പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ്റെ പ്രതികരണം; ‘ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല’

കൊച്ചി: പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ. ലഹരിയും മദ്യപാനവും ശരിയായ ശീലമല്ലെന്നും താൻ തിരുത്തുമെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്നെ കേൾക്കുന്നവർ ലഹരിയുടെയും മദ്യത്തിൻ്റെയും വഴി സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു. തിരുത്താനുള്ള ശ്രമത്തിലാണ് താനെന്നും തിരുത്തുമെന്നും വേടൻ വ്യക്തമാക്കി.

പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പുലിപ്പല്ല് കേസിൽ വേടന് ഇന്ന് ജാമ്യം അനുവദിച്ചത്. യഥാർത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്നും സമ്മാനമായി കിട്ടിയതാണെന്നും പുലിപ്പല്ലാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കില്ലായിരുന്നു എന്നുമാണ് വേടൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. എന്നാൽ ഈ വാദങ്ങൾ കോടതി വിശ്വാസത്തിലെടുത്തില്ല.  നാളെ ആർക്കും ഈ അവസ്ഥ നേരിട്ടേക്കാമെന്നും പുലിപ്പല്ല് ആണോയെന്ന് ശാസ്ത്രീയ പരിശോധനയും നടത്തിയിട്ടില്ലെന്നും വേടൻ്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

ജാമ്യാപേക്ഷയെ എതിർത്ത വനം വകുപ്പ്, വേടൻ രാജ്യം വിട്ടു പോയേക്കുമെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കോടതിയിൽ വാദിച്ചു. എന്നാൽ സമ്മാനം തന്ന ആളെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അയാളെ ഇനി കണ്ടാൽ തിരിച്ചറിയുമോ എന്നു പോലും തനിക്കറിയില്ലെന്നും വേടൻ കോടതിയിൽ പറഞ്ഞു. ആളെ കണ്ടെത്താൻ എവിടെ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒപ്പം പോകാനും താൻ തയാറാണെന്നും ജാമ്യം ആവശ്യപ്പെട്ട് വേടൻ പറഞ്ഞു.

ജാമ്യം ലഭിച്ചതിന് പിന്നാലെ വേടനെ പുകഴ്ത്തി വനം മന്ത്രി ശശീന്ദ്രൻ രംഗത്ത് വന്നു. വേടന്റെ അറസ്റ്റ് അസാധാരണത്വം സൃഷ്ടിച്ചത് ദൗര്‍ഭാഗ്യകരമാണ്. വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണ്. സാമൂഹികവും സാംസ്‌കാരികവുമായ പിന്തുണയുമായി വനം വകുപ്പും വേടന്റെ ഒപ്പമുണ്ടാകും. കേസുകള്‍ സംബന്ധിച്ച് അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം ദൃശ്യമാധ്യമങ്ങളോട് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ മന്ത്രി, കേസിനെ പെരുപ്പിച്ചു കാണിക്കാനിടയായ പ്രതികരണം നടത്തിയതിന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും പറഞ്ഞു.

By admin