പാകിസ്ഥാനെതിരെ ഇന്ത്യ സാമ്പത്തിക ഉപരോധം ഏര്‍പെടുത്തും, നിലവിലുള്ള വാണിജ്യബന്ധം പൂര്‍ണ്ണമായും നിര്‍ത്തിയേക്കും

ദില്ലി: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരവാദി ആക്രമണത്തിൽ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണാധികാരം നല്‍കിയതിന് പിന്നാലെ ദില്ലിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണ്ണായക യോഗങ്ങള്‍ ചേര്‍ന്നു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു നിര്‍ണ്ണായക യോഗങ്ങള്‍.പാകിസ്ഥാനെതിരെ സാമ്പത്തിക ഉപരോധമടക്കം കൂടുതല്‍ നടപടികള്‍ക്ക് ഇന്ത്യ ആലോചിക്കുകയാണ്. പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചേക്കും.

സാമ്പത്തിക, സുരക്ഷ, രാഷ്ട്രീയ കാര്യ സമിതി യോഗങ്ങളാണ് ആദ്യം നടന്നത്. ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കെടുത്തു. പിന്നാലെ കേന്ദ്രമന്ത്രിസഭയും യോഗം ചേര്‍ന്നു. സിന്ധു നദി ജല കരാര്‍ മരവിപ്പിച്ച് പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ സാമ്പത്തിക ഉപരോധം ശക്തമാക്കാനാണ് നീക്കം. ഇറക്കുമതിയടക്കം  നിലവിലുള്ള വാണിജ്യ ബന്ധം പൂര്‍ണ്ണമായും നിര്‍ത്തിയേക്കും. 

പാകിസ്ഥാനി വിമാനങ്ങളുടെ സഞ്ചാരം തടഞ്ഞ് ഇന്ത്യന്‍ വ്യോമപാത അടച്ചേക്കും. കപ്പല്‍ ഗതാഗതത്തിനും തടയിടാന്‍ സാധ്യതയുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ തുറന്ന് കാട്ടും. എംപിമാരുടെ സംഘത്തെ അറബ് രാജ്യങ്ങളിലേക്കയച്ച് സാഹചര്യം വിശദീകരിക്കും. മന്ത്രിസഭ യോഗത്തിന് ശേഷം വിവിധ മന്ത്രാലയ സെക്രട്ടറിമാരുമായും മോദി കൂടിക്കാഴ്ച നടത്തി. തിരിച്ചടിക്കാന്‍ സാഹചര്യവും, സമയവും തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതോടെ വിശദമായ പദ്ധതി സൈന്യം പ്രധാനമന്ത്രിക്ക് നല്‍കും.പ്രധാനമന്ത്രിയുടെ അനുമതിയോടെയാകും ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുക.

. ഇതിനിടെ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്‍റെ ആവശ്യം പരിഗണനയിലുണ്ടെന്നും, സര്‍ക്കാര്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അറിയിച്ചു. അതേ സമയം തുടര്‍ച്ചായ ഏഴാം ദിവസവും ബിഎസ്എഫ് ജവാന്‍ർറെ കാര്യത്തില്‍ ഒരറിയിപ്പും നല്‍കാതെ ബിഎസ്എഫ് ഉരുണ്ടുകളിക്കുകയ.ാണ്. അതിര്‍ത്തിയില്‍ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ജവാന്‍റെ കുടുംബം അതിര്‍ത്തിക്കടുകത്തുള്ള പഠാന്‍ കോട്ടിലെത്തി കാത്തിരിക്കുകയാണ്.

By admin