വളർത്തുമൃഗങ്ങൾ ഉള്ളവർക്ക് ആശ്വാസം; മൃഗങ്ങളുടെ ശവസംസ്കാരത്തിനായി പ്രത്യേകം സ്ഥലം അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ

മുംബൈ: മൃഗങ്ങളെ സംസ്കരിക്കാൻ പ്രത്യേകം സ്ഥലം നിർമ്മിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. വളർത്ത് മൃഗ ഉടമകളുടെ വർധിച്ചുവരുന്ന ആശങ്കകൾക്കൊടുവിലാണ് സർക്കാർ ആശ്വാസകരമായ തീരുമാനം എടുത്തിരിക്കുന്നത്. ഇതിനായി പ്രത്യേക സ്ഥലങ്ങൾ ഒരുക്കാൻ മുനിസിപ്പൽ കോർപ്പറേഷനുകൾക്കും കൗൺസിലുകൾക്കും നഗർ പഞ്ചായത്തുകൾക്കും സർക്കാർ നിർദ്ദേശം നൽകി. 

സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് മൃഗങ്ങളുടെ ശവസംസ്കാര സ്ഥലങ്ങൾ ഖരമാലിന്യ സംസ്കരണ കേന്ദ്രങ്ങൾക്ക് സമീപമായിരിക്കും ഉണ്ടാവുക. മനുഷ്യരുടെ അന്ത്യകർമങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് വളരെ അകലെയായിരിക്കും ഇത്. ശരിയായ ശുചിത്വം, ദുർഗന്ധ നിയന്ത്രണ നടപടികളെക്കുറിച്ചും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഈ സൗകര്യം ഉപയോഗിക്കുന്ന വളർത്തുമൃഗ ഉടമകൾക്ക് ഒരു നിശ്ചിത നിരക്കും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 

പലർക്കും വളർത്തുമൃഗങ്ങൾ വെറും മൃഗങ്ങളല്ല, അവ കൂട്ടാളികളും, സുഹൃത്തുക്കളും, വീട്ടിലെ പ്രിയപ്പെട്ട അംഗങ്ങളുമാണ്. എന്നാൽ ഇതുവരെ, നാഗ്പൂർ പോലുള്ള നഗരങ്ങളിൽ മൃഗങ്ങൾ ചാകുമ്പോൾ അവരുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ ശരിയായ രീതിയിൽ സംസ്കരിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല.  

2023-ൽ മഹാരാഷ്ട്ര നിയമസഭയിൽ ഗതാഗത മന്ത്രി പ്രതാപ് സർനായിക് ഈ വിഷയം ഉന്നയിച്ചതോടെയാണ് ഈ വിഷയം കൂടുതൽ പ്രാധാന്യം നേടിയത്. മനുഷ്യ ശ്മശാന സ്ഥലങ്ങൾക്ക് സമീപം മൃഗങ്ങളുടെ ശവശരീരങ്ങൾ തള്ളുന്നത് മൂലമുണ്ടാകുന്ന ദുരിതം അദ്ദേഹം എടുത്തുകാണിച്ചു.

ഇത് മതവികാരങ്ങളെ വ്രണപ്പെടുത്തുക മാത്രമല്ല, പൗര അടിസ്ഥാന സൗകര്യങ്ങളിലെ പ്രകടമായ വിടവ് തുറന്നുകാട്ടുകയും ചെയ്യുന്നു. ഇതേത്തുടർന്ന് മൃഗങ്ങളുടെ ശവസംസ്കാരത്തിനായി പ്രത്യേക സ്ഥലങ്ങൾ നീക്കിവയ്ക്കുന്നതിനായി 2025-ൽ സർക്കാർ ഒരു സമർപ്പിത നയത്തിന് അന്തിമരൂപം നൽകുകയായിരുന്നു. 

അതേസമയം 2012ൽ തന്നെ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ (എൻ‌എം‌സി) ഭണ്ഡേവാഡിയിൽ ഒരു ആധുനിക മൃഗ ഇൻസിനറേറ്റർ സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നു. പൊതുജനാരോഗ്യ എഞ്ചിനീയറിംഗ് വകുപ്പിന്റെ പിന്തുണയോടെ 5 കോടി അനുവദിച്ച ഈ പദ്ധതിയിൽ, മണിക്കൂറിൽ 500 കിലോഗ്രാം ശവശരീരങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു ഇൻസിനറേറ്ററാണ് സ്ഥാപിച്ചിരുന്നത്. അതിൽ കോൾഡ് സ്റ്റോറേജ് റൂമുകൾ ഉൾപ്പെടെ ചത്തുപോയ കന്നുകാലികൾക്ക് പോസ്റ്റ്‌മോർട്ടം സേവനങ്ങൾ വരെ ഉണ്ടായിരുന്നു.

എന്നാൽ ഉദ്യോഗസ്ഥതല കാലതാമസവും ഭരണാനുമതികളുടെ അഭാവവും പദ്ധതിയെ സ്തംഭിപ്പിച്ചു. 2016 ൽ നടന്ന ടെൻഡറുകൾ റദ്ദാക്കി, സ്വച്ഛ് ഭാരത് മിഷന്റെ കീഴിൽ അനുവദിച്ച ഫണ്ടുകൾ ഉപയോഗിക്കാതെ കിടന്നു. ഇന്ന് ഭണ്ഡേവാഡിയിലെ രണ്ട് ഏക്കർ തുറന്ന സ്ഥലത്ത് മൃഗങ്ങളുടെ ശവശരീരങ്ങൾ ഇപ്പോഴും കുഴിച്ചിട്ടിരിക്കുന്നു, 

കുടുംബങ്ങൾക്ക് അവരുടെ വളർത്തുമൃഗങ്ങളെ അന്ത്യവിശ്രമം കൊള്ളിക്കുന്നതിനുള്ള ശരിയായതും ആദരണീയവുമായ മാർഗം വാഗ്ദാനം ചെയ്തുകൊണ്ട്, ശരിയായ രീതിയിൽ മൃഗങ്ങളെ സംസ്കരിക്കാൻ വേണ്ടിയാണ് ഇപ്പോൾ പുതിയ ഉത്തരവ് മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.  

നായ്ക്കളിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ പേവിഷബാധയാകാം

By admin