വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങ്; വിഡി സതീശൻ പങ്കെടുത്തേക്കില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുത്തേക്കില്ല. വിഷയം വിവാദമായപ്പോൾ  പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുകയാണ് സർക്കാർ ചെയ്തതെന്നാണ് കോൺഗ്രസിലെ പൊതുവികാരം. അപമാനിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് നിന്നുകൊടുക്കേണ്ടതില്ല എന്നാണ് പാർട്ടി വിലയിരുത്തൽ. വിഡി സതീശൻ ചടങ്ങിൽ പങ്കെടുക്കണമോ വേണ്ടയോ എന്നകാര്യത്തിൽ പാർട്ടി നേതാക്കളുമായി ചർച്ച നടത്തി ഇന്ന് അന്തിമ തീരുമാനം എടുക്കും.

വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ സർക്കാർ ക്ഷണിക്കാത്തതിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. പ്രതിപക്ഷ വിമർശനങ്ങൾക്കൊടുവിൽ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ സർക്കാർ ക്ഷണിക്കുകയായിരുന്നു. സർക്കാരിന്‍റെ നാലാം വാർഷികാഘോഷത്തിൻറെ ഭാഗമായാണ് കമ്മീഷനിംഗ് എന്നും ആഘോഷം പ്രതിപക്ഷം ബഹിഷ്ക്കരിച്ചത് കൊണ്ട്  ക്ഷണിച്ചില്ലെന്നുമായിരുന്നു തുറമുഖ മന്ത്രിയുടെ ആദ്യ വിശീദകരണം. വിവാദമായതിന് പിന്നാലെ തിങ്കളാഴ്ചയിലെ തീയതി വെച്ച് ഇന്നലെ ഉച്ചയോടെ പ്രതിപക്ഷനേതാവിന്‍റെ വീട്ടിൽ കത്ത് എത്തിക്കുകയായിരുന്നു. 

Read More:ആന്ധ്രയിൽ ക്ഷേത്ര മതിൽ തകർന്നുവീണ് എട്ട് പേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

കാത്തിരിക്കുന്ന സ്വപ്നപദ്ധതിയുടെ കമ്മീഷനെ ചൊല്ലിയാണ് പുതിയ വിവാദവും പ്രതിഷേധവും. പ്രധാനമന്ത്രി കമ്മീഷൻ ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷത്ത് നിന്ന് ആദ്യം ക്ഷണിച്ചത് സ്ഥലം എംപി ശശി തരൂരിനെയും എംഎൽഎ എം വിൻസെൻറിനെയും മാത്രം. വിഡി സതീശനെ ഒഴിവാക്കാൻ സർക്കാർ നൽകിയ വിശദീകരണമാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. സർക്കാറിന്‍റെ വാർഷികാഘോഷം പ്രതിപക്ഷം ബഹിഷ്ക്കരിച്ചതാണ് കാരണമെന്നായിരുന്നു തുറമുഖ മന്ത്രിയുടെ രാവിലത്തെ വിശദീകരണം. കോൺഗ്രസ് ശക്തമായി വിമ‍ർശിച്ചതോടെ സർക്കാർ വെട്ടിലായിരിക്കുകയാണ്.

2023 ൽ ആദ്യ ചരക്ക് കപ്പലെത്തിയപ്പോൾ ചടങ്ങിലേക്ക് പ്രതിപക്ഷനേതാവിന് ക്ഷണമുണ്ടായിരുന്നു. അന്ന് ക്രെഡിറ്റ് മുഴുവൻ ഉമ്മൻചാണ്ടിക്ക് നൽകിയ സതീശന്‍റെ പ്രസംഗത്തിൽ എൽഡിഎഫിന് അതൃപ്തിയുണ്ടായിരുന്നു. കഴിഞ്ഞ വർഷം ട്രയൽ റണ്ണിന് പ്രതിപക്ഷനേതാവിനെ വിളിച്ചിരുന്നില്ല.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin