ഇന്ത്യൻ പാട്ടുകൾ വേണ്ട; പാകിസ്ഥാൻ എഫ്എം റേഡിയോകളിൽ ഇന്ത്യൻ ​ഗാനങ്ങൾക്ക് വിലക്ക് 

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന് പിന്നാലെ, പാകിസ്ഥാൻ എഫ്എം റേഡിയോ സ്റ്റേഷനുകളിൽ ഇന്ത്യൻ ഗാനങ്ങളുടെ പ്രക്ഷേപണം നിർത്തിവച്ചു. രാജ്യത്തുടനീളമുള്ള പാകിസ്ഥാൻ എഫ്എം റേഡിയോ സ്റ്റേഷനുകളിൽ ഇന്ത്യൻ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് പാകിസ്ഥാൻ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷൻ (പിബിഎ) അടിയന്തര പ്രാബല്യത്തോടെ നിർത്തിവച്ചതായി പിബിഎ സെക്രട്ടറി ജനറൽ ഷക്കീൽ മസൂദ് പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 

ലതാ മങ്കേഷ്കർ, മുഹമ്മദ് റാഫി, കിഷോർ കുമാർ, മുകേഷ് തുടങ്ങിയ പ്രശസ്ത കലാകാരന്മാരുടെ ഗാനങ്ങൾ പാകിസ്ഥാൻ പ്രേക്ഷകരിൽ ഇപ്പോഴും ജനപ്രിയമാണ്. പ്രാദേശിക എഫ്എം റേഡിയോ സ്റ്റേഷനുകളിൽ മിക്ക ദിവസവും ഇന്ത്യൻ ​ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. നിലവിലെ ഉഭയകക്ഷി ബന്ധങ്ങൾ കണക്കിലെടുത്ത് എല്ലാ എഫ്എം സ്റ്റേഷനുകളിലും ഇന്ത്യൻ ഗാനങ്ങളുടെ പ്രക്ഷേപണം നിർത്താൻ സർക്കാർ അസോസിയേഷനോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന്  വാർത്താവിനിമയ മന്ത്രി ആട്ട തരാറും അറിയിച്ചു. 

ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിലെ വിനോദസഞ്ചാര കേന്ദ്രമായ ബൈസരനിൽ ആക്രമണം നടന്നത്. 26 വിനോജ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. 2019 ലെ പുൽവാമ ആക്രമണത്തിനുശേഷം താഴ്‌വരയിലെ ഏറ്റവും മാരകമായ ഭീകരാക്രമണമാണ് നടന്നത്.  പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുടെ ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ട്
(ടിആർഎഫ്) ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ടിആർഎഫ് പിന്നീട് ആക്രമണത്തിൽ പങ്കില്ലെന്ന് നിഷേധിച്ചു. അന്താരാഷ്ട്ര നേതാക്കൾ ആക്രമണത്തെ ഉടനടി അപലപിക്കുകയും ഭീകരതയെ അപലപിക്കുകയും ഇന്ത്യയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.

സംഭവത്തെത്തുടർന്ന്, സിന്ധു ജല ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കൽ, അട്ടാരി അതിർത്തി അടച്ചുപൂട്ടൽ, നയതന്ത്ര ബന്ധങ്ങൾ കുറയ്ക്കൽ എന്നിവ ഉൾപ്പെടെ നിരവധി പ്രതികാര നടപടികൾ ഇന്ത്യ സ്വീകരിച്ചു.  

By admin