അടുത്തെങ്ങാനും ​ഗർഭിണിയാകാൻ പ്ലാനുണ്ടോ? ജോലിക്കുള്ള ഇന്റർവ്യൂവിനിടെ എച്ച് ആറിന്റെ ചോദ്യം, പോസ്റ്റുമായി യുവതി 

തൊഴിൽസംബന്ധിയായ ആശങ്കകളും ബുദ്ധിമുട്ടുകളും ചൂഷണങ്ങളുമെല്ലാം ആളുകൾ പലപ്പോഴും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ പങ്കുവയ്ക്കാറുണ്ട്. അതുപോലെ, അടുത്തിടെ റെഡ്ഡിറ്റിൽ ഒരു യുവതി തനിക്ക് ജോലി ഇന്റർവ്യൂവിൽ ഉണ്ടായ ഒരു ദുരനുഭവം വെളിപ്പെടുത്തി. പ്രസ്തുത പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്. 

ഒരു സോഫ്റ്റ്‍വെയർ കമ്പനിയിൽ യുവതിയുടെ അവസാനവട്ട ഇന്റർവ്യൂ ആണ് നടന്നു കൊണ്ടിരുന്നത്. ടെക്നിക്കൽ അസസ്മെന്റ്, മാനേജ്മെന്റ് ഇന്റർവ്യൂ നല്ല രീതിയിൽ തന്നെയാണ് നടന്നത് എന്നും യുവതി പറയുന്നു. മാത്രമല്ല, യുവതി പ്രതീക്ഷിക്കുന്ന ശമ്പളവും ആ ജോലി ഉറപ്പ് നൽകുന്നുണ്ടായിരുന്നു. എന്നാൽ, എച്ച് ആറുമായുള്ള ഇന്റർവ്യൂവോടെയാണ് കാര്യങ്ങൾ ആകെ തകിടം മറിഞ്ഞത്. 

യുവതി പറയുന്നത്, എച്ച് ആർ തന്നോട് നിയമവിരുദ്ധവും തികച്ചും അപരിചിതവുമായ ഒരു ചോദ്യം ചോദിച്ചു എന്നാണ്. വരും വർഷങ്ങളിൽ കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിനുള്ള എന്തെങ്കിലും പ്ലാൻ നിങ്ങൾക്കുണ്ടോ എന്നാണ് എച്ച് ആർ യുവതിയോട് ചോദിച്ചത്. താൻ കേട്ടത് തെറ്റിപ്പോയതാവും എന്ന് കരുതി യുവതി വീണ്ടും ചോദ്യം ആവർത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. 

എന്നാൽ, ഇത്തവണയും എച്ച് ആർ ഇത് തന്നെ ആവർത്തിച്ചു. നിങ്ങളുടെ ഫാമിലി പ്ലാനിങ്ങിനെ കുറിച്ച് അറിയണമെന്നും അത് തങ്ങളുടെ ടീമിന്റെ ജോലിയിലെ പ്ലാനിം​ഗുമായി ബന്ധപ്പെടുത്തിയാണ് ചോദിക്കുന്നത് എന്നും എച്ച് ആർ പറയുകയായിരുന്നു. എന്നാൽ, അപ്പോൾ തന്നെ യുവതി ചോദ്യത്തിൽ അസ്വസ്ഥയാവുകയും ഇത് തികച്ചും നിയമവിരുദ്ധമായ ചോദ്യമാണ് എന്ന് പറയുകയും ചെയ്യുകയായിരുന്നു. 

HR asked me the strangest illegal question at the end of my interview
byu/skrillahbeats inrecruitinghell

അതുവരെ ഇന്റർവ്യൂവിനെ കുറിച്ചുണ്ടായിരുന്ന നല്ല കാര്യങ്ങളെല്ലാം ഇതോടെ തകർന്നു. ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത് ശരിയാണ് എന്ന് അം​ഗീകരിക്കുന്ന ഒരു കമ്പനി സംസ്കാരത്തിൽ താൻ ആശങ്ക സൂചിപ്പിച്ചു എന്നാണ് യുവതി പറയുന്നത്. ഒപ്പം നിങ്ങൾക്ക് ആർക്കെങ്കിലും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും യുവതി ചോദിക്കുന്നുണ്ട്. ഒരുപാടുപേർ യുവതിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തി. 

ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പലരും തങ്ങളുടെ കമന്റുകളിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഏതെങ്കിലും കമ്പനിക്കെതിരെ പ്രതികരിച്ചാൽ മറ്റ് കമ്പനികളിലെ തൊഴിലിനെ കൂടി ബാധിക്കും എന്ന ആശങ്കകളും പലരും പങ്കുവച്ചു. അതേസമയം, എച്ച് ആറിന്റെ ചോദ്യത്തെ കുറിച്ച് അറിയിക്കേണ്ടവരെ അറിയിക്കണം എന്ന് പറഞ്ഞവരും ഒരുപാടുണ്ട്. 

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin