ബാബര്‍ അസം ഉള്‍പ്പെടെയുള്ള പാക് താരങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു

മുംബൈ: ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ അഭ്യര്‍ത്ഥന പ്രകാരമാണ് തീരുമാനം. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ 28 പേര്‍ മരിച്ചിരുന്നു. നാല് പേര്‍ ചേര്‍ന്നാണ് ഭീകരാക്രമണം നടത്തിയത്.

ബാബര്‍, ഷഹീന്‍, റിസ്വാന്‍ എന്നിവര്‍ നിലവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നുണ്ട്. മൂവര്‍ക്കും അത്യാവശ്യം ഫോളോവേഴ്‌സുമുണ്ട്. ഇന്ത്യയില്‍ ഗണ്യമായ ഫോളോവേഴ്സുള്ള പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തത്.

പാരീസ് ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ അര്‍ഷാദ് നദീമിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും നേരത്തെ ബ്ലോക്ക് ചെയ്തിരുന്നു. അതിന് മുമ്പ് നീരജ് ചോപ്ര മെയ് 24ന് ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന ഉദ്ഘാടന എന്‍സി ക്ലാസിക് ജാവലിന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ നദീമിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള പരിശീലനവുമായി ഇത് ബന്ധപ്പെട്ടേക്കാമെന്നതിനാല്‍ തനിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് നദീം പിന്മാറി. 

ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരെ തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ഷോയിബ് അക്തര്‍, ബാസിത് അലി, ഷാഹിദ് അഫ്രീദി തുടങ്ങിയ പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ യൂട്യൂബ് ചാനലുകള്‍ക്കും ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തി.

By admin