മുഖം മാത്രമല്ല അകവും മിനുക്കി എയര്‍ ഇന്ത്യ; പകുതിയിലധികം വിമാനങ്ങളും നവീകരിച്ച് ടാറ്റ

ടാറ്റ ഏറ്റെടുത്ത ശേഷം എയര്‍ഇന്ത്യ വിമാനങ്ങളുടെ മുഖച്ഛായ മാറ്റിക്കൊണ്ടിരിക്കുകയാണ്. പുതിയ നിറവും, ലോഗോയും കൊണ്ടുവരുക മാത്രമല്ല ഇപ്പോള്‍ വിമാനങ്ങളുടെ അകത്തളങ്ങളും പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്‌ ടാറ്റ . ഇതുവരെ എയര്‍ ഇന്ത്യയുടെ 50% ത്തിലധികം വിമാനങ്ങളിലെ  ക്യാബിന്‍ ഇന്‍റീരിയറുകള്‍ ഇത്തരത്തില്‍ പരിഷ്കരിച്ചതായി ടാറ്റ അറിയിച്ചു. 400 ദശലക്ഷം ഡോളറിന്‍റെ നവീകരണ പരിപാടിയുടെ ഭാഗമായാണ് ഈ അകം മിനുക്കല്‍. പുതിയ പരവതാനികള്‍, കര്‍ട്ടനുകള്‍, ടോയ്ലറ്റുകള്‍, പുതുക്കിയ എയര്‍ ഇന്ത്യ ബ്രാന്‍ഡിംഗില്‍ പുതിയ പെയിന്‍റ് എന്നിവയാണ് നവീകരണങ്ങളില്‍ പ്രധാനം. പുതിയ സീറ്റുകള്‍ സ്ഥാപിക്കല്‍ ,  ബിസിനസ് ക്ലാസ് ഏര്‍പ്പെടുത്തല്‍, ഇന്ത്യയിലെ ആദ്യത്തെ പ്രീമിയം ഇക്കണോമി ക്ലാസ്, മെച്ചപ്പെടുത്തിയ ഇക്കണോമി ക്ലാസ് എന്നിവയാണ് വിമാനങ്ങളിലെ അകത്തളങ്ങളിലെ മറ്റ് മാറ്റങ്ങള്‍.

ടാറ്റയുടെ പഞ്ചവത്സര പദ്ധതി

ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയര്‍ലൈനില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് നടപ്പാക്കേണ്ട പരിവര്‍ത്തനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അകത്തളങ്ങളിലെ ഈ നവീകരണം ഈ പരിവര്‍ത്തന പദ്ധതിയില്‍ പ്രധാനമാണ്. വിമാനങ്ങളുടെ നവീകരണത്തെ എയര്‍ലൈനിന്‍റെ ‘ഒന്നാം മുന്‍ഗണന’ എന്നാണ്  എയര്‍ ഇന്ത്യ സിഇഒയും എംഡിയുമായ കാംബെല്‍ വില്‍സണ്‍  വിശേഷിപ്പിക്കുന്നത്. . ബോയിംഗ് 777 ഉം 787 ഉം ഉള്‍പ്പെടെ എല്ലാ ലെഗസി വൈഡ്-ബോഡി വിമാനങ്ങളും 2027 ന്‍റെ ആരംഭം അല്ലെങ്കില്‍ മധ്യത്തോടെ പൂര്‍ണ്ണമായും നവീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം മൂന്നാം പാദത്തോടെ എയര്‍ ഇന്ത്യ തങ്ങളുടെ 27 എ320 നിയോ വിമാനങ്ങളും നവീകരിക്കുന്നത് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ആദ്യത്തെ നവീകരിച്ച എ320 നിയോ ഇതിനകം സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം വിസ്താര കൂടി ലയിച്ചതോടെ ആ വിമാനങ്ങളുടെ പുനര്‍നിര്‍മ്മാണവും പുതുക്കിപ്പണിയലും പുരോഗമിക്കുകയാണ്. ഇതിന് 18 മാസം കൂടി എടുക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

By admin