570 കോടി വിലവരുന്ന യുദ്ധവിമാനം കപ്പലിൽ നിന്ന് ചെങ്കടലിൽ വീണു, അമേരിക്കക്ക് വീണ്ടും നാണക്കേട്
വാഷിംഗ്ടൺ: ഹാരി എസ്. ട്രൂമാൻ വിമാനവാഹിനിക്കപ്പലിൽ നിന്ന് കോടിക്കണക്കിന് ഡോളർ വിലവരുന്ന യുഎസ് യുദ്ധവിമാനം ചെങ്കടലിൽ വീണു. അപകടത്തിൽ നാവികന് പരിക്കേറ്റതായി നാവികസേന അറിയിച്ചു. 2021-ൽ 67 മില്യൺ ഡോളർ വിലവരുന്ന യുദ്ധവിമാനവും വലിച്ചുകൊണ്ടിരുന്ന ട്രാക്ടറും കപ്പലിൽ നിന്ന് കടലിലേക്ക് വീഴുകയായിരുന്നു. ഹാംഗർ ബേയിൽ എഫ്/എ-18ഇ എന്ന വിമാനത്തെ വലിച്ചുകൊണ്ടുപോകുന്നതിനിടെ, മൂവ്മെന്റ് ക്രൂവിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വിമാനവും ടോ ട്രാക്ടറും കടലിലേക്ക് വീഴുകയും ചെയ്തെന്ന് നാവികസേന പ്രസ്താവനയിൽ പറഞ്ഞു.
വിമാനം കടലിൽ വീഴുന്നതിന് മുമ്പ് ജീവനക്കാർ രക്ഷപ്പെടാൻ ഉടനടി നടപടി സ്വീകരിച്ചെന്നും ഒരാൾക്ക് പരിക്കേറ്റെന്നും നാവിക സേന അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് നാവികസേന വ്യക്തമാക്കി. വിമാനത്തിന്റെ വീണ്ടെടുക്കൽ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ട്രൂമാനിൽ നിന്ന് പ്രവർത്തിക്കുന്ന രണ്ടാമത്തെ എഫ്/എ-18 വിമാനമാണ് നഷ്ടമായത്. ആറ് മാസത്തിനുള്ളിൽ കാലാവധി കഴിയാനിരിക്കെയാണ് അപകടം.
കഴിഞ്ഞ വർഷം അവസാനം യുഎസ്എസ് ഗെറ്റിസ്ബർഗ് ഗൈഡഡ് മിസൈൽ ക്രൂയിസർ മറ്റൊരു വിമാനത്തെ അബദ്ധത്തിൽ വെടിവച്ച് വീഴ്ത്തി സംഭവത്തിന് ശേഷമാണ് മറ്റൊരപകടം. മിഡിൽ ഈസ്റ്റിൽ പ്രവർത്തിക്കുന്ന രണ്ട് യുഎസ് വിമാനവാഹിനിക്കപ്പലുകളിൽ ഒന്നാണ് ട്രൂമാൻ. മാർച്ച് പകുതി മുതൽ യെമനിലെ ഹൂത്തി വിമതർ മേഖലയിലെ കപ്പലുകൾക്ക് ഉയർത്തുന്ന ഭീഷണി അവസാനിപ്പിക്കാൻ യുഎസ് സൈന്യം ആക്രമണം നടത്തിവരികയാണ്. അതിനിടെയാണ് സംഭവം.