കൊല്ലത്തെ യുവാവ്, പരിശോധനയിൽ കിട്ടിയത് വിദേശ രാജ്യങ്ങളിലുള്ള ‘വൈറ്റ് റാന്‍റ്’സടക്കം വെറൈറ്റി ഹൈബ്രിഡ് കഞ്ചാവ്

കൊല്ലം: കൊല്ലം കല്ലുംതാഴത്ത് എക്സൈസിന്‍റെ ലഹരി വേട്ട. പരിശോധനയിൽ മയക്കുമരുന്ന് സ്റ്റാമ്പുകളും ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം മങ്ങാട് സ്വദേശി അവിനാശ് ശശി (27 വയസ്) എന്നയാളാണ് പിടിയിലായത്. പ്രതിയുടെ പക്കൽ നിന്നും വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന വൈറ്റ് റാന്‍റ്സ്, ബ്ലാക്ക് ബെറി, സ്ട്രോൺ ആപ്പിൾ, കോപ്പർ കുഷ്, കുക്കീ ഗലാട്ടോ, മിഷിഗൺ, റെയിൻബോ ഷെർലറ്റ് എന്നീ ഇനങ്ങളിൽപ്പെട്ട ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. 

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക്ക് കണ്ടെയ്നറുകളിൽ ഒളിപ്പിച്ച കഞ്ചാവും എൽഎസ്ഡി സ്റ്റാമ്പുകളും കണ്ടെത്തിയത്. 20  ഗ്രാം ഹൈബ്രിഡ് ഗഞ്ചാവിന് പുറമേ 89.2 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ്‌ എന്നിവയാണ് പിടിച്ചെടുത്തത്. കൊല്ലം എക്സൈസ് സൈബർ സെല്ലിന്റെ കൂടി സഹായത്തോടെ ആണ് പ്രതിയെ എക്സൈസ്സ് സംഘം അറസ്റ്റ് ചെയ്തത്.  ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പ്രതിക്ക് എവിടെ നിന്നാണ് ലഹരി വസ്തുക്കൾ ലഭിച്ചതെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് അറിയിച്ചു.

കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്‍റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി.പിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) നിർമലൻ തമ്പി, പ്രിവന്റ്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്.ബി.എസ്, അനീഷ്.എം.ആർ, ജൂലിയൻ ക്രൂസ്, ജോജോ, തൻസീർ അസീസ്, അരുൺലാൽ, വനിത സിവിൽ എക്സൈസ് ഓഫീസറായ വർഷ വിവേക് എന്നിവരും പങ്കെടുത്തു.

By admin