ആ 24 കോടിയോളം രൂപ വെള്ളത്തിലായോ? ഐപിഎല്‍ 2025ലെ ഏറ്റവും ഫ്ലോപ്പോ വെങ്കടേഷ് അയ്യര്‍!

ദില്ലി: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ ജയത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ്. നിലവില്‍ 10 മത്സരങ്ങളില്‍ 9 പോയിന്‍റുമായി ഏഴാമതാണ് കെകെആര്‍. കൊല്‍ക്കത്ത പ്രതീക്ഷ അവശേഷിക്കുന്നുവെങ്കിലും ഈ സീസണിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ അധികം വിമര്‍ശനം കേള്‍ക്കാതെ രക്ഷപ്പെടുന്നൊരു താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലുണ്ട്. ഇടംകൈയന്‍ ബാറ്റിംഗും വലംകൈയന്‍ മീഡിയം പേസുമായി  ഓള്‍റൗണ്ടര്‍ ടാഗുള്ള വെങ്കടേഷ് അയ്യര്‍. അതും 24 കോടിയോളം രൂപയ്ക്ക് കൊല്‍ക്കത്ത ടീമിലെടുക്കുകയും വൈസ് ക്യാപ്റ്റനാക്കുകയും ചെയ്ത താരം. 

ഐപിഎല്‍ കരിയറില്‍ സ്വപ്നതുല്യമായ തുടക്കം നേടിയ താരമാണ് വെങ്കടേഷ് അയ്യര്‍. 2021ലെ അരങ്ങേറ്റ സീസണില്‍ 10 മത്സരങ്ങളില്‍ 370 റണ്‍സും മൂന്ന് വിക്കറ്റും സ്വന്തമാക്കി. പിന്നീട് 2022ല്‍ 182 ഉം, 2023ല്‍ 404 ഉം, 2024ല്‍ 370 ഉം റണ്‍സ് നേടി വെങ്കടേഷ് കെകെആര്‍ മാനേജ്‌മെന്‍റിന്‍റെ വിശ്വാസം കാത്തു. കൊല്‍ക്കത്തയുടെ 2024ലെ കിരീടധാരണത്തില്‍ നിര്‍ണായക സാന്നിധ്യവുമായി. 2025ലെ മെഗാതാരലേലത്തിന് മുമ്പ് വെങ്കടേഷിനെ നിലനിര്‍ത്താന്‍ കെകെആറിനായില്ലെങ്കിലും ലേലത്തില്‍ പൊരിഞ്ഞ വിളിക്കൊടുവില്‍ 23 കോടി 75 ലക്ഷം രൂപയ്ക്ക് വെങ്കടേഷ് അയ്യരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. രണ്ട് കോടി രൂപയായിരുന്നു ലേലത്തില്‍ വെങ്കടേഷ് അയ്യരുടെ അടിസ്ഥാന വില. 24 കോടിയോളം രൂപ കീശയിലെത്തിയതോടെ വെങ്കടേഷ്  മെഗാതാരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ച മൂന്നാമത്തെ താരമായി. 

എന്നാല്‍ 23 കോടി 75 ലക്ഷം രൂപയുടെ മൊതലായ വെങ്കടേഷ് അയ്യര്‍ അതിദയനീയ പ്രകടനമാണ് ഐപിഎല്‍ പതിനെട്ടാം സീസണില്‍ കാഴ്ചവെക്കുന്നത്. ഐപിഎല്‍ 2025ല്‍ കെകെആര്‍ കളിച്ച പത്ത് മത്സരങ്ങളിലും വെങ്കടേഷ് ക്രീസിലെത്തി. നേടിയതാവട്ടെ, 20.29 ശരാശരിയിലും 139.22 സ്ട്രൈക്ക്റേറ്റിലും 142 റണ്‍സ് മാത്രവും. സീസണിലെ നേട്ടം 15 ഫോറും നാല് സിക്‌സറും. ഒരു അര്‍ധസെഞ്ചുറി മാത്രം നേടിയപ്പോള്‍ ഉയര്‍ന്ന സ്കോര്‍ 60. ഈ സീസണിലാവട്ടെ വെങ്കടേഷ് അയ്യര്‍ ഒരു പന്ത് പോലും എറിഞ്ഞിട്ടില്ല. 2021ലെ ആദ്യ സീസണിന് ശേഷം പന്തെറിയുന്നത് കുറഞ്ഞുവന്നുവെന്നത് അധികമാരും കാണാതെപോകുന്ന മറ്റൊരു യാഥാര്‍ഥ്യം. 2021ന് ശേഷം ഐപിഎല്ലില്‍ വെങ്കടേഷ് അയ്യര്‍ക്ക് ഒരു വിക്കറ്റ് പോലുമില്ല. 2024ല്‍ ആകെ എറിഞ്ഞത് ഒരോവര്‍.

കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും വെങ്കടേഷ് അയ്യര്‍ ബാറ്റിംഗ് പരാജയമായി. അഞ്ചാമനായി ക്രീസിലെത്തി 5 പന്ത് ക്രീസില്‍ നിന്ന താരം ഏഴ് റണ്‍സ് മാത്രമെടുത്ത് ഡല്‍ഹി ക്യാപ്റ്റനും സ്‌പിന്നറുമായ അക്സര്‍ പട്ടേലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. രണ്ടാം ഇന്നിംഗ്‌സിലാവട്ടെ ടീം വൈസ് ക്യാപ്റ്റന്‍ കൂടിയായ വെങ്കടേഷ് അയ്യരെ സബ് ചെയ്ത് വൈഭവ് അറോറയെ ഇറക്കുകയാണ് കൊല്‍ക്കത്ത ചെയ്തത്. തനിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇട്ട വിലയായ 23.75 കോടി രൂപയെ സാധൂകരിക്കാന്‍ ഇതുവരെ ഐപിഎല്‍ 2025ല്‍ വെങ്കടേഷ് അയ്യര്‍ക്കായിട്ടില്ല. ഉയര്‍ന്ന പ്രൈസ് ടാഗാണ് വെങ്കടേഷിന് തിരിച്ചടിയാവുന്നത് എന്നാണ് ഇന്ത്യന്‍ മുന്‍താരം ആര്‍ പി സിംഗിന്‍റെ നിരീക്ഷണം. ഇനി വെങ്കടേഷ് അയ്യരുടെ ഫോമില്ലായ്‌മ മാറ്റാന്‍ എന്തെങ്കിലും പോംവഴി കൊല്‍ക്കത്ത മാനേജ്‌മെന്‍റിന് മുന്നിലുണ്ടോ? 

കെകെആറില്‍ ഓപ്പണറായാണ് വെങ്കടേഷ് അയ്യര്‍ ഐപിഎല്‍ കരിയര്‍ തുടങ്ങിയത്. ഓപ്പണറുടെ റോളിലെത്തിയാണ് വെങ്കടേഷ് ആദ്യ സീസണുകളില്‍ റണ്‍സ് സമ്പാദിച്ചതും. ഗ്രൂപ്പ് ഘട്ടത്തില്‍ അവശേഷിക്കുന്ന നാല് മത്സരങ്ങളില്‍ വെങ്കടേഷിനെ ഓപ്പണിംഗിലേക്ക് മടക്കിക്കൊണ്ടുവന്ന് അടുത്ത പരീക്ഷണത്തിന് കെകെആര്‍ മുതിരുമോ? അതോ മധ്യനിരയില്‍ കളിപ്പിക്കുന്നത് തുടരുമോ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കാത്തിരുന്നറിയാം. ഐപിഎല്‍ കരിയറില്‍ ഇതുവരെ 56 ഇന്നിംഗ്‌സുകളില്‍ 29.96 ശരാശരിയിലും, 137.33 പ്രഹരശേഷിയിലും 1468 റണ്‍സാണ് വെങ്കടേഷ് അയ്യര്‍ക്കുള്ളത്. 

Read more: ഗുജറാത്തിനെ വീഴ്ത്തിയിട്ടും രാജസ്ഥാന്‍ റോയല്‍സ് ഹൈ-റിസ്‌ക്ക് ക്ലബില്‍; പ്ലേഓഫ് സാധ്യത ഇനി ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin