പത്തനംതിട്ട: മോശം സന്ദേശം നൽകുന്ന സിനിമകൾ കാണുന്നതിൽ നിന്ന് കുട്ടികളെ വിലക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ. സമൂഹത്തെ കാർന്നുതിന്നുന്ന രോഗമായി ലഹരി ഉപയോഗം മാറിയെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. ലഹരി ഉപയോഗിക്കരുതെന്ന് പ്രസംഗിച്ചതുകൊണ്ടുമാത്രം കാര്യമില്ല. ലഹരി വിപത്തിനെതിരെ സന്നദ്ധപ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോശമായ സിനിമകൾ കുട്ടികളെ കാണിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ സമൂഹത്തെ ദോഷമായി ബാധിക്കുന്നു. പഴയകാലത്തെ ചില സിനിമകൾ നല്ല സന്ദേശം നൽകുന്നവയായിരുന്നു. എങ്ങനെ ബാങ്ക് കൊള്ളയടിക്കാം, എങ്ങനെ ആളുകളെ കൊല്ലാം എന്നതൊക്കെയാണ് ഇന്നത്തെ സിനിമകളുടെ പ്രമേയം. മദ്യ ഉപയോഗിച്ച് കറങ്ങിയാടി നടക്കുന്ന ആളുകളുടെ പ്രവര്‍ത്തനങ്ങൾ കാണിക്കുന്ന സിനിമകളാണ് ഇന്ന് കുട്ടികൾക്ക് താത്പര്യം. അടിപടി ആക്രമങ്ങളില്ലാത്ത ഒരു സിനിമയ്ക്കും ഇന്ന് റേറ്റിംഗ് ഉണ്ടാവുന്നില്ലെന്നും മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.