തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനൊപ്പം കേന്ദ്രമുണ്ടാകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്ര വ്യാപാരത്തിന്റെ കേന്ദ്രമായി കേരളം മാറും. സംസ്ഥാന സർക്കാരിനൊപ്പം കേന്ദ്രവും പ്രവർത്തിക്കും. നമുക്കൊന്നിച്ച് വികസിത കേരളം പടുത്തുയർത്താമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കമ്യൂണിസ്റ്റ് സർക്കാർ സ്വകാര്യ മേഖലയെ ചേർത്തുപിടിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അദാനി തങ്ങളുടെ പങ്കാളിയാണെന്ന് മന്ത്രി വിഎൻ വാസവൻ പരമാർശിച്ചിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലാണ് കമ്യൂണിസ്റ്റ് സർക്കാരിന്റെ സമീപനം മാറിയതിനെക്കുറിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.
ആദ്യം പ്രധാനമന്ത്രി പറഞ്ഞതിന്റെ രാഷ്ട്രീയ പരിഭാഷകന് മനസിലായില്ല. ഇതോടെ ‘അദ്ദേഹത്തിനെ കൊണ്ട് കഴിയുന്നില്ല’ എന്നു കൂടി ചിരിച്ചു പറഞ്ഞാണ് പ്രധാനമന്ത്രി മോദി സ്വാഗത പ്രാസംഗികനായ വിഎന്‍ വാസവന്റെ പ്രസംഗം ചൂണ്ടിക്കാണിച്ചത്. സ്വകാര്യ നിക്ഷേപത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സ്വാഗതം ചെയ്യുന്നത് നല്ല കാര്യമെന്നും മോദി പറഞ്ഞു.
നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചിരിക്കും. കേരളത്തിന്റെ തുറമുഖ മന്ത്രി പ്രസംഗിച്ചപ്പോള്‍ നമ്മുടെ സര്‍ക്കാരിന്റെ പങ്കാളി എന്നാണ് അദാനിയെ വിശേഷിപ്പിച്ചത്. ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മന്ത്രിയാണ് അത് പറഞ്ഞത്. ഇതാണ് മാറുന്ന ഭാരതം. ഇതാണ് മാറ്റം. സ്വകാര്യ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത് നല്ല കാര്യമാണ്. വന്ദേഭാരത്, ബൈപ്പാസുകള്‍, ജലജീവന്‍ തുടങ്ങി കേരളത്തിന് നിരവധി പദ്ധതികള്‍ നല്‍കി. കേരളവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ട്’.
ഒരുഭാഗത്ത് അപാരസാധ്യതകളുള്ള വിശാലമായ സമുദ്രം, മറുഭാഗത്ത് പ്രകൃതിസൗന്ദര്യമൊഴുകുന്ന പ്രദേശങ്ങൾ ഇതിനിടയിൽ പുതുയുഗ വികസനത്തിന്റെ മാതൃകയായി വിഴിഞ്ഞം തുറമുഖം നിലനിൽക്കുകയാണെന്നും മോദി പറഞ്ഞു. 8,800 കോടി രൂപ മുതൽമുടക്കിയാണ് വിഴിഞ്ഞം തുറമുഖം ഇവിടെ സ്ഥാപിച്ചത്. ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബിന്റെ നിലവിലുള്ള ക്ഷമതയിൽ നിന്ന് മൂന്നിരട്ടിയായി വർദ്ധിപ്പിക്കും. ലോകത്തെ വൻ ചരക്കുകപ്പലുകൾക്ക് ഇതോടെ വളരെ വേഗം ഇവിടെ എത്തിച്ചേരാൻ കഴിയും. 75 ശതമാനം ട്രാൻസ്ഷിപ്പ്മെന്റ് ഇന്ത്യക്ക് പുറത്തുള്ള പോർട്ടുകളിലാണ് നിലനിന്നിരുന്നത്. ഇതിലൂടെ രാജ്യത്തിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുമായിരുന്നു. ഈ പരിസ്ഥിതിക്ക് മാറ്റം വരും. രാജ്യത്തിന്റെ പണം നമുക്കുതന്നെ പ്രയോജനപ്പെടും. പുറത്തേക്ക് ഒഴുകിയിരുന്ന പണം ഇനി കേരളത്തിനും വിഴിഞ്ഞം പോർട്ടിനും അതുവഴി ജനങ്ങളിലേക്കും എത്തുമെന്ന് പ്രധാനമന്ത്രി പ്രസംഗിച്ചു.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg