ഹെഡ്ഗേവാര്‍ വിവാദം; പാലക്കാട് നഗരസഭയിൽ സംഘര്‍ഷം, പ്രതിഷേധവുമായി യുഡിഎഫും എൽഡിഎഫും

പാലക്കാട്: പാലക്കാട് നഗരസഭയിൽ പ്രതിഷേധം. നഗരസഭയ്ക്ക് കീഴിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നഗരസഭാ യോഗം ആരംഭിക്കുന്നതിന് മുമ്പ് പ്രതിഷേധവുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തുകയായിരുന്നു. ഇതോടെ ബിജെപി കൗണ്‍സിലര്‍മാരുമായി തര്‍ക്കമുണ്ടായി.

തുടര്‍ന്നാണ് പ്രതിഷേധം കയ്യാങ്കളിയിലെത്തിയത്. കൗണ്‍സിൽ തുടങ്ങുന്നതിന് മുമ്പ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. നഗരസഭയിൽ സംഘര്‍ഷാവസ്ഥ തുടരുകയാണ്. പൊലീസ് ഇടപെട്ടിട്ടും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നിട്ടില്ല. കൗണ്‍സിൽ യോഗത്തിൽ ബിജെപി പുറത്ത് നിന്ന് ആളെ കൊണ്ടുവന്നുവെന്നാരോപിച്ചാണ് കോണ്‍ഗ്രസും എൽഡിഎഫും രംഗത്തെത്തിയത്.

ആരാണ് ഹെഡ്ഗേവാര്‍ എന്ന് ഇംഗ്ലീഷിലെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. പുറത്തുനിന്നുവന്ന ആളുകള്‍ കൗണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്തുവെന്ന് യുഡിഎഫ്  കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഇതിനിടെ, നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തി. നേരത്തെയും വിവാദത്തിൽ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാൽ, തീരുമാനവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് പാലക്കാട് നഗരസഭ നേതൃത്വം. അതേസമയം, അനധികൃതമായി കൗണ്‍സിൽ യോഗത്തിൽ ആരെയും കയറ്റിയിട്ടില്ലെന്നും യുഡിഎഫ്, എൽഡിഎഫ് അംഗങ്ങള്‍ മനപൂര്‍വം പ്രശ്നമുണ്ടാകുകയായിരുന്നുവെന്നും ബിജെപി ആരോപിച്ചു.

ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആർഎസ്എസ് നേതാവിന്‍റെ പേര്; തറക്കല്ലിടൽ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും

By admin