എംബിബിഎസ് പഠനം പാതിവഴിയിലുപേക്ഷിച്ചു, തെരുവിൽ കണ്ട നായകൾക്കും പൂച്ചകൾക്കും കരുതലേകാൻ

ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള 27 -കാരിയായ തൃഷ പട്ടേലിന് ചെറുപ്പം മുതലേ മൃഗങ്ങളോട് വലിയ സ്നേഹമായിരുന്നു. എന്നാൽ, ഈ സ്നേഹം കൂടിക്കൂടി വരുമെന്നും ഒരു ദിവസം അവൾ തന്റെ കരിയർ തന്നെ ഉപേക്ഷിച്ച് അവയ്ക്ക് വേണ്ടി ജീവിക്കാൻ തയ്യാറാകുമെന്നും ആരും കരുതിയിരുന്നില്ല. 

എംബിബിഎസ് വിദ്യാർത്ഥിനി ആയിരുന്നു തൃഷ. പഠിക്കുന്ന കാലത്താണ് തെരുവുകളിൽ പരിക്കേറ്റതും നിസ്സഹായരുമായ മൃഗങ്ങളെ കാണുന്നതും വല്ലാത്ത വേദനയും സഹതാപവും ഒക്കെ അവളിലുണ്ടാകുന്നതും. ഇത് അവളുടെ ജീവിതത്തിലെ പുതിയൊരു വഴിത്തിരിവായി മാറുകയായിരുന്നു. 

അങ്ങനെ എംബിബിഎസ് പഠനം ഉപേക്ഷിച്ച് അവൾ വെറ്ററിനറി സയൻസ് പഠിക്കാൻ തീരുമാനമെടുത്തു. മനുഷ്യരുടെ വേദനകളല്ല, മറിച്ച് സ്വന്തം വേദന പറയാൻ പോലും അറിയാത്ത മിണ്ടാപ്രാണികളുടെ വേദന മാറ്റാനായിരുന്നു അവൾ തീരുമാനിച്ചത്. അങ്ങനെ അവൾ വെറ്ററിനറി സയൻസ് പഠിക്കാൻ തീരുമാനിക്കുകയും പിന്നാലെ മൃ​ഗങ്ങളുടെ സംരക്ഷണത്തിലേക്ക് തിരിയുകയും ചെയ്യുകയായിരുന്നു. 

സൂറത്തിലെ വടക്കൻ ചൗക്ഡി പ്രദേശത്ത് തൃഷ ഒരു സ്ഥലം വാടകയ്‌ക്കെടുത്തു. അവിടെ ഒരു മൃഗസംരക്ഷണ കേന്ദ്രവും സ്ഥാപിച്ചു. അതിൽ അനങ്ങാൻ പോലും ആവാതെ വയ്യാതെ കിടക്കുന്ന നായ്ക്കളെ പരിപാലിക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന്, അങ്ങനെയുള്ള 35 നായ്ക്കളും 40 പൂച്ചകളും ഉൾപ്പെടെ 150 -ലധികം മൃഗങ്ങളെ അവൾ പരിപാലിക്കുന്നുണ്ട്. ഈ മൃഗങ്ങളിൽ പലതിനും എല്ലാത്തിനും ആരുടെയെങ്കിലും സഹായം കൂടിയേ തീരൂ എന്ന അവസ്ഥയാണ്. 

ഇതിനുവേണ്ടിയുള്ള പണം തൃഷ സ്വയം കണ്ടെത്തുകയാണ്. തന്റെ വിദ്യാഭ്യാസം വേണ്ടെന്ന് വയ്ക്കുക മാത്രമല്ല, തന്റെ സമ്പാദ്യം മുഴുവൻ ഈ ജോലിക്കായി നീക്കിവയ്ക്കുകയും ചെയ്തു അവൾ. ആവശ്യമെന്ന് തോന്നിയാൽ മറ്റുള്ളവരോട് പണം കടം വാങ്ങുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, 350 -ലധികം മൃഗങ്ങൾക്ക് അവൾ പുതുജീവൻ നൽകി.

വീട്ടുകാരും കൂട്ടുകാരും ഒക്കെ അവളുടെ തീരുമാനത്തെ ചോദ്യം ചെയ്തുവെങ്കിലും തനിക്ക് തോന്നുന്ന വഴികളിലൂടെ മുന്നോട്ട് നടക്കുകയാണ് തൃഷ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin