത്തിനായി ആദ്യമായൊരു പഠനം നടത്തുന്നത്.
പഠനം നടക്കുന്നതിനിടെ സർ സിപിക്ക് വെട്ടേറ്റു. അങ്ങനെ വീണ്ടും വിഴിഞ്ഞം തുറമുഖം സ്വപ്നങ്ങളിലൊതുങ്ങി. പദ്ധതിക്ക് പിന്നെ ജീവൻ വയ്ക്കുന്നത് 1991ൽ എം വി രാഘവൻ തുറമുഖ മന്ത്രിയായിരിക്കെയാണ്. 95ൽ ആന്റണി സർക്കാർ, ഹൈദരാബാദിലെ കുമാർ എനർജി കോർപ്പറേഷനുമായി ഒപ്പിട്ടു. പക്ഷെ ഒന്നും നടന്നില്ല. നായനാർ, ഉമ്മൻചാണ്ടി, വിഎസ് സർക്കാരുകളുടെ കാലത്ത് പല കമ്പനികളും താത്പര്യം കാണിച്ചെങ്കിലും എല്ലാം വഴിമുട്ടി. ഒടുവിൽ 2015 ആഗസ്റ്റിൽ ഉമ്മൻചാണ്ടി സർക്കാരും അദാനി ഗ്രൂപ്പും കരാറിൽ ഒപ്പിട്ടു. എതിർപ്പുകൾ മറികടന്ന് 2015 ഡിസംബർ അഞ്ചിന് തുറമുഖ നിർമാണത്തിന് തറകല്ലിട്ടു.
പിന്നെ കണ്ടത് വലിയ രാഷ്ട്രീയ വിവാദങ്ങൾ, നിയമ കുരുക്കുകൾ, സമര പോരാട്ടങ്ങൾ. 6000 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ച പിണറായി വിജയനും അധികാരത്തിലെത്തിയപ്പോൾ വിഴിഞ്ഞത്തിനായി നിലകൊണ്ടു. ഇതിനിടെ പലവട്ടം മത്സ്യതൊഴിലാളികൾ സമരത്തിനിറങ്ങി. 112 ദിവസം നീണ്ടു മത്സ്യതൊഴിലാളികളുടെ ഉപരോധ സമരം.
പ്രതിസന്ധികളെല്ലാം കടന്ന് 2023 ഒക്ടോബറിൽ വിഴിഞ്ഞത്ത് ഒരു കപ്പലടുത്തു. തുറമുഖത്തിലേക്കാവശ്യമായ കൂറ്റൻ ക്രെയ്നുകളുമായി ചൈനീസ് കപ്പൽ ഷെൻഹുവ 15 വിഴിഞ്ഞത്ത്. കപ്പലിന് കേരളത്തിന് നൽകിയത് വരവേൽപ്പ്. പിന്നെ ഒൻപത് മാസം നീണ്ട കാത്തിരിപ്പ്. 2024 ജൂലൈ 11ന് വിഴിഞ്ഞത്ത് ചരിത്രം കുറിച്ച് ആദ്യ ചരക്ക് കപ്പലെത്തി. മെഴ്സ്കിന്റെ സാൻ ഫർണാണ്ടോ എന്ന കൂറ്റൻ കപ്പൽ വിഴിഞ്ഞത്ത് ബർത്ത് ചെയ്തു. തുറമുഖത്ത് ട്രൽ റൺ തുടങ്ങി. ഒന്നാം ദിനം മുതൽ വിഴിഞ്ഞത്ത് നമ്മൾ കണ്ടത് കുതിപ്പ്. ഡിസംബറിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. വിഴിഞ്ഞത്തേക്ക് എത്താൻ കപ്പലുകൾ ക്യൂ നിന്നു.
ഇതുവരെ ആറ് ലക്ഷത്തോളം കണ്ടെയ്നർ നീക്കം. 280ൽ അധികം കപ്പലുകൾ. നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കെ ഇന്ന് ആ തുറമുഖം കമ്മീഷൻ ചെയ്യുകയാണ്. രാജ്യത്തിന് സമർപ്പിക്കുകയാണ്.