മാഹിയിൽ നിന്ന് മദ്യം വാങ്ങി ട്രെയിനിൽ കൊണ്ടുവരും; സ്കൂട്ടറിൽ കയറ്റി യുവാക്കൾക്കിടയിൽ വിൽപന, ഒരാൾ പിടിയിൽ

കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 19.75 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി. മദ്യം കടത്തിക്കൊണ്ട് വന്ന പാപ്പിനിശ്ശേരി സ്വദേശി ബഷീർ എസ്.വി(51) എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. മാഹിയിൽ നിന്നും മദ്യം ട്രെയിൻ മാർഗ്ഗം എത്തിച്ച് വിവിധ ഭാഗങ്ങളില്‍ ഉള്ള യുവാക്കൾക്ക് കച്ചവടം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.

പാപ്പിനിശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി സന്തോഷ് കുമാറും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ദിലീപ് സി.വി, സർവ്വജ്ഞൻ എം.പി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ ശ്രീകുമാർ വി.പി, പങ്കജാഷൻ സി, രജിരാഗ് പി.പി, വനിത സിവിൽ എക്‌സൈസ് ഓഫീസർ ജിഷ.പി എന്നിവരും പങ്കെടുത്തു.

മറ്റൊരു സംഭവത്തിൽ തിരുവനന്തപുരത്ത് ഡ്രൈ ഡേയിൽ വിൽക്കാനായി സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തു.  ഡ്രൈ ഡേയോടനുബന്ധിച്ച് നടന്ന പരിശോധനകളിൽ തിരുവനന്തപുരം ഐരാണിമുട്ടത്ത് നിന്നാണ് അനധികൃതമായ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യശേഖരം കണ്ടെത്തിയത്. പ്രാദോഷ് കുമാർ (46) എന്നയാളാണ് മദ്യവുമായി എക്സൈസിന്റെ പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin