ക്രൈമിയ; ട്രംപിന്‍റെ പ്രഖ്യാപനം റഷ്യയ്ക്ക് മധുരവും യുക്രൈന് കയ്പ്പുമാകുന്ന വഴി

ക്രൈമിയ; ട്രംപിന്‍റെ പ്രഖ്യാപനം റഷ്യയ്ക്ക് മധുരവും യുക്രൈന് കയ്പ്പുമാകുന്ന വഴി

മേരിക്കൻ പ്രസിഡന്‍റിന്‍റെ ക്രൈമിയ പ്രഖ്യാപനം റഷ്യക്ക് പാൽപായസമാണ്. യുക്രൈയ്ന് കാഞ്ഞിരത്തിന്‍റെ കയ്പ്. ലോകം തന്നെ ഞെട്ടി. ഇതുവരെ ലോകം അംഗീകരിച്ചിരുന്ന നിയമങ്ങൾ തന്നെ അട്ടിമറിക്കുന്നതാണ് ട്രംപിന്‍റെ പ്രഖ്യാപനം. അതിന്‍റെ പ്രത്യാഘാതമെന്തെന്ന് പ്രസിഡന്‍റ് ചിന്തിച്ചിട്ടില്ലേ എന്നാണ് സംശയം.

റഷ്യ കീഴ്പ്പെടുത്തിയ ക്രൈമിയ

ക്രൈമിയ റഷ്യയുടേത് തന്നെ എന്ന് ട്രംപ് പറഞ്ഞത് ഒരു അഭിമുഖത്തിലാണ്. ലോകക്രമം തന്നെ അട്ടിമറിക്കപ്പെടുന്ന പ്രഖ്യാപനം. 1991 -ൽ സോവിയറ്റ് യൂണിയനിൽ നിന്ന് യുക്രൈയ്ൻ സ്വതന്ത്രമായപ്പോൾ മുതൽ ക്രൈമിയ യുക്രൈയ്ന്‍റെ ഭാഗമാണ്. 25 ലക്ഷം പേരാണ് താമസക്കാർ. റഷ്യ പിടിച്ചെടുത്തത് 2014 -ൽ മാത്രം. അതും റഷ്യൻ അനുകൂലിയായ യുക്രൈയ്നിലെ  സർക്കാരിനെ അട്ടിമറിച്ചതിലുള്ള പ്രതികാരം തീര്‍ത്തത്. വിക്ടർ യാനുക്കോവിച്ചായിരുന്നു ആ ഭരണാധികാരി. ഇന്നും റഷ്യയുടെ പ്രിയപുത്രൻ. യൂറോപ്പുമായുള്ള വ്യാപാരക്കരാറിൽ നിന്ന് പിൻമാറി, റഷ്യയുമായി കരാറിലെത്താനുള്ള യാനുക്കോവിച്ചിന്‍റെ നീക്കമാണ് പ്രതിഷേധത്തിന് കാരണമായത്.

കുഞ്ഞന്‍ പച്ചക്കുപ്പായക്കാര്‍

അന്ന്  മെയ്ഡൻ പ്രോട്ടെസ്റ്റ്സ്  (Maidan Protests) എന്ന് പേരുകേട്ട പ്രതിഷേധത്തിന്‍റെ കേന്ദ്രം  കീവിലെ മെയ്ഡൻ  (Maidan) അഥവാ സ്വാതന്ത്ര്യത്തിന്‍റെ ചത്വരമായിരുന്നു. 77 പേർ മരിച്ചുവെന്നാണ് യുക്രൈയ്ന്‍റെ കണക്ക്. അതിൽ 49 പേർ മരിച്ചത് ഫെബ്രുവരി 20 ന്. സർക്കാരിന്‍റെ സ്നൈപ്പർമാരുടെ വെടിയേറ്റ്. അതിന് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ക്രൈമിയയിൽ പച്ചയുടുപ്പിട്ട മനുഷ്യർ പ്രത്യക്ഷപ്പെട്ട് തുടങ്ങി, ലിറ്റില്‍ ഗ്രീന്‍ മെന്‍ (Little green men).

