എയർപോർട്ടിലെ ഉദ്യോ​ഗസ്ഥർ പരിശോധിച്ചപ്പോൾ പെട്ടി നിറയെ ഓടക്കുഴൽ, പിന്നെ നടന്നത് വൈറൽ..!

നിങ്ങൾ ഒരു എയർപോർട്ടിൽ നിൽക്കുന്നു. പെട്ടെന്ന്, തൊട്ടടുത്ത് നിന്നും അതിമധുരമായ ഒരു ഓടക്കുഴൽ നാദം കേൾക്കുന്നു. അത് ഉറപ്പായും നിങ്ങളെ ആശ്ചര്യപ്പെടുത്തും അല്ലേ? അതുപോലെ ഒരു അനുഭവമാണ് കഴിഞ്ഞ ദിവസം റായ്പൂർ എയർപോർട്ടിലും ഉണ്ടായത്. സൂഫി ബോളിവുഡ് ഫ്യൂഷൻ ബ്രാൻഡായ ‘ജയ്പൂരി ബ്രദേഴ്സി’ന്റേതായിരുന്നു എയർപോർട്ടിൽ നടന്ന ഈ ഫ്ലൂട്ട് പെർഫോർമൻസ്. എയർപോർട്ടിലെ ജീവനക്കാരുടെ അഭ്യർത്ഥന മാനിച്ചാണ് ഇത് എന്നാണ് പറയുന്നത്. 

2019 -ൽ പുറത്തിറങ്ങിയ ‘കേസരി’ എന്ന ചിത്രത്തിലെ ‘തേരി മിട്ടി’ എന്ന ​ഗാനമാണ് ഇവർ വായിച്ചത്. ബാൻഡ് തങ്ങളുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ അതിമനോഹരമായ ഈ പെർഫോർമൻസിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. എയർ‌പോർട്ടിലെ ജീവനക്കാർ ഈ പ്രകടനത്തിൽ മുഴുകിപ്പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? 

അവർ മാത്രമല്ല, എയർപോർട്ടിലുണ്ടായിരുന്ന യാത്രക്കാരും ഈ പ്രകടനത്തിൽ മുഴുകി നിന്നുപോയി. ചിലരെല്ലാം തങ്ങളുടെ ഫോണിൽ ഈ മനോഹര നിമിഷം പകർത്താനും മറന്നില്ല. പ്രകടനം കഴിയുമ്പോൾ എയർപോർട്ട് ജീവനക്കാർ പ്രകടനം നടത്തിയ ബാൻഡിലെ പ്രധാന കലാകാരനെ അഭിനന്ദിക്കാനും മറന്നില്ല. ജീവനക്കാർ കയ്യടിക്കുന്നതും വീഡിയോയിൽ കാണാം. 

അതേസമയം ബാൻഡിലുള്ളവരുടെ പെട്ടിയിൽ നിറയെ ഫ്ലൂട്ടുകൾ കണ്ടപ്പോൾ എയർപോർട്ട് ജീവനക്കാർക്ക് കൗതുകം തോന്നി. അവരുടെ ചോദ്യത്തിനുള്ള മറുപടിയായി തങ്ങൾ കലാകാരന്മാരാണ് എന്ന് ബാൻഡിലുള്ളവർ അറിയിക്കുകയും ചെയ്തു. തുടർന്നാണ് അവരോട് ജീവനക്കാർ ഓടക്കുഴൽ വായിക്കാൻ അഭ്യർത്ഥിച്ചത് എന്നും പറയുന്നു. 

എന്തായാലും, എയർപോർട്ട് ജീവനക്കാർക്കും അവിടെയുണ്ടായിരുന്ന യാത്രക്കാർക്കും മാത്രമല്ല. സോഷ്യൽ മീഡിയയിലും ആളുകൾക്ക് ഈ പ്രകടനം ഇഷ്ടമായി എന്നാണ് മനസിലാവുന്നത്. അനേകങ്ങൾ കണ്ടിരിക്കുന്ന വീഡിയോയ്ക്ക് ഒരുപാടുപേർ കമന്റുകളും നൽകിയിട്ടുണ്ട്. അതിമനോഹരമായ ഈ പ്രകടനത്തെ പ്രോത്സാഹിപ്പിക്കാൻ നെറ്റിസൺസും മറന്നില്ല. 

എയർപോർട്ടിൽ നിലത്തിരുന്ന് ഭക്ഷണം കഴിച്ച നടന് വിമർശനം

നേരത്തെ എയർപോർട്ടിൽ നിലത്ത് പടിഞ്ഞിരുന്ന് ഭക്ഷണം കഴിച്ചതിന് ഒരു ​ഗുജറാത്തി നടനെതിരെ വിമർശനം ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് പിന്നാലെ ഇയാൾക്കെതിരെ അഭിനന്ദനവും വിമർശനവും ഉയരുകയായിരുന്നു. 

സൂറത്ത് വിമാനത്താവളത്തിലാണ് നിലത്ത് പടിഞ്ഞിരുന്ന് സുഹൃത്തുക്കൾക്ക് ഒപ്പം ഹിതേഷ് താക്കർ പേപ്പറില്‍ വിളമ്പിയ ഗുജറാത്തിലെ പ്രമുഖ ഭക്ഷണമായ ഖമാൻ കഴിക്കുന്നത്. താനും സുഹൃത്തുക്കളും സൂറത്തില്‍ നിന്നും പട്ടായയിലേക്ക് പോവുകയാണെന്നും ഹിതേഷ് വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin