‘ട്രൈ ചെയ്ത് നോക്കട്ടമ്മ, ശരിയായില്ലേൽ ജോലിക്ക് കേറാം’; കുഞ്ഞാറ്റ സിനിമയിലേക്കെന്ന് ഉർവശി

ലയാളത്തിന്റെ പ്രിയ താരമാണ് ഉർവശി. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ എന്നും ഓർത്തുവയ്ക്കാനായി ഒട്ടനവധി കഥാപാത്രങ്ങളാണ് താരം തന്നതും നൽകി കൊണ്ടിരിക്കുന്നതും. ഏത് കഥാപാത്രമായാലും അതാവശ്യപ്പെടുന്നത്ര പൂർണത നൽകി കയ്യടി നേടുന്ന ഉർവശിയെ ‘ദ റിയൽ സൂപ്പർ സ്റ്റാർ’ എന്നാണ് ആരാധകർ വിളിക്കാറുള്ളത്. ആ താരത്തിന്റെ മകൾ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി ഇനി സിനിമയിലേക്ക് എത്തുകയാണ്. 

ഉർവശി തന്നെയാണ് കുഞ്ഞാറ്റ സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുന്നുവെന്ന് അറിയിച്ചത്. “ഒരുപാട് ഓഫറുകൾ വരുന്നുണ്ട്. മിക്കവാറും ഈ വർഷം തന്നെ ഉണ്ടാകും. അത് മലയാള സിനിമയും ആയിരിക്കും. പഠിത്തം കഴിഞ്ഞു. അത്യാവശ്യം ജോലി ചെയ്തു. എന്നിട്ടാണ് ഞാൻ ഒരു വർഷം ട്രൈ ചെയ്ത് നോക്കട്ടമ്മ ശരിയാവുന്നില്ലെങ്കിൽ ഞാൻ വീണ്ടും ജോലിക്ക് കയറിക്കോളാം എന്നാണ് അവൾ പറഞ്ഞത്”, എന്നാണ് മാധ്യമങ്ങളോടായി ഉർവശി പറഞ്ഞത്. നേരത്തെ ഒരഭിമുഖത്തിൽ കുഞ്ഞാറ്റ സിനിമയിലേക്ക് വരുന്നുണ്ടെന്ന് മനോജ് കെ ജയനും പറഞ്ഞിരുന്നു. 

മനോജ് കെ ജയന്‍റെയും ഉര്‍വശിയുടെ മകളാണ് തേജ. 2000ത്തിൽ ആയിരുന്നു ഇവരുടെ വിവാഹം. പിന്നീട് 2008ൽ ഇരുവരും വേർപിരിയുകയും ചെയ്തു. 2011ൽ മനോജ് കെ ജയനും ആശയും തമ്മിൽ വിവാഹിതരായി. 2013ൽ ശിവപ്രസാദുമായി ഉർവശിയും വിവാഹം കഴിഞ്ഞു. വേർപിരിഞ്ഞുവെങ്കിലും മകളുടെ കാര്യത്തിൽ ഇരുവരും ചേർന്നാണ് തീരുമാനമെടുക്കുന്നത്. ഇരുവീടുകളിലും മാറി മാറി കുഞ്ഞാറ്റ താമസിക്കാറുമുണ്ട്. 

By admin