വല്ലപ്പോഴും ലോറിവെള്ളം വരും, വഴിയില്‍ സൂക്ഷിച്ച വെള്ളപ്പാത്രങ്ങളോ വെള്ളമോ ആരും മോഷ്ടിക്കില്ല!

വല്ലപ്പോഴും ലോറിവെള്ളം വരും, വഴിയില്‍ സൂക്ഷിച്ച വെള്ളപ്പാത്രങ്ങളോ വെള്ളമോ ആരും മോഷ്ടിക്കില്ല!

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

വല്ലപ്പോഴും ലോറിവെള്ളം വരും, വഴിയില്‍ സൂക്ഷിച്ച വെള്ളപ്പാത്രങ്ങളോ വെള്ളമോ ആരും മോഷ്ടിക്കില്ല!വേനലവധി എന്നു കേള്‍ക്കുമ്പോഴേ അമ്മ വീടാണ് ഓര്‍മയിലെത്തുക. ഡിഗ്രി അവസാനംവരെ അവധിക്കാലം അവിടെയായിരുന്നു. അമ്മയുടെ വീട്, അമ്മയുടെ ചെറിയച്ഛന്റെ വീട് (താഴത്തെ വീട് എന്നാണ് എല്ലാവരും ആ വീടിനെ വിളിച്ചിരുന്നത്), അമ്മയുടെ കസിന്റെ വീട് എന്നീ മൂന്നു വീടുകളാണ് അവിടെ ഉണ്ടായിരുന്നത്. തൊട്ടടുത്ത്, അപ്പുമാമയുടെ വീടും. അവിടുത്തെ കുളത്തിലാണ് എല്ലാവരും കുളിച്ചിരുന്നത്. കരിങ്കല്ലുകൊണ്ട് പടുത്ത, നീളന്‍ പടികള്‍ ഉണ്ടായിരുന്ന ആ കുളം വേനലില്‍ വറ്റും. എന്നാലും ചുറ്റും പാടങ്ങളായതിനാല്‍ കുളത്തില്‍ ചെറിയ കുഴി കുത്തി അതില്‍നിന്നും വെള്ളമെടുത്ത് വേനല്‍ക്കുളി നടന്നു.

എന്റെ വീട്ടില്‍ രണ്ട് കിണറുകള്‍ ഉണ്ടായിരുന്നതിനാല്‍ വേനലിലും സമൃദ്ധമായി വെള്ളമുണ്ടായിരുന്നു. എന്നാല്‍, അമ്മയുടെ വീടിരിക്കുന്ന സ്ഥലത്ത് വേനലും വരള്‍ച്ചയും അതിന്റെ സര്‍വ രൗദ്രഭാവവും പുറത്തെടുത്തിരുന്നു. അമ്മയുടെ വീട്ടിലെ കുട്ടിക്കാലവും വേനല്‍ക്കാലവുമാണ് ഓരോ തുള്ളി വെള്ളത്തിന്റെയും മൂല്യം മനസ്സിലാക്കിത്തന്നത്. പാടത്തെ കുഴി, മറ്റൊരു പാടത്തെ പൊതുകിണര്‍, വാലില്‍ ഉയര്‍ത്തലും താഴ്ത്തലും നെഞ്ചുവേദന ഉണ്ടാക്കുന്ന കുഴല്‍ക്കിണര്‍ എന്നിവയായിരുന്നു ആ നാട്ടിലെ പ്രധാന ജലസംഭരണികള്‍. കുടിക്കാനും ഭക്ഷണാവശ്യത്തിനുമുള്ള വെള്ളമായിരുന്നു ഇവയില്‍നിന്നും എടുത്തിരുന്നത്. പ്ലാവില എടുക്കാനായാല്‍ അതെടുക്കണം എന്നാണല്ലോ. അവിടുത്തെ നാട്ടുകാരും വിരുന്നുകാരുമെല്ലാം തങ്ങളാല്‍ ആവുന്ന പാത്രങ്ങളിലെല്ലാം വെള്ളം കോരും. കുളിക്കാനും തുണി കഴുകുന്നതിനുമായി അപ്പുമാമയുടെ വീട്ടിലെ കുളം, കുട്ടേട്ടന്റെ വീട്ടിലെ ക്വാറി, കാട്ടിലെ മറ്റൊരു ക്വാറി, ചോലകള്‍ എന്നിവയെയായിരുന്നു ആശ്രയിച്ചിരുന്നത്. 

