കളിയോ കാര്യമോ? റിങ്കു സിംഗിന്‍റെ മുഖത്തടിച്ച് കുല്‍ദീപ് യാദവ്; ഞെട്ടി കെകെആര്‍ താരം, വീഡിയോ ചര്‍ച്ചയാവുന്നു

ദില്ലി: ഐപിഎല്‍ 2025 മത്സരത്തിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റര്‍ റിങ്കു സിംഗിന്‍റെ മുഖത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌പിന്നര്‍ കുല്‍ദീപ് യാദവ് അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. രണ്ട് തവണ റിങ്കുവിന്‍റെ മുഖത്ത് കുല്‍ദീപ് പതിയെ അടിക്കുന്നത് വീഡിയോയില്‍ കാണാം. ക്രിക്കറ്റിലെ അടുത്ത സുഹൃത്തുക്കളാണ് റിങ്കുവും കുല്‍ദീപും എന്നും, അതിനാല്‍ തമാശയായാണ് കുല്‍ദീപ് ഇങ്ങനെ ചെയ്തത് എന്നുമാണ് ഒരു വിഭാഗം ആരാധകരുടെ വാദം. അതേസമയം തമാശയ്ക്കാണെങ്കില്‍പ്പോലും കുല്‍ദീപ് ചെയ്തത് വളരെ മോശമായിപ്പോയി എന്ന് മറുവിഭാഗവും വാദിക്കുന്നു. കുല്‍ദീപിനെ ഐപിഎല്ലില്‍ നിന്ന് വിലക്കണം എന്നുവരെ വാദിക്കുന്ന ആരാധകരുണ്ട്. എന്നാല്‍ ഇരുവരും എന്താണ് സംസാരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ല. എക്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ വീഡിയോ വലിയ ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. 

ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം വേദിയായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 14 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റിന് 204 റണ്‍സാണ് നേടിയത്. പവര്‍പ്ലേയില്‍ റഹ്‌മാനുള്ള ഗുര്‍ബാസും സുനില്‍ നരെയ്‌നും നല്‍കിയ വെടിക്കെട്ട് തുടക്കം മുതലാക്കിയായിരുന്നു കൊല്‍ക്കത്ത കൂറ്റന്‍ സ്കോറിലെത്തിയത്. ഗുര്‍ബാസ് 12 പന്തില്‍ 26 ഉം, നരെയ്‌ന്‍ 16 പന്തില്‍ 27 ഉം, ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 14 പന്തില്‍ 26 ഉം റണ്‍സ് നേടിയപ്പോള്‍ യുവതാരം ആന്‍ഗ്രിഷ് രഘുവന്‍ഷി 32 പന്തുകളില്‍ 44 റണ്ണെടുത്ത് ടീമിന്‍റെ ടോപ് സ്കോററായി. വെങ്കടേഷ് അയ്യര്‍ 7 റണ്‍സ് മാത്രമെടുത്ത് വീണ്ടും നിരാശ സമ്മാനിച്ചു. റിങ്കു സിംഗ് (25 പന്തില്‍ 36), ആന്ദ്രേ റസല്‍ (9 പന്തില്‍ 17) എന്നിവരും കെകെആറിനെ തുണച്ചു. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും വിപ്രജ് നിഗമും അക്‌സര്‍ പട്ടേലും രണ്ട് വീതവും വിക്കറ്റ് നേടി. 

മറുപടി ബാറ്റിംഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പോരാട്ടം 20 ഓവറില്‍ 190-9 എന്ന നിലയില്‍ അവസാനിച്ചു. അഭിഷേക് പോരെല്‍ 2 പന്തില്‍ 4 റണ്‍സിലും, കരുണ്‍ നായര്‍ 13 പന്തില്‍ 15 റണ്ണിലും, കെ എല്‍ രാഹുല്‍ 5 പന്തില്‍ 7 റണ്‍സിലും മടങ്ങിയപ്പോള്‍ 45 പന്തില്‍ 62 റണ്‍സുമായി ഫാഫ് ഡുപ്ലസിസ് ചെറുത്തുനിന്നു. ഇതിന് ശേഷം അക്‌സര്‍ പട്ടേലും വിപ്രജ് നിഗമും നടത്തിയ പോരാട്ടത്തിലും ഡല്‍ഹിക്ക് ജയിക്കാനായില്ല. അക്‌സര്‍ 23 പന്തില്‍ 43 ഉം, വിപ്രജ് 19 പന്തില്‍ 38 റണ്‍സുമെടുത്തു. ട്രിസ്റ്റന്‍ സ്റ്റബ്‌സും അഷുതോഷ് ശര്‍മ്മയും തിളങ്ങാനാവാതെ വന്നത് ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടിയായി. 

Read more: തോറ്റാല്‍ പുറത്ത്, സിഎസ്‌കെ ഇറങ്ങുന്നു; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സീസണില്‍ പിഴച്ചത് എവിടെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin