ചപ്പാത്തിയുണ്ടാക്കുന്നതിനിടെ സതിയമ്മയുടെ കൈ മെഷീനിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
അമ്പലപ്പുഴ: ചപ്പാത്തി മെഷീനിൽ സ്ത്രീയുടെ കൈ കുടുങ്ങി. അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ചപ്പാത്തി നിർമ്മാണത്തിനിടെ പുന്നപ്ര ചന്ദ്ര ഭവനം സതിയമ്മയുടെ (57) വലതു കൈ കുടുങ്ങി സാരമായി പരിക്കേൽക്കുകയായിരുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കമ്പി വളപ്പിൽ അജ്മൽ എന്നയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ ഫുഡ് പ്രോഡക്ട്സ് എന്ന ചപ്പാത്തി നിർമ്മാണ കമ്പനിയിലാണ് സംഭവം.
തകഴിയിൽ നിന്നും ആലപ്പുഴയിൽ നിന്നുമെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ അരമണിക്കൂർ കൊണ്ട് ഹൈഡ്രോളിക് കട്ടിങ് മെഷീൻ ഉപയോഗിച്ച് യന്ത്രം അകത്തിയും മുറിച്ചു നീക്കിയും കൈപുറത്തെടുത്തു. സതിയമ്മയെ അമ്പലപ്പുഴ പൊലീസിന്‍റെ സഹായത്തോടെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തകഴി സ്റ്റേഷൻ ഓഫീസർ എസ് സുരേഷ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.