ഗുജറാത്തിന് വെടിക്കെട്ട് തുടക്കം നല്‍കി സായ്-ഗില്‍ സഖ്യം! ഹൈദരാബാദ് പ്രതിരോധത്തില്‍
അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് മികച്ച തുടക്കം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഗുജറാത്ത് ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 82 റണ്‍സെടുത്തിട്ടുണ്ട്. സായ് സുദര്‍ശന്‍ (20 പന്തില്‍ 45), ശുഭ്മാന്‍ ഗില്‍ (16 പന്തില്‍ 36) എന്നിവരാണ് ക്രീസില്‍. സായ് ഇതുവരെ ഒമ്പത് ബൗണ്ടറികള്‍ നേടി. ഗില്ലിന്റെ അക്കൗണ്ടില്‍ രണ്ട് സിക്‌സും നാല് ഫോറുമുണ്ട്.
നേരത്തെ, മാറ്റമൊന്നുമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ഗുജറാത്ത് ഒരു മാറ്റം വരുത്തി. കരീം ജനാത്തിന് പകരം ജെറാള്‍ഡ് കോട്‌സീ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, സായ് കിഷോര്‍, ജെറാള്‍ഡ് കോട്‌സി, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, കാമിന്ദു മെന്‍ഡിസ്, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്ട്, സീഷന്‍ അന്‍സാരി, മുഹമ്മദ് ഷമി.
പ്ലേ ഓഫിനായുള്ള പോരില്‍ ആദ്യ നാലിലുണ്ട് ഗുജറാത്ത് ടൈറ്റന്‍സ്. ഒമ്പതാം സ്ഥാനത്തെങ്കിലും നേരിയ പ്രതീക്ഷ കൈവിടാത്ത ഹൈദരാബാദ്. വെടിക്കെട്ട് ബാറ്റര്‍മാര്‍ ഏറെയുള്ള രണ്ട് ടീമുകള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ പ്രവചനം പോലും അസാധ്യം. കളിച്ച 9 മത്സരങ്ങളില്‍ ആറിലും ജയിച്ച ഗുജറാത്തിന് 12 പോയിന്റുണ്ട്. ഇനിയുള്ള അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയങ്ങളെങ്കിലും നേടിയാല്‍ ഗില്ലിന്റെ സംഘത്തിന് പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കാം. എന്നാല്‍ ഹൈദരാബാദിന് ഒട്ടും എളുപ്പമല്ല. ഇനിയുള്ള അഞ്ചിലും ജയിച്ചങ്കിലെ പ്രതീക്ഷയ്ക്ക് വകയുള്ളൂ. രാജസ്ഥാനോട് വമ്പന്‍ തോല്‍വി നേരിട്ടാണ് ഗുജറാത്ത് സ്വന്തം തട്ടകത്തിലിറങ്ങുന്നത്.
ചെന്നൈക്കെതിരെ ബൗളര്‍മാര്‍ ഫോം വീണ്ടെടുത്തതും ഹൈദരാബാദിന് പ്രതീക്ഷ നല്‍കുന്നുണ്ട്. റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള സായ് സുദര്‍ശനും ഗില്ലും നല്‍കുന്ന തുടക്കമാണ് ഗുജറാത്തിന്റെ കരുത്ത്.വ ജോസ് ബട്‌ലറും തകര്‍ത്തടിച്ചാല്‍ അഹമ്മദാബാദില്‍ ഗുജറാത്ത് റണ്‍മല തീര്‍ക്കും. ഈ സീസണില്‍ ഇതിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദ് ഗുജറാത്തിന് മുന്നില്‍ മുട്ടുമടക്കി.