‘ 90% പേവിഷബാധയും ഉണ്ടാകുന്നത് നായ്ക്കൾ മുഖേന’ ; പേവിഷബാധ : മുൻകരുതലും ലക്ഷണങ്ങളും

രോഗബാധ ഉണ്ടായാൽ മരണം സുനിശ്ചിതമായ ഒരു ജന്തു ജന്യരോഗമാണ് പേവിഷബാധ. രോഗബാധയുള്ള നായയുടെ കടിയിലൂടെയാണ് പ്രധാനമായും രോഗം പകരുക. പേ വിഷബാധയുള്ള മൃഗങ്ങൾ നക്കുകയോ മാന്തുകയോ ചെയ്താലും രോഗം ഉണ്ടാകും. തലച്ചോറിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പേവിഷബാധ.

90% പേവിഷബാധയും ഉണ്ടാകുന്നത് നായ്ക്കൾ മുഖേനയാണ്. വളർത്തുമൃഗങ്ങളായ നായ, പൂച്ച ,പശു ,ആട് , എന്നിവയിലൂടെയും വവ്വാലുകൾ  എന്നിവയിൽ  നിന്നും രോഗ പകർച്ച ഉണ്ടാവാം. കടിയ്ക്കുകയോ മാന്തുകയോ വഴി ഉണ്ടാകുന്ന മുറിവിലൂടെ രോഗാണുക്കളായ വൈറസുകൾ നാഡികൾ വഴി സുഷമ്നയിലേക്കും തലച്ചോറിലേക്കും എത്തുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നത് .

വളരെ സാവധാനമാണ് ഈ നീക്കം. സാധാരണ ഒരു ദിവസം ഒന്നു മുതൽ രണ്ട് സെൻറീമീറ്റർ മാത്രമാണ് ഇവയ്ക്ക് സഞ്ചരിക്കാൻ ആവുക .അതുകൊണ്ടുതന്നെ കടിയേറ്റ ഭാഗത്ത് നിന്നും തലച്ചോറിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ വാക്സിൻ ഉപയോഗിച്ച് ഇവയെ നിർവീര്യമാക്കുകയാണ് ചെയ്യുന്നത്. തലച്ചോറിനെ ബാധിച്ച് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ പിന്നെ ചികിത്സ ദുർഘടമാണ്.

നായ്ക്കളിൽ ഈ രോഗം രണ്ട് രൂപത്തിൽ കാണപ്പെടാറുണ്ട് രൗദ്ര രൂപവും മൂകരൂപവും. രൗദ്ര രൂപത്തിലുള്ള നായ്ക്കളിൽ ആണ് ആക്രമണ സ്വഭാവം പ്രകടമാകുന്നത്. പ്രത്യേകിച്ചും ഇത്തരം രൗദ്രരൂപ രോഗബാധയുള്ള തെരുവ് നായ്ക്കൾ ആണ് മനുഷ്യരെ കടിക്കുന്നതും ആക്രമിക്കുന്നതും. വളർത്തുനായ്ക്കൾ പെട്ടെന്ന് ആഹാരം കഴിക്കാതിരിക്കുക, കല്ല് , തടിതുടങ്ങിയ വസ്തുക്കൾ കടിച്ചു മുറിക്കുക ,കൂടിന്റെ ഇരുണ്ട മൂലകളിൽ പതിയിരിക്കുക, കൂടിന്റെ അഴികൾ നിർമിക്കാൻ ഉപയോഗിച്ചിട്ടുള്ള വസ്തുക്കളിൽ കടിക്കുക, എന്നും യജമാനനോട് വിധേയത്വത്തോടെ മാത്രം പെരുമാറിയിരുന്ന നായ പെട്ടെന്ന് അക്രമാസക്തൻ ആവുക, തുടൽ പൊട്ടിച്ച് ഓടുക, ഓടുന്ന വഴി കണ്ണിൽ കാണുന്നവരെ എല്ലാം കടിക്കുക, വായിൽ നിന്നും പതഞ്ഞ ഉമിനീരൊഴുകുക എന്നിവയാണ് മൃഗങ്ങളിലെ രോഗബാധയുടെ പ്രധാന ലക്ഷണങ്ങൾ. മനുഷ്യരിൽ എന്നപോലെ ജലഭീതി മൃഗങ്ങളിൽ കാണപ്പെടാറില്ല. 

