ജോസ് ദി ബോസ്; ഐപിഎല്ലില്‍ റെക്കോര്‍ഡോടെ 4000 റണ്‍സ് തികച്ച് ബട്‌ലര്‍, രാജസ്ഥാന്‍ റോയല്‍സിന്‍റെ നഷ്ടം

അഹമ്മദാബാദ്: ഐപിഎല്ലില്‍ 4000 റണ്‍സ് ക്ലബില്‍ അംഗത്വം നേടി ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റര്‍ ജോസ്‌ ബട്‌ലര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ ടൈറ്റന്‍സ് ഇന്നിംഗ്‌സിലെ 9-ാം ഓവറിലെ നാലാം പന്തില്‍ സീഷാന്‍ അന്‍സാരിക്കെതിരെ സിംഗിള്‍ നേടിയാണ് ബട്‌ലര്‍ 4000 റണ്‍സ് തികച്ചത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് പുറമെ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കായും ജോസ് ബട്‌ലര്‍ കളിച്ചിട്ടുണ്ട്. 

കരിയറിലെ 116-ാം ഐപിഎല്‍ ഇന്നിംഗ്‌സിലാണ് ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജോസ് ബട്‌ലര്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ എലൈറ്റ് പട്ടികയില്‍ ഇടംപിടിച്ചത്. ഇത്രയും ഇന്നിംഗ്‌സുകളില്‍ നിന്ന് 150 പ്രഹരശേഷിയില്‍ ഏഴ് സെ‌ഞ്ചുറികളും 23 അര്‍ധസെഞ്ചുറികളും സഹിതമാണ് ബട്‌ലറുടെ റണ്‍വേട്ട. ഏറ്റവും കുറവ് പന്തുകളില്‍ 4000 ഐപിഎല്‍ റണ്‍സ് തികച്ച താരങ്ങളില്‍ ബട്‌ലര്‍ മൂന്നാംസ്ഥാനത്തുണ്ട്. ക്രിസ് ഗെയ്‌ല്‍ (2653 പന്തുകള്‍), എ ബി ഡിവില്ലിയേഴ്സ് (2658), ജോസ് ബട്‌ലര്‍ (2677) എന്നിങ്ങനെയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്ന താരങ്ങളുടെ കണക്കുകള്‍. രണ്ട് ഇതിഹാസ താരങ്ങളോട് തൊട്ടടുത്ത് നില്‍ക്കുന്നതാണ് ജോസ് ബട്‌ലറുടെ കണക്കുകളെന്ന് ഇതില്‍ നിന്ന് വ്യക്തം. 

ഐപിഎല്‍ പതിനെട്ടാം സീസണിന് മുന്നോടിയായുള്ള മെഗാതാരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടുകളഞ്ഞ സൂപ്പര്‍ താരമാണ് ജോസ് ബട്‌ലര്‍. ബട്‌ലറെ നിലനിര്‍ത്താതിരുന്ന റോയല്‍സിന് ലേലത്തിലും താരത്തെ സ്വന്തമാക്കാനായില്ല. 2016ലാണ് ബട്‌ലര്‍ ഐപിഎല്ലിലേക്ക് വന്നത്. 2016, 2017 സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനായി ഓപ്പണറുടെ റോളിലും മധ്യനിരയിലും മാറിമാറി കളിച്ച ജോസ്‌ ബട്‌ലര്‍ 2018ല്‍ രാജസ്ഥാന്‍ റോയല്‍സിലെത്തി. റോയല്‍സില്‍ 2024 വരെ മികച്ച പ്രകടനം നടത്തിയിട്ടും മെഗാതാരലേലത്തിന് മുമ്പ് ടീം ബട്‌ലറെ  നിലനിര്‍ത്തിയില്ല. ഇതോടെയാണ് താരലേലത്തില്‍ ജോസ് ബട്‌ലറെ വാശിയേറിയ വിളിക്കൊടുവില്‍ 15.75 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. 

രാജസ്ഥാന്‍ റോയല്‍സിനായി ജോസ് ബട്‌ലര്‍ 82 ഇന്നിംഗ്‌സുകളില്‍ 3055 റണ്‍സ് നേടിയിട്ടുണ്ട്. ബട്‌ലറുടെ ഏഴ് ശതകങ്ങളും റോയല്‍സ് കുപ്പായത്തിലായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് കൈവിട്ട ശേഷം ഈ സീസണില്‍ ബട്‌ലര്‍ക്ക് ഗുജറാത്ത് ടൈറ്റന്‍സ് കുപ്പായത്തില്‍ 400ലേറെ റണ്‍സായി.

Read more: ഗുജറാത്തിന് വെടിക്കെട്ട് തുടക്കം നല്‍കി സായ്-ഗില്‍ സഖ്യം! ഹൈദരാബാദ് പ്രതിരോധത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin

You missed