ആശ്വാസമായി ക്രൂഡ് വിലയിടിവ്; ബ്രെന്‍റ് ക്രൂഡ് വില കഴിഞ്ഞ മൂന്നര വര്‍ഷത്തെ താഴ്ന്ന നിലയില്‍

ഗോള വിപണിയില്‍ അസംസ്കൃത എണ്ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് എണ്ണ വ്യാപാരം നടക്കുന്നത്. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 63 ഡോളറായി കുറഞ്ഞു. ആഗോള വ്യാപാര യുദ്ധം കാരണം ഇന്ധനത്തിന്‍റെ ആവശ്യകത കുറയുമെന്നുള്ള വിലയിരുത്തലാണ് എണ്ണ വിലയെ പ്രതികൂലമായി ബാധിച്ചത്. ഈ മാസം ഇതു വരെ ബ്രെന്‍റ് ക്രൂഡ് വിലയില്‍ 15 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2021 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. നേരത്തെ ആഗോള വിപണി വില കുറഞ്ഞെങ്കിലും കേന്ദ്രം തീരുവ കൂട്ടിയതിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചിരുന്നില്ല.

യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഏപ്രില്‍ 2 ന് എല്ലാ യുഎസ് ഇറക്കുമതികള്‍ക്കും താരിഫ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് എണ്ണ വിലയില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായത്. യുഎസിന് മറുപടിയായി ചൈനയും ബദല്‍ തീരുവ പ്രഖ്യാപിച്ചതോടെ ലോകത്തെ ഏറ്റവുമധികം എണ്ണ ഉപഭോഗം നടക്കുന്ന രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര യുദ്ധം എണ്ണ ഡിമാന്‍റിനെ തന്നെ ബാധിക്കുമെന്ന സ്ഥിതി വന്നു. വാഹന താരിഫ് ഇളവുകള്‍ ലഘൂകരിക്കാന്‍ ചൊവ്വാഴ്ച ട്രംപ് ഒപ്പുവച്ച ഉത്തരവുകള്‍ നിക്ഷേപകരിലെ ആശങ്കകള്‍ ലഘൂകരിച്ചെങ്കിലും, എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന വിതരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എണ്ണവിലയെ ദുര്‍ബലപ്പെടുത്തി.

ജൂണില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ നിരവധി ഒപെക് അംഗ രാഷ്ട്രങ്ങള്‍ തീരുമാനിക്കമെന്നാണ് സൂചന. ഉല്‍പാദന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒപെക് ഗ്രൂപ്പ് മെയ് 5 ന് യോഗം ചേരും. യുക്രൈന്‍ – റഷ്യ യുദ്ധം അവസാനിക്കുകയാണെങ്കില്‍ കൂടുതല്‍ റഷ്യന്‍ എണ്ണ ആഗോള വിപണികളില്‍ എത്താന്‍ സാധ്യതയുമുണ്ട്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും ട്രംപ് ദൂതന്‍ സ്റ്റീവ് വിറ്റ്കോഫും തമ്മില്‍ നടന്ന മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ പുരോഗതിയുണ്ടെന്നും സൂചനകളുണ്ട്.

By admin