ക്രൈമിയ; ട്രംപിന്‍റെ പ്രഖ്യാപനം റഷ്യയ്ക്ക് മധുരവും യുക്രൈന് കയ്പ്പുമാകുന്ന വഴി

സർക്കാർ കെട്ടിടങ്ങൾക്ക് പുറത്തും സൈനികാസ്ഥാനങ്ങൾക്ക് പുറത്തും അവരെ കണ്ടുതുടങ്ങി. പതുക്കെ എണ്ണം കൂടി. പാർലമെന്‍റ് പിടിച്ചെടുത്തു. തനിക്കൊന്നുമറിയില്ലെന്ന് ആവർത്തിച്ചു വ്ലദിമീർ പുടിൻ. പക്ഷേ,  അഭിപ്രായവോട്ടെടുപ്പ് വിളിച്ചു. ജയിച്ചു എന്നും പ്രഖ്യാപിച്ചു. 2022 -ലാണ് പൂർണ അധിനിവേശം നടന്നത്. തന്‍റെ സൈനികരായിരുന്നു  അടയാളങ്ങളില്ലാത്ത പച്ചയുടുപ്പിട്ടവരെന്ന് പുടിൻ സമ്മതിച്ചു.ഈ അധിനിവേശം ലോകം അംഗീകരിച്ചിട്ടില്ല. വടക്കൻ കൊറിയപോലുള്ള രാജ്യങ്ങളൊഴിച്ച്.

തന്ത്രപരമായ സ്ഥാനം

ക്രൈമിയയുടെ സ്ഥാനമാണ് റഷ്യയെ ആകർഷിക്കുന്നത്. കരിങ്കടലിന്‍റെ തീരത്തുള്ള  ക്രൈമിയ റഷ്യയുടെ ഭാഗമായത് 18 നൂറ്റാണ്ടിൽ. അന്നാണ് റഷ്യയുടെ ‘ബ്ലാക്ക് സീ ഫ്ലീറ്റ്’ (Black Sea Fleet) തുടങ്ങിയതും കരിങ്കടിലിലെ സെവാസ്റ്റോപോൾ ആസ്ഥാനമാക്കിയതും.

പഴയ ചരിത്രം

1853 -ലാണ് ക്രൈമിയൻ യുദ്ധം. റഷ്യയും ഓട്ടോമെൻ സാമ്രാജ്യവും തമ്മിൽ. അതിൽ ബ്രിട്ടവും ഫ്രാൻസും തുർക്കിയും ഓട്ടോമെൻ ചക്രവർത്തിയെ പിന്തുണച്ചു. ഓട്ടോമെൻ അധീനതയിലെ പ്രദേശത്തുള്ള ഓർത്തഡോക്സ് ക്രൈസ്തവരുടെ മേൽ ആർക്കാണ് അധികാരം എന്ന തർക്കമാണ് യുദ്ധത്തിന് കാരണം. റഷ്യ അധിനിവേശത്തിന് ശ്രമിച്ചുവെന്ന് പടിഞ്ഞാറൻ വ്യാഖ്യാനം. എന്തായാലും റഷ്യ തോറ്റു, ക്രൈമിയയിൽ നിന്ന് പിൻമാറി.

1921 -ൽ  ക്രൈമിയ സോവിയറ്റ് യൂണിയന്‍റെ ഭാഗമായി. അന്നത് തുർക്കി ഭാഷ സംസാരിക്കുന്ന ടാർട്ടാറുകളുടെ നാടായിരുന്നു. ജോസഫ് സ്റ്റാലിൻ അവരെ നാടുകടത്തി. ലോകമഹായുദ്ധത്തിൽ നാസികളെ പിന്തുണച്ചു എന്നായിരുന്നു ആരോപണം. 1954 വരെ ക്രൈമിയ അങ്ങനെ തുടർന്നു. ’54 -ൽ സോവിയറ്റ് നേതാവായിരുന്ന നികിത ക്രുഷ്ചേവ്, ക്രൈമിയ യുക്രൈയ്ന് കൈമാറി. മോസ്കോയും കീവും ഒന്നായപ്പോൾ. പക്ഷേ, സോവിയ്റ്റ് സാമ്രാജ്യം തകർന്നപ്പോൾ ക്രൈമിയ യുക്രൈയ്ന്‍റെ ഭാഗമായി. പക്ഷേ, അപ്പോഴും റഷ്യ കരിങ്കടലിലെ സെവാസ്റ്റോപോൾ വിട്ടുകൊടുത്തില്ല. പാട്ടത്തിനെടുത്തു. പക്ഷേ, അതൊരു ജിയോപൊളിറ്റിക്കൽ പ്രശ്നമായി തന്നെ തുടർന്നു.

യുക്രൈയ്ന്‍റെ ധാന്യപ്പുര

അങ്ങനെയിരിക്കുമ്പോഴാണ് 2014 -ൽ ക്രൈമിയ റഷ്യ പിടിച്ചടക്കിയത്. ക്രൈമിയ വിട്ടുകൊടുക്കാൻ പക്ഷേ, യുക്രൈയ്നും തയ്യാറല്ല. ചില പ്രദേശങ്ങൾ വിട്ടുകൊടുക്കേണ്ടിവരുമെന്ന് സൈനിക മേധാവി പറഞ്ഞെങ്കിൽകൂടി. ക്രൈമിയ യുക്രൈയ്ന്‍റെ ധാന്യപ്പുരയാണ്. ഗോതമ്പും ചോളവും വിളയുന്ന, സൂര്യകാന്തി പൂത്തുലയുന്ന നാട്. മാത്രമല്ല, രണ്ട് ധാന്യശേഖരണ കേന്ദ്രങ്ങളിൽ ഒന്നിവിടെയാണ്. ക്രൈമിയയുടെ വടക്ക് യുക്രൈയ്നും കിഴക്ക് റഷ്യയുമാണ്. യുക്രൈയ്നും ക്രൈമിയക്കും ഇടയിൽ കരയുണ്ട്. റഷ്യക്കും ക്രൈമിയക്കുമിടയിൽ കടലിടുക്കാണ്, കെർച്ച് കടലിടുക്ക് (Kerch Strait). പാലം നിർമ്മിച്ചു റഷ്യ, അസോവ് തീരത്തെ പാലം പിടിച്ചെടുക്കുകയും ചെയ്തു.

മസ്കിന്‍റെ വാദവും
റഷ്യയുടെ താത്പര്യവും

യുദ്ധത്തിനിടെ ഇലൺ മസ്ക് ഒരു സമാധാന പദ്ധതി മുന്നോട്ടുവച്ചിരുന്നു. അതാരും അത്ര കാര്യമായെടുത്തില്ല. പക്ഷേ, അതിലാണ് റഷ്യയുടെ യുക്രൈയ്ൻ അധിനിവേശത്തിന്‍റെ ശരിയായ കാരണം എന്ന് പറയുന്നുണ്ട്. ക്രൈമിയ റഷ്യയുടേതായി അംഗീകരിക്കണം, യുക്രൈയ്നിൽ നിന്ന് ക്രൈമിയയ്ക്ക് വെള്ളം ഉറപ്പാക്കണം എന്ന രണ്ട് കാര്യങ്ങളാണ് മസ്ക് നി‍ർദ്ദേശിച്ചത്.

ഈ നിർദ്ദേശത്തിലുണ്ട് കഥയുടെ കാതൽ എന്നാണ് നിരീക്ഷക പക്ഷം. റഷ്യക്കെന്ത് കൊണ്ട് ക്രൈമിയ ഇത്ര പ്രധാനമാകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം. റഷ്യയെ യൂറോപ്യൻ വൻശക്തിയാക്കണമെങ്കിൽ പുടിന് ക്രൈമിയ വേണം. അതിനൊരു കാരണം സെവാസ്റ്റോപോൾ തുറമുഖമാണ്. മഞ്ഞുറയാത്ത, ആഴമുള്ള തുറമുഖം. റഷ്യയുടെ സോച്ചിയ്ക്കും (Sochi), നോവോറോസ്സ്യസ്കിനും (Novorossiysk) ആഴം കുറവാണ്. കപ്പലുകൾ അടുക്കില്ല. ദൂരെ നങ്കൂരമിടണം. ബ്ലാക് സീ ഫ്ലീറ്റിന്‍റെ (Black Sea Fleet) ആസ്ഥാനമാക്കാൻ പറ്റില്ല. മാത്രമല്ല, ധ്രുവപദേശത്തായതിനാൽ മറ്റ് തുറമുഖങ്ങളിൽ മഞ്ഞുമൂടും.

