ആലപ്പുഴ: ലഹരി കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി റിയാലിറ്റി ഷോ താരം ജിന്റോ ആലപ്പുഴ എക്സൈസ് ഓഫീസിൽ എത്തി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയായ തസ്ലീമയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാട് ഏത് തരത്തിലാണെന്നതിൽ വ്യക്തത വരുത്താനാണ് ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. ആയിരക്കണക്കിന് ആളുകളെ വിളിച്ചുവരുത്തിയിട്ടുണ്ടെന്നും അതിൽ ഒരാൾ മാത്രമാണ് ഞാനെന്നും ജിന്റോ മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചെയ്യൽ കഴിഞ്ഞിറങ്ങുമ്പോൾ കുറെ കാര്യങ്ങൾ പറയാനുണ്ടെന്നും ജിന്റോ വ്യക്തമാക്കി. സിനിമ നിർമ്മാതാവിന്റെ സഹായി ജോഷിയെയും വിളിച്ചുവരുത്തിയിട്ടുണ്ട്. ജോഷിയെ രാവിലെ മുതൽ എക്സൈസ് ചോദ്യംചെയ്യുകയാണ്.
ഈ മാസം ഒന്നാം തീയതിയായിരുന്നു ആലപ്പുഴ ഓമനപ്പുഴയിൽ നിന്ന് രണ്ടു കിലോയിലധികം ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് പിടികൂടിയത്. തസ്ലീമ സുൽത്താന , ഭർത്താവ് സുൽത്താൻ അക്ബർ അലി, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് കേസിലെ പ്രതികൾ. മൂന്നു പേരും റിമാൻഡിലാണ്.
ഇതുമായി ബന്ധപ്പെട്ട് സംശയ നിഴലിലായിരുന്ന സിനിമ നടൻമാർക്കും മോഡലിനും ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒന്നും അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡലായ കെ.സൗമ്യ എന്നിവരെ ഇന്നലെ പന്ത്രണ്ട് മണിക്കൂറോളമാണ് എക്സൈസ് ചോദ്യം ചെയ്തത്. എന്നാൽ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകളോ മൊഴികളോ ലഭിച്ചില്ല. ലഹരിക്ക് അടിമയാണെന്ന് തുറന്ന് പറഞ്ഞ ഷൈൻ ടോം ചാക്കോയെ കുടുംബത്തിന്റെ കൂടി ആവശ്യം പരിഗണിച്ച് ചികിത്സയ്ക്കായി തൊടുപുഴയിലെ ലഹരി വിമോചന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ അന്വേഷണം ഊർജിതം
സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്. ഇവർക്ക് ലഹരി എത്തിച്ച ആളെ കണ്ടെത്താൻ എറണാകുളം ജില്ലയിൽ ഉടനീളം എക്സൈസ് തിരച്ചിൽ വ്യാപകമാക്കി. കേസിന്റെ അന്വേഷണം എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ ഏറ്റെടുത്തു. സംവിധായകരെ കഞ്ചാവുമായി പിടികൂടിയ ഫ്ലാറ്റിന്റെ ഉടമ സമീർ താഹിറിനെ ചോദ്യം ചെയ്യാനുള്ള നോട്ടീസ് ഉടൻ എക്സൈസ് കൈമാറും. അതിനു മുന്നോടിയായി പരമാവധി തെളിവുകൾ ശേഖരിക്കാനാണ് എക്സൈസിന്റെ ശ്രമം.