ഭയത്തോടെയാണ് കേൾക്കുന്നതെങ്കിലും പ്രേത കഥകൾ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. കുട്ടിക്കാലത്ത് കാടുകൾ കേന്ദ്രീകരിച്ചുള്ള നിരവധി കഥകൾ നിങ്ങൾ കേട്ടുണ്ടാകും. എന്നാൽ അത്തരത്തിലൊരു പ്രേത വനത്തിലേക്ക് ഒരു യാത്രപോയാലോ? പ്രേതങ്ങൾ ഭരിക്കുന്ന ഹൊയ്യ ബിസിയു എന്ന ഒരു കാടുണ്ട്. റൊമാനിയയിലെ ട്രാൻസിൽവാനിയയ്ക്കടുത്തുള്ള ക്ലൂഷ് – നാപോക്ക നഗരത്തിന് അടുത്ത് നിലകൊള്ളുന്ന ഒരു കാടാണിത്. സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങൾക്ക് ഈ കാട്ടിലേക്ക് ധൈര്യമായി പോകാം.
വിശ്വസിക്കാനാകാത്ത നിരവധി സംഭവങ്ങളെ തുടർന്നാണ് ബിസിയു കാടുകൾ ശ്രദ്ധ നേടിയത്. പ്രേതാന്വേഷികളും ശാസ്ത്രജ്ഞരും സാഹസികത ഇഷ്ടപ്പെടുന്നവരുമെല്ലാം ഇപ്പോഴും പരിശോധിക്കുകയാണ് ഈ വനത്തേയും ഇവിടുത്തെ ദുരൂഹതയെയും. കാടിനേയും പേരിനേയും ചുറ്റിപ്പറ്റി നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. അതിൽ ഒന്നാണ് ഒരു ആട്ടിടയന്റെ കഥ. വർഷങ്ങൾക്ക് മുമ്പ് തന്റെ ആടുകളുമായി ഒരു ഇടയൻ റൊമാനിയയിലെ ഈ കാട്ടിലേക്ക് എത്തി. അദ്ദേഹത്തെ പിന്നീട് ആരും കണ്ടിട്ടില്ല. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന 200ൽ ഏറെ ആടുകളേയും കാണാതായി. ഈ കഥയിലെ ആട്ടിടയന്റെ പേരിലാണ് കാട് അറിയപ്പെടുന്നത്. ഹൊയ്യ ബിസിയു.
1968 ഓഗസ്റ്റ് 18ന് എമിൽ ബാർണിയ എന്ന മിലിറ്ററി ടെക്‌നീഷ്യൻ ഇവിടെ നിന്നൊരു ചിത്രം പകർത്തി. ഒരു പറക്കും തളിക ആയിരുന്നു അത്. അതോടെ ഈ കാടുകൾ ലോകപ്രസിദ്ധമായി. രാത്രിയിൽ അജ്ഞാതരുടെ നിലവിളി ശബ്ദം കേൾക്കാമെന്നും പ്രകാശഗോളങ്ങൾ കാണാമെന്നുമെല്ലാം പ്രദേശവാസികൾ പറയുന്നു. ഈ കഥകൾ കേട്ട് ധൈര്യം തെളിയിക്കാൻ ആഗ്രഹിക്കുന്നവരും ഗവേഷകരും സഞ്ചാരികളും എല്ലാം ഇവിടേക്ക് എത്താറുണ്ട്. പലർക്കും പല അനുഭവങ്ങളാണ് ഹൊയ്യ ബിസിയു കാട് സമ്മാനിക്കുന്നത്. എന്നാൽ ഈ കഥകളെല്ലാം വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള അടവാണെന്നാണ് ചിലരുടെ വാദം. അസാധാരണമായ കാന്തിക പ്രഭാവങ്ങളും മറ്റും ഈ കാട്ടിലുണ്ട്. അതിനാലാണ് ഇങ്ങനെയെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
ഹൊയ്യ ബിസിയു കാടിന്റെ നടുക്കായി ഒരു പുൽപ്രദേശമുണ്ട്. എല്ലാ നിഗുഢതകളുടേയും ആവാസ കേന്ദ്രം ഇവിടെയാണെന്നാണ് വിശ്വാസം. ഈ പുൽമേടുകളെ ലക്ഷ്യമാക്കി സാഹസികത ഇഷ്ടപ്പെടുന്ന നിരവധി ടൂറിസ്റ്റുകൾ എത്താറുണ്ട്. ഇവിടെ അസാധാരണമാം വിധം വളർന്ന മരങ്ങളൊക്കെ കാണാൻ സാധിക്കും. ട്രാവൽ ചാനലിന്റെ ഗോസ്റ്റ് അഡ്വഞ്ചേഴ്‌സ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി ഈ കാട് ചിത്രീകരിച്ചിരുന്നു. എന്നാൽ ഇവയുടെ ശാസ്ത്രീയ വിശദീകരണം മാത്രം ഇന്നും ആർക്കും നൽകാനായിട്ടില്ല.