രാഷ്ട്രീയ ഒളിയമ്പുകൾക്ക് വേദിയായി വിഴിഞ്ഞത്തെ ചടങ്ങ്; രാഹുലിനെതിരെ മോദി, ഇടതിൻ്റെ പദ്ധതിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : രാഷ്ട്രീയ ഒളിയമ്പുകളുടെ കൂടി വേദിയായി വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിംഗ് ചടങ്ങ്. ഇന്ത്യ സഖ്യത്തിലെ പലരുടെയും ഉറക്കം കെടുത്തുന്ന ചടങ്ങെന്ന് രാഹുൽ ഗാന്ധിയെ ഉന്നമിട്ട് പ്രധാനമന്ത്രി മോദി പരിഹസിച്ചു. ചെലവിന്റെ ഏറിയ പങ്കും വഹിച്ചത് സംസ്ഥാനമെന്നും ഇടത് സർക്കാരിന്റെ ആശയമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തുറമുഖത്തിന്റെ ശിൽപി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പറഞ്ഞ മന്ത്രി വിഎൻ വാസവൻ കാലം കരുതിവെച്ച കർമയോഗിയെന്നും അദ്ദേഹത്തെ പുകഴ്ത്തി.
വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ആർക്കാണ് എന്ന തർക്കമാണ് തുറമുഖത്തിൻ്റെ കമ്മീഷനിങ് വേദിയിലും നിറഞ്ഞത്. സാധാരണ ഇത്തരം വേദികളിൽ കക്ഷി രാഷ്ട്രീയം പറയാത്ത പ്രധാനമന്ത്രി മോദി ആ പതിവ് വിട്ടാണ് ഇന്ത്യ സഖ്യത്തെയും രാഹുൽ ഗാന്ധിയെയും തന്നെ പരോക്ഷമായി പരിഹസിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യ മുന്നണിയുടെ കരുത്തുള്ള നേതാവാണല്ലോ, ശശി തരൂരും ഈ വേദിയിൽ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും– ഇതായിരുന്നു രാഹുൽ ഗാന്ധിയെ ഉന്നമിട്ട് പ്രധാനമന്ത്രി പറഞ്ഞത്. നർമം കലർന്ന ഈ പ്രയോഗം പരിഭാഷകനെയും കുഴക്കി. പിന്നാലെ വിവർത്തനം തെറ്റി. അത് ട്രോളും രാഷ്ട്രീയ ആരോപണവുമായി മാറി. പരിഭാഷ ഉചിതമായില്ലെന്നും പരിഭാഷകനെ നിശ്ചയിച്ചത് സംസ്ഥാന സർക്കാരെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുടെ ചെലവിന്റെ കണക്ക് നിരത്തി ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം. ചെലവിന്റെ ഭൂരിഭാഗവും വഹിച്ചത് സംസ്ഥാനം ആണെന്ന് പറഞ്ഞ പിണറായി ഇടത് സർക്കാരിന്റെ ആലോചനയാണ് വിഴിഞ്ഞം എന്നും പറഞ്ഞു. ‘അങ്ങനെ നമ്മൾ അതും നേടി, വിഴിഞ്ഞം യാഥാര്‍ഥ്യമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണ്’ എന്നായിരുന്നു പിണറായിയുടെ വാക്കുകൾ. അദാനിയെ പാർട്‌ണർ എന്ന് വിശേഷിപ്പിച്ച് സ്വാഗതം ചെയ്‌തായിരുന്നു തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ പ്രസംഗം. സ്വകാര്യ നിക്ഷേപത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സ്വാഗതം ചെയ്യുന്നതും അദാനിയെ പാർട്‌ണർ എന്ന് വിളിച്ചതും നല്ല കാര്യമെന്ന് മോദി തിരിച്ചടിച്ചു. എന്നാൽ പ്രധാനമന്ത്രിയുടെ പരിഹാസത്തിന് വേദിക്ക് പുറത്ത് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ മറുപടി നൽകി. അദാനിയെ പങ്കാളി എന്ന് വിശേഷിപ്പിച്ചത് വിഴിഞ്ഞം കരാറിന്റെ പേരിലാണെന്നും പിപിപി കരാറിൽ പങ്കാളിയെ തള്ളിപ്പറയാൻ ഇടത് സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനെ അദാനിയുമായി സ്വകാര്യ ചങ്ങാത്തമെന്ന് വിശേഷിപ്പിക്കരുതെന്നും വാസവൻ പറഞ്ഞു.