പാലക്കാട്: എലപ്പുള്ളി ഫെസ്റ്റിൽ റാപ്പർ വേടന് പിന്തുണയുമായി സിനിമാതാരം ഷറഫുദ്ദീൻ. അറസ്റ്റിന് പിന്നാലെ എലപ്പുള്ളി ഫെസ്റ്റിൽ നിന്നും വേടൻ്റെ ഷോ താൽക്കാലികമായി സംഘാടക സമിതി വേണ്ടെന്ന് വച്ചിരുന്നു.
“വേടൻ വരാനിരുന്ന വേദിയാണ് ഇതെന്ന് എനിക്കറിയാം. ഇനിയൊരിക്കൽ അവൻ ഇവിടെ വന്ന് പാടുമ്പോൾ പാലക്കാട് ജില്ലയിലെ ഒരു സ്പീക്കറും തികയാതെ വരട്ടെ. പുറത്തുനിന്ന് എടുക്കേണ്ടി വരട്ടെ. അത്ര ഗംഭീരമായി അങ്ങനെയൊരു പരിപാടി എനിക്കിവിടെ ഇടയിലിരുന്ന് കാണാൻ ഭാഗ്യമുണ്ടാവട്ടെ”- ഷറഫുദ്ദീൻ പറഞ്ഞു.
പുലിപ്പല്ല് മാല, കഞ്ചാവ് കേസുകൾക്ക് പിന്നാലെയാണ് പാലക്കാട് എലപ്പുള്ളി ഫെസ്റ്റിൽ നടത്താനിരുന്ന റാപ്പർ വേടന്റെ മെഗാ ഇവന്റ് സംഘാടക സമിതി മാറ്റിയത്. മെയ് ഒന്നിന് നടത്താൻ തീരുമാനിച്ച പരിപാടി മാറ്റിയെന്ന് സംഘാടക സമിതി ചെയർമാൻ എസ് സുഭാഷ് ചന്ദ്രബോസാണ് അറിയിച്ചത്. ഇതിന് പകരമായാണ് സിനിമാ താരങ്ങളെ പങ്കെടുപ്പിച്ച് മെഗാ ഷോ സംഘടിപ്പിച്ചത്. വേടൻറെ പരിപാടിക്കായി ഇതിനോടകം ടിക്കറ്റ് വിൽപ്പന നടത്തിയിരുന്നു. ഈ ടിക്കറ്റ് എടുത്തവർക്ക് വേണ്ടിയാണ് ചലച്ചിത്ര താരങ്ങളെ പങ്കെടുപ്പിച്ച് മെഗാ ഷോ സംഘടിപ്പിച്ചത്. ആ വേദിയിലെത്തിയാണ് ഷറഫുദ്ദീൻ വേടനെ പിന്തുണച്ചത്.
ഇരു കേസുകളിലും വേടന് ജാമ്യം ലഭിച്ചിട്ടുണ്ട്. പുലിപ്പല്ല് കേസിൽ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. പെരുമ്പാവൂർ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് കണ്ടെത്തിയിട്ടില്ല. നിലവിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സമാനമായ കുറ്റകൃത്യങ്ങളിൽ വേടൻ ഇതുവരെ ഉൾപ്പെട്ടിട്ടില്ല എന്നും ജാമ്യ ഉത്തരവിൽ കോടതി നിരീക്ഷിച്ചു.
പിന്നാലെ വനം മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഉൾപ്പെടെ വേടനെ പിന്തുണച്ച് രംഗത്തെത്തി. പൊതു സമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നാണ് മന്ത്രി എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. വേടനെതിരെ പുലിപ്പല്ല് കേസെടുത്തത്തിൽ ആഭ്യന്തര അന്വേഷണമുണ്ടാകുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
വേടനെതിരെ എന്തിനാണ് കേസെടുത്തതെന്ന് പരിശോധിക്കപ്പെടണമെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. കേരളത്തിലെ ജനങ്ങളെ സ്വാധീനിച്ച സമൂഹത്തിൻ്റെ പിന്നണിയിൽ നിന്ന് വരുന്ന പ്രതിനിധിയാണ് വേടൻ. കേരളത്തിലെ യുവ സമൂഹത്തെ സ്വാധീനിക്കുന്ന രാഷ്ട്രീയം പറയുന്ന യുവ കലാകാരനാണ്. ലഹരി ഉപയോഗിച്ചതിൽ തനിക്ക് തെറ്റുപറ്റിയെന്ന് വേടൻ തന്നെ പറയുന്നു. വളരെ ചെറിയ അളവായിരുന്നു ലഹരി കണ്ടെത്തിയത്. കഞ്ചാവുമായി സ്റ്റേഷനിലെത്തിയപ്പോഴാണ് മാല കണ്ടത്. അത് സമ്മാനം കിട്ടിയതാണെന്ന് പറഞ്ഞ് അതിനപ്പുറത്തേക്ക് കടന്ന് നടത്തിയ നടപടികൾ പരിശോധിക്കപ്പെടണം. പുലിയുടെ പല്ലുമായി ബന്ധപ്പെട്ട വലിയ കേസ് ആവശ്യമുണ്ടോയെന്ന് ആലോചിക്കണം. വനം മന്ത്രി വേടനൊപ്പമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.