തിരുവനന്തപുരം: വിഴിഞ്ഞം കമ്മീഷനിങ്ങിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തെ വിമർശിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. വിഴിഞ്ഞം യഥാർഥ്യമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യം മൂലമാണെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ മുന്നിൽ പറഞ്ഞത്. അത് മുഖ്യമന്ത്രിക്ക് ചരിത്രം അറിയാത്തത് കൊണ്ടല്ല എന്നും ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് പദ്ധതിക്ക് ചിറകു മുളച്ചത്, പദ്ധതിക്കെതിരെ അച്യുതാനന്ദൻ ആണ് അഴിമതി ആരോപണം ഉയർത്തിയത് എന്നും ഹസ്സൻ പ്രതികരിച്ചു.
‘വിഴിഞ്ഞം പദ്ധതിയെ അഴിമതി ആരോപണം കൊണ്ടു തകർക്കുക എന്നതായിരുന്നു സിപിഎം ലക്ഷ്യം. വിജിലൻസ് അന്വേഷണം നടത്തിയിട്ടും തെളിവുണ്ടായില്ല, ജുഡീഷ്യൽ അന്വേഷണം നടത്തിയിട്ടും കാര്യമുണ്ടായില്ല. 9 കൊല്ലം ഒച്ചിഴയും പോലെയാണ് പദ്ധതി നടന്നത്. പിണറായി സർക്കാരിന് ക്രെഡിറ്റ് കൊടുക്കാൻ മടിയില്ല. പക്ഷെ എല്ലാ ക്രെഡിറ്റും പിണറായിക്കെന്ന് പറഞ്ഞാൽ ജനം അംഗീകരിക്കില്ല. പദ്ധതിയുടെ പിതൃത്വം ഉമ്മൻചാണ്ടിക്കാണ്. ഉമ്മൻചാണ്ടിയുടെ കുഞ്ഞിനെ വളർത്തുകയാണ് ഈ സർക്കാർ ചെയ്തത്. വയനാട് സഹായത്തെ കുറിച്ചെങ്കിലും മുഖ്യമന്ത്രി ക്ക് പ്രധാനമന്ത്രിയുടെ മുന്നിൽ ഒരു വാക്ക് പറയാമായിരുന്നു’ എന്നാണ് എംഎം ഹസ്സന്റെ പ്രതികരണം.
Read More:വിഴിഞ്ഞം തുറമുഖ പദ്ധതി; പദ്ധതിയുടെ മാതൃത്വത്തെ കുറിച്ച് ഒരു സംശയവുമില്ലെന്ന് കെ ബാബു