ഫാമിലി മാൻ 3 നടൻ വെള്ളച്ചാട്ടത്തില്‍ വീണ് മരണപ്പെട്ടു

ഗുവഹത്തി: വരാനിരിക്കുന്ന ഫാമിലി മാൻ 3 എന്ന പരമ്പരയിൽ അഭിനയിച്ച രോഹിത് ബാസ്ഫോർ എന്ന നടന്‍ മരിച്ചതായി സ്ഥിരീകരണം. അസാമീസ് മാധ്യമം ഗുവാഹത്തി പ്ലസ് റിപ്പോർട്ട് അനുസരിച്ച്, ഏപ്രിൽ 27 ഉച്ചയ്ക്ക് ഞായറാഴ്ച  ഗർഭംഗ വെള്ളച്ചാട്ടത്തിന് സമീപം അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി.

രോഹിത്തും ഒന്‍പത് സുഹൃത്തുക്കളും ഒരു പിക്നിക്കിന് വേണ്ടിയാണ് വെള്ളച്ചാട്ടത്തില്‍ എത്തിയത്. ഇവിടെ വച്ചാണ് നടന്‍ വെള്ളച്ചാട്ടത്തിൽ വീണതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് റാണി പോലീസ് ഔട്ട്‌പോസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

“വൈകുന്നേരം 4 മണിയോടെയാണ് ഞങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചത്, 4.30 ഓടെയാണ് ഞങ്ങൾ സ്ഥലത്തെത്തിയത്. പിന്നീട് എസ്.ഡി.ആര്‍.എഫ് സംഘം വൈകുന്നേരം 6.30 ഓടെയാണ് മൃതദേഹം കണ്ടെടുത്തത്” എന്ന് ഗുവാഹത്തി പ്ലസിനോട്  സംസാരിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ, രോഹിത് “അബദ്ധത്തിൽ വെള്ളച്ചാട്ടത്തിൽ വീണു” എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത് എന്നാണ് പൊലീസ് പറയുന്നത്. ഇതുവരെ അസ്വഭാവികത ഉള്ളതായി സംശയിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

കഴിഞ്ഞ വർഷം മുതൽ, ഫാമിലി മാൻ സീരിസിന്‍റെ മൂന്നാം സീസണിന്‍റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങൾ രോഹിത് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ജയ്ദീപ് അഹ്ലാവത്, ദലിപ് താഹിൽ എന്നിവരുമായി നില്‍ക്കുന്ന ഫോട്ടോകൾ പങ്കിട്ടുകൊണ്ട്,  “ഇത്രയും മികച്ച അനുഭവം ലഭിച്ചത് ഭാഗ്യം.” എന്നാണ് നടന്‍ എഴുതിയത്. 

ഈ വര്‍ഷം ആദ്യവും ഫാമിലി മാന്‍ 3 സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇദ്ദേഹം പങ്കിട്ടിരുന്നു. ഇന്ത്യന്‍ വെബ് സീരിസ് രംഗത്തെ വിലയേറിയ സംവിധായക ജോ‍ഡികളായ രാജ് ഡികെയാണ് ഫാമിലിമാന്‍ ഒരുക്കുന്നത്. ഈ സീരിസിന്‍റെ ആദ്യ രണ്ട് സീസണുകള്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ വന്‍ ഹിറ്റായിരുന്നു. 

മൂന്നാം സീസൺ നവംബറിൽ പ്രൈം വീഡിയോയിൽ എത്തുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. എന്നാല്‍ കൃത്യമായ തീയതി ഇതുവരെ വന്നിട്ടില്ല. മൂന്നാം സീസണില്‍ പ്രശസ്ത നടൻ ജയ്ദീപ് അഹ്ലാവത്  പ്രധാന വേഷം ചെയ്യും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 

ദേശീയ അന്വേഷണ ഏജൻസിയുടെ ഒരു സാങ്കൽപ്പിക ശാഖയായ ത്രെറ്റ് അനാലിസിസ് ആൻഡ് സർവൈലൻസ് സെല്ലിലെ ഇന്റലിജൻസ് ഓഫീസറായി രഹസ്യമായി പ്രവർത്തിക്കുന്ന ശ്രീകാന്ത് തിവാരി എന്ന മധ്യവർഗക്കാരന്‍ വിവിധ കേസുകളില്‍ നടത്തുന്ന ഇടപെടലാണ് ഫാമിലി മാന്‍റെ ഇതിവൃത്തം. മനോജ് ബാജ്പേയി ആണ് ഈ ലീഡ് റോള്‍ ചെയ്യുന്നത്. 

പാകിസ്ഥാനിക്കൊപ്പം ഫോട്ടോ: കരീന കപൂറിനെ ബഹിഷ്കരിക്കണം, ബോളിവുഡ് താരത്തിനെതിരെ പ്രതിഷേധം !

ഛാവയുടെ വിജയം: വിക്കി കൗശലിന് വലിയ പങ്കില്ല, ബോളിവുഡിനെ രക്ഷിച്ചത് മഹാരാഷ്ട്രയെന്ന് നടന്‍

By admin