തൃശൂരിൽ ജോലി ചെയ്യുന്ന ഭാര്യക്ക് വീഡിയോ കോൾ, കസേര തെന്നി കയര്‍ കുരുങ്ങി; യുവാവിന്‍റെ മരണം അബദ്ധത്തിലെന്ന് സൂചന

കോഴിക്കോട്: ഭാര്യയെ വീഡിയോ കോള്‍ ചെയ്തതിന് പിന്നലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുടുങ്ങിയത് മൂലമെന്ന് സൂചന. വടകര ചോറോട് സ്വദേശി കാര്‍ത്തികയില്‍ ബിജില്‍ ശ്രീധര്‍(42) ആണ് മരിച്ചത്. തൃശ്ശൂരില്‍ ജോലി ചെയ്യുന്ന ഭാര്യ നിമ്മിയെ വീഡിയോ കോള്‍ ചെയ്ത ശേഷം ബിജില്‍ ആത്മഹത്യ ചെയ്തു എന്ന തരത്തിലായിരുന്നു ആദ്യഘട്ടത്തിലുള്ള വാര്‍ത്തകള്‍. എന്നാല്‍ സൗന്ദര്യ പിണക്കത്തിലുള്ള നിമ്മിയെ ഭയപ്പെടുത്താനായി ആത്മഹത്യാ ശ്രമത്തിന്റെ ദൃശ്യം കാണിക്കുന്നതിനിടയില്‍ ബിജില്‍ കയറി നിന്ന കസേര തെന്നിപ്പോയതാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇന്നലെ വൈകീട്ട് 5.4 ഓടെയാണ് നിമ്മിയെ വീഡിയോ കോള്‍ ചെയ്ത ബിജില്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് വീടിന് മുകള്‍ നിലയിലെ ഇരുമ്പ് പൈപ്പില്‍ കെട്ടിത്തൂങ്ങുന്നതായി കാണിച്ചത്. ഭര്‍ത്താവ് ഇത്തരത്തില്‍ തന്നെ വിളിച്ച കാര്യം നിമ്മി ഉടന്‍ തന്നെ ബന്ധുക്കളെ വിളിച്ചറിയിക്കുകയും ചെയ്തു. ഇവിടെയെത്തിയ അമ്മാവനും മറ്റുള്ളവരും മുകള്‍ നിലയില്‍ എത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന ബിജിലിനെയാണ്. ഉടന്‍ തന്നെ കെട്ടറുത്ത് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജില്‍ കയറി നിന്ന കേസരയുടെ അടിഭാഗത്ത് വെള്ളമുണ്ടായിരുന്നുവെന്നും കസേര തെന്നിപ്പോയതാകാം അപകടത്തിന് ഇടയാക്കിയതെന്നും ബന്ധുക്കള്‍ സൂചിപ്പിച്ചു.

അപകടത്തിന് തൊട്ട് മുന്‍പ് വരെയും മകളോടൊപ്പം ബിജില്‍ ചോറോടെ തട്ടുകടയില്‍ പോയിരുന്നു. അമ്മയ്ക്കും മകള്‍ക്കും ഇവിടെ നിന്ന് ഭക്ഷണം വാങ്ങിയാണ് മടങ്ങിയത്. വൃക്ക രോഗിയായ അമ്മ രാധികയെ ഒന്നിടവിട്ട ദിവസങ്ങളില്‍ വടകരയിലെ ആശുപത്രിയില്‍ തന്റെ ഓട്ടോയില്‍ തന്നെ കൊണ്ടുപോയിരുന്ന അദ്ദേഹത്തിന് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അനുഭവപ്പെട്ടിട്ടില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സംഭവത്തില്‍ വടകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. എരഞ്ഞോളി മീത്തല്‍ കാര്‍ത്തിക വീട്ടില്‍ പരേതനായ ശ്രീധരന്റെയും രാധികയുടെയും മകനാണ് ബിജില്‍. മകള്‍: രുദ്ര. വടകര ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബിജിലിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056

By admin