മൂക രൂപത്തിൽ ഇത്തരത്തിലുള്ള ആക്രമണ സ്വഭാവം പ്രകടിപ്പിക്കാറില്ല. പിൻകാലുകളിൽ  ആരംഭിക്കുന്ന തളർച്ച തുടർന്ന് ദേഹം മുഴുവൻ വ്യാപിക്കുകയും ആഹാരം വിഴുങ്ങുവാനുള്ള ബുദ്ധിമുട്ട് പ്രകടമാക്കുകയും, വായിൽ നിന്നും പതഞ്ഞ ഉമിനീരൊലിക്കൽ, മന്ദത എന്നീ ലക്ഷണങ്ങൾ കാണിക്കും. പൂച്ചകൾ മാന്തിയാലും രോഗബാധ ഉണ്ടാകും പൂച്ചകൾ ഇടയ്ക്കിടെ കൈകൾ ഉയർത്തി വായ തുടയ്ക്കുന്ന ശീലം ഉള്ളതിനാൽ അവയുടെ നഖങ്ങൾക്കിടയിൽ പറ്റിയിട്ടുള്ള ഉമിനീരിൽ വൈറസിന്റെ സാന്നിധ്യം ഉണ്ടാവും. അതുകൊണ്ട് പൂച്ചകൾ മാന്തിയാൽ അത് നിസ്സാരമായി കണക്കാക്കരുത്. 

രോഗബാധാ നിയന്ത്രണത്തിന് പ്രധാനമായും വേണ്ടത് നായ പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങളെ പേവിഷപ്രതിരോധ കുത്തിപ്പിന് വിധേയമാക്കുക എന്നുള്ളതാണ്. വളർത്തു നായ്ക്കൾക്കും പൂച്ചകൾക്കും മൂന്നുമാസം പ്രായമാകുമ്പോൾ ആദ്യത്തെ ഡോസ് പ്രതിരോധ കുത്തിവെപ്പും പിന്നീട് ഒരു മാസത്തിനുശേഷം ഇതേ കുത്തിവെപ്പിന്റെ ബൂസ്റ്റർ ഡോസ് നൽകണം. 

പിന്നീട് എല്ലാവർഷവും ഈ കുത്തിവെപ്പ് ആവർത്തിക്കുകയും വേണം. രോഗബാധ സംശയിക്കുന്ന ഒരു നായയുടെ കടി വളർത്തു മൃഗങ്ങൾക്ക് ഏൽക്കുകയാണെങ്കിൽ 0 , 3 , 7 ,  28, 90 എന്നീ ദിവസങ്ങളിൽ ആ മൃഗത്തിന് പ്രതിരോധ കുത്തി നൽകുകയും വേണം. കൈകൾ കാലുകൾ കഴുത്തിനു മുകളിലുള്ള മുറിവുകൾ എന്നിവ മനുഷ്യരിൽ എന്നപോലെതന്നെ മൃഗങ്ങളിലും റിസ്ക് കൂടുതൽ ഉള്ള സ്ഥലങ്ങളാണ് .നായ, പൂച്ച തുടങ്ങിയ അരുമ മൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പും പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണവും ഈ രോഗബാധ നിയന്ത്രണത്തിന് ആവശ്യമാണ്.

ലേഖിക :  ഡോ. ബീന. ഡി , അസി ഡയറക്ടർ (റിട്ട) മൃഗസംരക്ഷണ വകുപ്പ്.

നായ്ക്കളിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ പേവിഷബാധയാകാം

 

 

 

By admin