പര്‍പ്പിള്‍ ക്യാപ്പ്: ട്രന്റ് ബോള്‍ട്ട് മൂന്നാം സ്ഥാനത്ത്! ഹേസല്‍വുഡിനും പ്രസിദ്ധിനും വെല്ലുവിളി
ജയ്പൂര്‍: ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ്പിനുള്ള പോരില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി മുംബൈ ഇന്ത്യന്‍സ് പേസര്‍ ട്രന്റ് ബൗള്‍ട്ട്. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയതോടെയാണ് ബോള്‍ട്ട് മൂന്നാമതെത്തിയത്. 11 മത്സരങ്ങളില്‍ 16 വിക്കറ്റാണ് ബോള്‍ട്ട് വീഴ്ത്തിയത്. ഒരു തവണ നാല് വിക്കറ്റും സ്വന്തമാക്കി. ഇന്നലെ രാജസ്ഥാനെതിരെ നാല് ഓവര്‍ എറിഞ്ഞ 2.1 ഓവള്‍ എറിഞ്ഞ ബോള്‍ട്ട് 28 റണ്‍സ് വിട്ടുകൊടുത്തിരുന്നു.
അതേസമയം, ആര്‍സിബി പേസര്‍ ജോഷ് ഹേസല്‍വുഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹേസല്‍വുഡ് 18 വിക്കറ്റുകള്‍ സ്വന്തമാക്കി. ഒരു തവണ നാല് വിക്കറ്റും നേടി. ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രസിദ്ധ് കൃഷ്ണയാണ് രണ്ടാം സ്ഥാനത്ത്. ഒമ്പത് മത്സരങ്ങളില്‍ 17 വിക്കറ്റാണ് പ്രസിദ്ധ് നേടിയത്. ഇന്ന് ഗുജറാത്ത്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുന്നുണ്ട്. രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ പ്രസിദ്ധിന്, ഹേസല്‍വുഡിനെ മറികടന്ന് ഒന്നാമതെത്താം.ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നൂര്‍ അഹമ്മദ് നാലാം സ്ഥാനത്ത്.
10 മത്സരങ്ങളില്‍ 15 വിക്കറ്റാണ് നൂര്‍ വീഴ്ത്തിയത്. 14 വിക്കറ്റ് വീതം വീഴ്ത്തിയ ഖലീല്‍ അഹമ്മദ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. ഖലീല്‍ ചെന്നൈക്കും സ്റ്റാര്‍ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയമാണ് കളിക്കുന്നത്. 13 വിക്കറ്റ് വീതം വീഴ്ത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വരുണ്‍ ചക്രവര്‍ത്തി, പഞ്ചാബിന്റെ അര്‍ഷ്ദീപ് സിംഗ്, ആര്‍സിബുയുടെ ക്രുനാല്‍ പാണ്ഡ്യ, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു താരങ്ങള്‍.
റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ്. ഇന്നലെ നടന്ന മത്സരത്തില്ര്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 23 പന്തില്‍ 48 റണ്‍സുമായി പുറത്താകാതെ നിന്ന് സൂര്യകുമാര്‍ യാദവ് 11 മത്സരങ്ങളില്‍ നിന്ന് 475 റണ്‍സുമായാണ് ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശനില്‍ നിന്ന് ഓറഞ്ച് ക്യാപ് തിരികെ പിടിച്ചത്. രോഹിത് ശര്‍മ്മയാണ് സൂര്യകുമാറിന് ഓറഞ്ച് ക്യാപ് സമ്മാനിച്ചത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 456 റണ്‍സ് നേടിയ ഗുജറാത്തിന്റെ സായ് സുദര്‍ശന്‍ തൊട്ടുപിന്നിലുണ്ട്.
ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാനിറങ്ങുമ്പോള്‍ സൂര്യകുമാറില്‍ നിന്ന് ഓറഞ്ച് ക്യാപ് തിരികെ സ്വന്തമാക്കാന്‍ സായ് സുദര്‍ശനും അവസരമുണ്ട്. ഇന്നലെ രാജസ്ഥാനെതിരെ 48 റണ്‍സുമായി പുറത്താകാതെ നിന്നതോടെ ഐപിഎല്ലില്‍ തുടര്‍ച്ചയായ പതിനൊന്നാം മത്സരത്തിലും 25ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സൂര്യ സ്വന്തമാക്കി. തുടര്‍ച്ചയായി പത്ത് മത്സരങ്ങളില്‍ 25 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത റോബിന്‍ ഉത്തപ്പയുടെ പതിനൊന്ന് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് സൂര്യകുമാര്‍ തകര്‍ത്തത്.