നൂറോളം വീട്ടുകാരാണ് ഇത്രയും ജലസംഭരണികളെ ഉപയോഗിച്ചിരുന്നത്. വേനല്‍ക്കാലത്ത്, ഇത്തിരി വെള്ളത്തില്‍ കുളിച്ചിട്ടും തുണി കഴുകിയിട്ടും അന്നൊന്നും ആര്‍ക്കും അസുഖം വന്നിരുന്നില്ല. വെള്ളമില്ലാത്തതിന്റെ പേരില്‍ ആരും കുളിക്കാതെയോ തുണി കഴുകാതെയോ ഇരുന്നതുമില്ല. വല്ലപ്പോഴും ലഭിച്ചിരുന്ന ലോറിവെള്ളം അന്നാട്ടുകാര്‍ക്ക് അമൃതായിരുന്നു. സകല പാത്രങ്ങളിലും വെള്ളം സംഭരിക്കും. വെള്ളം നിറച്ച പാത്രങ്ങളോ അവയിലെ വെള്ളമോ ആരും മോഷ്ടിച്ചിരുന്നില്ല. രാത്രികാലങ്ങളില്‍ വീട്ടുകാരും വിരുന്നുകാരും കുടിവെള്ളം തെക്കിക്കൊണ്ടുവരുമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവിടെ ജലനിധിയും പൈപ്പും വന്നത്. വീടുകളില്‍ ടാങ്കും പൈപ്പ് കണക്ഷനും എത്തി.  വിഷു, താലപ്പൊലി പോലെയുള്ള ആഘോഷ വേളകളില്‍ വീടുനിറയെ ആള്‍ക്കാരുള്ളപ്പോള്‍ എങ്ങനെയാണ് ദൈനംദിന കാര്യങ്ങള്‍ നടന്നതെന്ന് ഇന്നോര്‍ക്കുമ്പോള്‍ അത്ഭുതമാണ്.

വേനലവധി ബന്ധുജന സമാഗമത്തിന്റെ കാലമായിരുന്നു. അമ്മയുടെ വീട്ടില്‍ നിന്നും വല്യമ്മയുടെയും മേമയുടെയും വീടുകളിലേക്ക് പോവും. അമ്മമ്മയുടെ വീട്ടിലേക്കും അമ്മായിമാരുടെ വീടുകളിലേക്കും മറ്റ് ബന്ധുവീടുകളിലേക്കും പോയിരുന്നു. അമ്മയുടെ വീട്ടിലാണെങ്കില്‍ ഒരു വീട്ടിലേക്ക് വരുന്നവര്‍ മറ്റു വീടുകളിലേക്കും പോവും. അങ്ങനെ എല്ലാവര്‍ക്കും പരസ്പരം അറിയാം. വിഷുക്കൈനീട്ടവും ബന്ധുക്കളുടെ പോക്കറ്റ് മണിയും കൂട്ടിവെക്കും. കുടുക്കയില്‍ സൂക്ഷിക്കും. 

പറക്കോട്ടു കാവ് താലപ്പൊലി കഴിഞ്ഞാല്‍ ഉള്ളില്‍ ഒരു ആന്തലാണ്. കളിയും ചിരിയും മെല്ലെ കരച്ചിലിലേക്ക് വഴിമാറും. താലപ്പൊലി കഴിഞ്ഞാല്‍ എല്ലാവരും പിരിയും. മെയ് 20 ഓടെ എല്ലാവരും തിരികെ പോവും. പിന്നെ അമ്മയുടെ വീടിനടുത്തുള്ള ഞങ്ങള്‍ മാത്രം ബാക്കിയാവും. അമ്മയുടെ അച്ഛനും ആങ്ങളമാരും പുതിയ വസ്ത്രങ്ങളും  വെള്ളിപ്പാദസരവും സ്വര്‍ണ കമ്മലും വാങ്ങിത്തരും. അങ്ങനെ മാര്‍ച്ച് 31 -ന് ഒന്നോ രണ്ടോ വസ്ത്രമടങ്ങിയ ഒരു പ്ലാസ്റ്റിക് കവറുമായി അമ്മയുടെ വീട്ടില്‍ പോയ ഞങ്ങള്‍ മെയ് 31 ന് രണ്ടോ മൂന്നോ കവറുകളുമായി വീട്ടിലെത്തും. 

 

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

By admin