വാടക വീട് നോക്കാൻ പുറത്തേക്ക് പോയി, പിന്നെ ഫോൺ സ്വിച്ച് ഓഫ്; ആം ആദ്മി നേതാവിന്റെ മകൾ കാനഡയിൽ മരിച്ച നിലയിൽ
ഓട്ടവ : കാനഡയിൽ 3 ദിവസം മുൻപ് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ആംആദ്മി പാർട്ടി (എഎപി) നേതാവിന്റെ മകളും ഒട്ടാവയിൽ വിദ്യാർഥിനിയുമായിരുന്ന വൻഷിക സെയ്നി (21) യാണ് മരിച്ചത്. ഒട്ടാവയിലെ ബീച്ചിലാണ് വൻഷികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്മൊഹാലി ജില്ലയിലെ എഎപിയുടെ ബ്ലോക്ക് പ്രസിഡന്റ് ദേവീന്ദർ സെയ്നിയുടെ മകളാണ് വൻഷിക സെയ്നി. ഈ മാസം 18ന് ബിരുദ പഠനം പൂർത്തിയാക്കിയ വൻഷികയെ ഓട്ടവയിലെ താമസസ്ഥലത്തുനിന്നു വെള്ളിയാഴ്ച രാത്രിയാണ് കാണാതാകുന്നത്.
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് മറ്റൊരു വാടകവീട് നോക്കാനായി പുറത്തേക്ക് പോയ വൻഷികയെ പിന്നീട് കാണാതാവുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.30 മുതല്‍ വൻഷികയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി. പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. പിറ്റേദിവസം കോളേജില്‍ പരീക്ഷയ്ക്കും വിദ്യാർഥിനി ഹാജരായില്ല. ദിവസവും ഫോണിൽ സംസാരിക്കുന്ന മകൾ വിളിക്കാതിരുന്നതോടെയാണ് കുടുംബം പൊലീസിൽ വിവരം അറിയിക്കുന്നത്. വൻഷികയ്ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ് പഠിക്കുന്ന കോളേജിന് സമീപത്തെ ബീച്ചില്‍ മൃതദേഹം കണ്ടെത്തിയത്.
രണ്ട് വർഷം മുമ്പാണ് യുവതി പഠനത്തിനായി കാനഡയിലെത്തിയത്. വിദ്യാര്‍ഥിനിയുടെ മരണം കാനഡയിലെ ഇന്ത്യന്‍ എംബസിയും ചൊവ്വാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തിൽ ഇടപെടുന്നുണ്ടെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വൻഷികയുടെ മരണകാരണം സംബന്ധിച്ച് പൊലീസ് ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല. വിദ്യാര്‍ഥിനിയുടെ മൊബൈല്‍ഫോണും പൊലീസിന് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.