നായയുടെ കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് എന്ത്? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
കഴിഞ്ഞ ദിവസമാണ് മലപ്പുറം പെരുവള്ളൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചത്. തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ ഏല്‍ക്കുകയായിരുന്നു. മാർച്ച് 29നാണ് പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാൻ ഫാരിസിന്‍റെ മകൾ സിയയെ തെരുവുനായ ആക്രമിച്ചത്. വീടിനടുത്തുള്ള കടയിൽ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണം. തലയിലും കാലിലുമാണ് കടിയേറ്റത്. മൂന്ന് മണിക്കൂറിനുള്ളിൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്സിൻ നൽകി. കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് വീണ്ടും മെഡിക്കൽ കോളേജിൽ എത്തിച്ചത്. പിന്നാലെ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
തലയ്ക്ക് കടിയേറ്റതാണ് പ്രതിറോധ വാക്സീൻ ഫലിക്കാതിരിക്കാൻ കാരണമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. ഐഡിആർവി വാക്സീനും, ഇമ്മ്യൂനോ ഗ്ലോബിനും കുട്ടിക്ക് നൽകിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. റാബീസ് വൈറസ് തലച്ചോറിനെയാണ് ബാധിക്കുക. തലയ്ക്ക് കടിയേറ്റതിനാലാണ് പ്രതിരോധ വാക്സീൻ ഫലിക്കാതെ വന്നതെന്നാണ് ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്.
എന്താണ് റാബീസ്?
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗാണുബാധയാണ് റാബീസ് അഥവാ പേവിഷബാധ. കടിയേറ്റ ഭാഗത്തുനിന്നും ഈ വൈറസ് നാഡീ ഞരമ്പുകളെ ബാധിച്ച് തലച്ചോറിൽ എത്തുന്നു. എല്ലാ ഉഷ്ണരക്ത ജീവികളെയും ഈ രോഗം ബാധിക്കാം. രോഗാണുക്കൾ ശരീരത്തിൽ കടന്നതിനു ശേഷം രോഗലക്ഷണങ്ങൾ കാണിക്കുന്നത് വരെയുള്ള കാലത്തെ ഇൻകുബേഷൻ പീരീഡ് എന്നാണ് പറയുക. മുറിവിനും മസ്തിഷ്കത്തിനും ഇടയിലുള്ള ഉള്ള ദൂരം കുറയുന്നതിനനുസരിച്ച് ഇൻകുബേഷൻ കാലം കുറഞ്ഞിരിക്കും. ഇത് ദിവസങ്ങൾ മുതൽ മാസങ്ങൾ വരെ നീണ്ടുനിൽക്കാം. രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ പിന്നെ അസുഖം ചികിത്സിച്ച് ഭേദമാക്കുക വളരെ ബുദ്ധിമുട്ടാണ്.
നായയുടെ കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത്…
പേവിഷബാധയേറ്റ മൃഗത്തിന്‍റെ കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുക എന്നതാണ്. 15 മിനിറ്റോളം മുറിവ് കഴുകണം. സോപ്പ് ഉപയോഗിച്ചു വേണം മുറിവ് കഴുകാൻ. ആന്റി ബാക്ടീരിയൽ സോപ്പ് തന്നെ വേണമെന്നില്ല. കുളിക്കാന്‍ ഉപയോഗിക്കുന്ന സോപ്പ് ആണെങ്കിലും മതി. ചെറുതായി മാന്തിയതാണെങ്കിലും കഴുകണം. മുറിവ് നന്നായി കഴുകുന്നത് അണുക്കളെ പുറത്തുകളയാൻ സഹായിക്കും. രക്തം ഒലിയ്ക്കുന്നുണ്ടെങ്കിൽ മുറിവിന് മുകളിൽ ഒരു തുണി കെട്ടി വയ്ക്കുക. മുറിവിന് മുകളിൽ കെട്ടേണ്ടതില്ല.
ചികിത്സ…
പേവിഷബാധയേറ്റ നായ കടിച്ചാൽ വാക്‌സിനെടുക്കുക ഏറെ പ്രധാനമാണ്. ഇമ്യൂണോഗ്ലോബിൻ കുത്തിവയ്പ്പാണ് ഇതിനായി എടുക്കുന്നത്. നായയുടെ കടിയേറ്റ ദിവസം തന്നെ കുത്തിവയ്പെടുക്കുക. വളർത്തു നായ്ക്കളെങ്കിൽപ്പോലും ചെറിയ കടിയാണെങ്കിലും അവഗണിക്കരുത്. എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടുക. വീട്ടിലെ നായ്ക്കൾക്ക് പേവിഷബാധയില്ലെന്ന് ഉറപ്പും വരുത്തേണ്ടതും പ്രധാനമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
1. മൃഗങ്ങൾ കടിച്ചാൽ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്.
2. പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യം.
3. കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക.
4. എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്‌സിനെടുക്കുക.
5. മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിനും (ഐ.ഡി.ആർ.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്.
6. കൃത്യമായ ഇടവേളയിൽ വാക്‌സിൻ എടുത്തെന്ന് ഉറപ്പ് വരുത്തണം.
7. കടിയേറ്റ ദിവസവും തുടർന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്‌സിൻ എടുക്കണം.
8. വാക്‌സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ചികിത്സ തേടുക.
9. വീടുകളിൽ വളർത്തുന്ന നായകൾക്ക് വാക്‌സിനേഷൻ ഉറപ്പ് വരുത്തുക.