ഇനി വെള്ളത്തിന്‍റെ കാര്യം. ക്രൈമിയ മാത്രം കൈയിൽ കിട്ടിയാൽ പോര, അവിടെ വെള്ളമില്ല. മഴ കുറവ്. 1971 -ൽ സോവിയറ്റ് യൂണിയൻ ഒരു കനാൽ നിർമ്മിച്ചിരുന്നു. പക്ഷേ, 2014 -ലെ അധിനിവേശത്തോടെ യുക്രൈയ്ൻ അണക്കെട്ട് കെട്ടി അതടച്ചു. യുദ്ധം തുടങ്ങിയപ്പോൾ റഷ്യ അണക്കെട്ട് തകർത്തു. അതോടെ വെള്ളം വന്നുതുടങ്ങി. ഈ കനാലിന്‍റെ അങ്ങ് ഡിനീപ്രോ നദിവരെയുള്ള ഭാഗം നിയന്ത്രണത്തിൽ വേണം എന്നാണ് പുടിന്‍റെ ആഗ്രഹം. അത് നടക്കണമെങ്കിൽ ഖെർസൺ (Kherson) പ്രവിശ്യ സ്വന്തമാക്കണം. ഖെർസൺ കീഴടക്കിയതിന്‍റെ കാരണവും അതാണെന്നാണ് വാദം.

ട്രംപിന്‍റെ വീഴ്ച

ഇവിടെയാണ് ഡോണൾഡ് ട്രംപും തട്ടി വീണത്. ക്രൈമിയ റഷ്യയുടേതാണ് എന്ന പ്രസ്താവന അതിൽ നിന്നാണുണ്ടായത്. പക്ഷേ, യുഎൻ ചാർട്ടറിനും എതിരാണ് ആ പ്രസ്താവന.ഇനി അതംഗീകരിക്കണമെങ്കിൽ തന്നെ കടമ്പകളുണ്ട് യുക്രൈയ്ന്. അഭിപ്രായ വോട്ടെടുപ്പ് നടക്കണം. ഭരണഘടന ഭേദഗതി ചെയ്യണം. സൈനിക നിയമം നിലനിൽക്കുമ്പോൾ ഇതൊന്നും സാധ്യമല്ല. അതുമാത്രമല്ല, അധിനിവേശം അംഗീകരിച്ചാൽ അതിന്‍റെ പ്രത്യാഘാതം പല രാജ്യങ്ങൾ അനുഭവിക്കേണ്ടിവരും.

മാത്രമല്ല, സ്റ്റാലിൻ നാടുകടത്തിയ ടാർട്ടാറുകൾ 89 -ൽ തിരിച്ചെത്തിയിരുന്നു.  ഇന്നവർ ജനസംഖ്യയുടെ 15 ശതമാനം വരും. അവർക്ക് റഷ്യയുടെ ഭാഗമാകുന്നതിൽ താൽപര്യമില്ല. തീർന്നില്ല, ഡോണട്സ്കും ലുഹാൻസ്കും സപ്പോർഷ്യയും കൂടി വേണമെന്നാണ് റഷ്യയുടെ താൽപര്യം. ചർച്ചകളിൽ എന്താണ് ഉരുത്തിരിയുക എന്നറിയാനിരിക്കുന്നതേയുള്ളൂ. പക്ഷേ, അതിന് തൊട്ടുമുമ്പാണ് റഷ്യൻ സൈനിക ജനറൽ കൊല്ലപ്പെട്ടത്. അതും കാർബോംബ് ആക്രമണത്തിൽ. ചർച്ച നടക്കുന്നത് യുക്രൈയ്നില്ലാതെയാണ്. അതും അറിയേണ്ടതുണ്ട്.
 

By admin