പവര്‍ പ്ലേയിൽ ട്രാവിസ് ഹെഡ് പുറത്ത്; സൺറൈസേഴ്സിന് ഭേദപ്പെട്ട തുടക്കം

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കം. 225 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച സൺറൈസേഴ്സ് പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് എന്ന നിലയിലാണ്. അഭിഷേക് ശര്‍മ്മയും (28) ഇഷാൻ കിഷനു(3)മാണ് ക്രീസിൽ. ട്രാവിസ് ഹെഡിന്‍റെ വിക്കറ്റാണ് സൺറൈസേഴ്സിന് നഷ്ടമായത്.  

മുഹമ്മദ് സിറാജാണ് ഗുജറാത്തിന് വേണ്ടി ബൗളിംഗ് ആക്രമണത്തിന് തുടക്കമിട്ടത്. എന്നാൽ, സിറാജിനെ കടന്നാക്രമിക്കാനായിരുന്നു ഹെഡിന്‍റെയും അഭിഷേകിന്‍റെയും പദ്ധതി. രണ്ടാം പന്തിൽ തന്നെ റൺ ചേസിലെ ആദ്യ സിക്സര്‍ പിറന്നു. ലോംഗ് ഓഫിന് മുകളിലൂടെ അഭിഷേകിന്‍റെ തകര്‍പ്പൻ ഷോട്ട്. ട്രാവിസ് ഹെഡ് ബൗണ്ടറി കൂടി കണ്ടെത്തിയതോടെ ആദ്യ ഓവറിൽ 15 റൺസ് പിറന്നു. ഇഷാന്ത് ശര്‍മ്മ എറിഞ്ഞ രണ്ടാം ഓവറിന്‍റെ അവസാന പന്തിൽ അഭിഷേക് വീണ്ടും സിക്സര്‍ നേടി. സിറാജ് എത്തിയ മൂന്നാം ഓവറിൽ ഒരു ബൗണ്ടറി സഹിതം 8 റൺസ് പിറന്നതോടെ സൺറൈസേഴ്സിന്‍റെ സ്കോര്‍ 3 ഓവറിൽ 33 റൺസ്. 

നാലാം ഓവറിൽ ഇഷാന്ത് ശര്‍മ്മയ്ക്ക് എതിരെയും ഓപ്പണര്‍മാരുടെ ആക്രമണം തുടര്‍ന്നു. ഹെഡ് ഒരു ബൗണ്ടറിയും അഭിഷേക് ഒരു സിക്സറും പറത്തിയതോടെ 12 റൺസാണ് ഇഷാന്ത് വഴങ്ങിയത്. 5-ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയെ പന്തേൽപ്പിച്ച ഗുജറാത്ത് നായകൻ ശുഭ്മാന്‍ ഗില്ലിന്‍റെ തന്ത്രം ഫലിച്ചു. രണ്ടാം പന്തിൽ ഹെഡ് ബൗണ്ടറി നേടി. എന്നാൽ, മൂന്നാം പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച ഹെഡിനെ ബൗണ്ടറി ലൈനിൽ തകര്‍പ്പൻ ക്യാച്ചിലൂടെ ആവേശ് ഖാൻ പുറത്താക്കി. 16 പന്തിൽ 20 റൺസ് നേടിയാണ് ഹെഡ് മടങ്ങിയത്. 6-ാം ഓവറിൽ സിറാജിനെതിരെ 7 റൺസ് മാത്രമേ സൺറൈസേഴ്സ് ബാറ്റര്‍മാര്‍ക്ക് നേടാനായുള്ളൂ. 

By admin