പൃഥ്വിരാജ് നായകനായി എത്തിയ ചോക്ലേറ്റ് എന്ന സിനിമയിൽ അഭിനയിക്കുമ്പോഴുണ്ടായ ദുരനുഭവം പറഞ്ഞ് മനോജ് ഗിന്നസ്. ക്ലൈമാക്സിനോട് അടുക്കുന്ന ഭാഗത്ത് ചാക്യാർകൂത്ത് അവതരിപ്പിക്കുന്ന മനോജാണ്. ഈ വേഷം ചെയ്യാൻ പോയപ്പോൾ ഷൂട്ടിംഗ് ഇല്ലാതിരുന്നിട്ട് കൂടി മണിക്കൂറുകളോളം മേക്കപ്പ് ഇട്ട് നിൽക്കേണ്ടി വന്നെന്നും ഭക്ഷണം കഴിക്കാൻ പോയപ്പോൾ ഓടിച്ച് വിട്ട അവസ്ഥവരെ ഉണ്ടായെന്നും മനോജ് പറയുന്നു.
“സിനിമയോടുള്ള താല്പര്യം കുറയാൻ കാരണം ചോക്ലേറ്റ് ആണ്. അതിൽ ചാക്യാർകൂത്ത് കലാകാരനായിട്ടായിരുന്നു ഞാൻ അഭിനയിച്ചത്. സോഹൻ സീനുലാൽ അന്ന് അസോസിയേറ്റ് ആയിരുന്നു. അദ്ദേഹമാണ് പൃഥ്വിരാജ് സിനിമയിൽ ചാക്യാർകൂത്തുകാരനായി വരാമോന്ന് ചോദിക്കുന്നത്. ചാക്യാർകൂത്ത് എനിക്കറിയില്ലെന്നും പറഞ്ഞും. നിന്നെ കൊണ്ട് പറ്റും ഒരു മേക്കപ്പ് മാനെയും കൂട്ടി വരാൻ പറഞ്ഞു. അങ്ങനെ മേക്കപ്പ് മാനെയും കൂട്ടി എറണാകുളത്ത് എത്തി. രാവിലെ ഒരു ആറ് മണിയൊക്കെ ആയപ്പോൾ മേക്കപ്പ് ഇട്ടു. ചാക്യാർകൂത്തിൽ ബാക്കിൽ കെട്ടുന്ന ഞൊറിയുള്ളൊരു സംഗതി ഉണ്ട്. അത് കയറിട്ട് കെട്ടണം. സ്റ്റൂളിലെ ഇരിക്കാനും പറ്റുള്ളൂ. ഫസ്റ്റ് ഷോട്ട് കഴിഞ്ഞു. നോക്കിയപ്പോൾ എല്ലാം പാക്ക് ചെയ്യുകയാണ്. രാജൻ പി ദേവ് സാറിനാണെന്ന് തോന്നുന്നു. തിരക്കുള്ളത് കാരണം ഈ ഭാഗം പിന്നീടെ എടുക്കൂ. അതെനിക്ക് അറിയില്ല. വൈകുന്നേരമെ ഷൂട്ടുള്ളൂ, മനോജ് ഇതൊക്കെ ഒന്നഴിക്കണം എന്ന് ആരും പറഞ്ഞില്ല. എനിക്ക് ഇരിക്കാനും പറ്റണില്ല. ടോയ്ലെറ്റിലും പോകാൻ പറ്റുന്നില്ല. അങ്ങനെ ഉച്ഛയ്ക്ക് 12 മണിയായി. എല്ലാവരും ഭക്ഷണം കഴിക്കാൻ പോയി. അതിനൊപ്പം ഞാൻ പ്ലേറ്റുമായി ചെന്നു. പക്ഷേ വിളമ്പുന്നയാൾ എന്നെ ഓടിച്ചു. പോടോ..അവിടെ പോയി കഴിക്ക് എന്ന് പറഞ്ഞു. ഞാൻ നോക്കിയപ്പോൾ അപ്പുറത്ത് ഭക്ഷണം കഴിക്കാനായി കോളേജ് പിള്ളേര് അടി കൂടുവാ. ഈ വേഷമൊക്കെ കെട്ടി അവിടെ പോകാൻ എനിക്ക് പറ്റില്ല. എനിക്ക് നിന്റെ ഭക്ഷണം വേണ്ടടാന്ന് പറഞ്ഞ് പ്ലേറ്റവിടെ ഇട്ടു. ഇത് പട്ടണം ഷാ എന്ന മേക്കപ്പ് മാൻ കണ്ടു. ഡോ ഇതാണെന്ന് അറിയോന്ന് ചോദിച്ച് പട്ടണം ഷാ ചൂടായി. പിന്നെ ആയാൾ സോറിയും പറഞ്ഞു. പക്ഷേ ഭക്ഷണം ഇനി കഴിക്കില്ലെന്ന് ഞാൻ പറഞ്ഞു. അവസാനം ഞാൻ മേക്കപ്പെല്ലാം അഴിച്ച് വച്ച് ഞാൻ പോയി”, എന്ന് മനോജ് ഗിന്നസ് പറഞ്ഞു.
“രാത്രി ആയപ്പോൾ സോഹൻ വിളിച്ച് ഷൂട്ടിംഗ് തുടങ്ങാമെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു പറ്റില്ലെന്ന്. ഇനി എന്ത് സിനിമ എന്ന് പറഞ്ഞാലും ഞാൻ വരില്ലെന്ന് പറഞ്ഞു. ഒരുവാക്ക് പറഞ്ഞിരുന്നുവെങ്കിൽ നേരത്തെ ഞാൻ പോകില്ലേന്ന് ചോദിച്ചു. അവസാനം എല്ലാരും പറഞ്ഞപ്പോൾ പോയി. ആ വേഷം ചെയ്തു”, എന്നും മനോജ് കൂട്ടിച്ചേർത്തു. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു മനോജിന്റെ പ്രതികരണം.