തുടർച്ചയായ ആറാം ജയം, മുംബൈ നമ്പർ വണ്‍; പ്ലേ ഓഫിലെത്താതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി രാജസ്ഥാന്‍

ജയ്‌പൂര്‍: ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം ജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിന് തൊട്ടരികെയെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 100 റണ്‍സിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കിയതോടെ നെറ്റ് റണ്‍റേറ്റില്‍ വമ്പന്‍ കുതിപ്പ് നടത്തിയ മുംബൈ 14 പോയന്‍റുമായിറോയല്‍ ചല‍ഞ്ചേഴ്സ് ബെംഗളൂരുവിനെ പിന്തള്ളി  പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തിയത്. ശേഷിക്കുന്ന മൂന്ന് കളികളില്‍ ഒരു ജയം കൂടി നേടിയാല്‍ മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവും. എന്നാല്‍ രണ്ടു മൂന്നും നാലും സ്ഥാനത്തുള്ള ടീമുകളെക്കാള്‍ ഒരു മത്സരം അധികം കളിച്ചതിനാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് മുംബൈക്ക് ഇപ്പോഴും ഉറപ്പിക്കാറായിട്ടില്ല.

ഒന്നാം സ്ഥാനത്തുള്ള മുംബൈ 11 കളികളില്‍ 14 പോയന്‍റുമായി ഒന്നാമതെത്തിയപ്പോൾ ഒരു മത്സരം കുറച്ചു കളിച്ച ആര്‍സിബിക്കും 14 പോയന്‍റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍ റേറ്റില്‍ മുംബൈ(+1.274) ആര്‍സിബിയെക്കാള്‍(+0.521) ബഹുദൂരം മുന്നിലാണ്. 10 മത്സരങ്ങളില്‍ 13 പോയന്‍റുള്ള പഞ്ചാബ് കിംഗ്സാണ് മൂന്നാം സ്ഥാനത്ത്. ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്ന ഗുജറാത്ത് ടൈറ്റന്‍സ് ഒമ്പത് കളികളില്‍ 12 പോയന്‍റുമായി നാലാം സ്ഥാനത്തുണ്ട്.

കോലിയുടെ വലിയ പിഴവിനുനേരെ കണ്ണടച്ചു, ആര്‍സിബിയെ ജയിപ്പിച്ചത് അക്സര്‍ പട്ടേലിന്‍റെ മണ്ടത്തരമെന്ന് ആരാധകര്‍

ഇന്ന് ഹൈദരാബാദിനെ കീഴടക്കിയാല്‍ 14 പോയന്‍റാവുമെങ്കിലും വമ്പന്‍ ജയം നേടിയില്ലെങ്കില്‍ ഗുജറാത്തിന് നെറ്റ് റണ്‍ റേറ്റില്‍ മുംബൈയെ മറികടന്ന് ഒന്നാമതെത്താനാവില്ല.അതേസമയം മുംബൈയെക്കാള്‍ രണ്ട് മത്സരം കുറച്ച് കളിച്ചതിന്‍റെ ആനുകൂല്യം ഗുജറാത്തിനുണ്ട്. 10 മത്സരങ്ങളില്‍ 12 പോയന്‍റുമായി ഡ‍ല്‍ഹി ക്യാപിറ്റല്‍സും 10 കളികളില്‍ 10 പോയന്‍റുള്ള ലക്നൗ സൂപ്പര്‍ ജയന്‍റ്സും 10 കളികളില്‍ ഒമ്പത് പോയന്‍റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും ഇപ്പോഴും പ്ലേ ഓഫ് സാധ്യത അവശേഷിക്കന്നുണ്ട്.

ഇന്നലെ മുംബൈക്കെതിരെ കനത്ത തോല്‍വി വഴങ്ങിയതോടെ ചെന്നൈ സൂപ്പ‍ർ കിംഗ്സിന് പിന്നാലെ ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി രാജസ്ഥാന്‍ റോയല്‍സ്. മുംബൈക്കെതിരെ കനത്ത തോല്‍വി വഴങ്ങിയിട്ടും പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. നെറ്റ് റണ്‍റേറ്റിന്‍റെ ആനുകൂല്യത്തിലാണ് രാജസ്ഥാന്‍(-0.780) ഒമ്പതാം സ്ഥാനത്തുള്ള ഹൈദരാബാദിന്(-1.103) മുന്നിലെത്തിയത്.

11 കളികളില്‍ മൂന്ന് ജയം മാത്രം നേടിയ രാജസ്ഥാന് നിലവില്‍ ആറ് പോയന്‍റ് മാത്രമാണുള്ളത്. ശേഷിക്കുന്ന മൂന്ന് കളികളും ജയിച്ചാലും രാജസ്ഥാന് പരമാവധി 12 പോയന്‍റ് മാത്രമെ നേടാനാവു. പോയന്‍റ് പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്തുള്ള ഗുജറാത്തിന് അ‍ഞ്ച് മത്സരങ്ങൾ ബാക്കിയിരിക്കെ 12 പോയന്‍റുണ്ട്. ഇതോടെയാണ് രാജസ്ഥാന്‍ പ്ലേ ഓഫിലെത്താതെ പുറത്തായത്. 10 കളികളില്‍ രണ്ട് ജയം മാത്രം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നാലു പോയന്‍റുമായി നേരത്തെ പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin