ഗുജറാത്തിനെ വീഴ്ത്തിയിട്ടും രാജസ്ഥാന്‍ റോയല്‍സ് ഹൈ-റിസ്‌ക്ക് ക്ലബില്‍; പ്ലേഓഫ് സാധ്യത ഇനി ഇങ്ങനെ

ജയ്‌പൂര്‍: ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്ക് ശേഷം, ഗുജറാത്ത് ടൈറ്റന്‍സിനെ എട്ട് വിക്കറ്റിന് മലര്‍ത്തിയടിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. വൈഭവ് സൂര്യവന്‍ഷി എന്ന 14 വയസുകാരന്‍ 35 പന്തില്‍ നേടിയ സെഞ്ചുറിക്കരുത്തിലാണ് ടൈറ്റന്‍സിനെതിരെ റോയല്‍സിന്‍റെ വിജയം. എന്നാല്‍ അതുമാത്രം മതിയോ ഐപിഎല്‍ പതിനെട്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് മുന്നോട്ടുകുതിക്കാന്‍. ഇനി റോയല്‍സിന്‍റെ പ്ലേഓഫ് പ്രതീക്ഷകള്‍ എങ്ങനെയാണ്. 

ഐപിഎല്‍ 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് ജീവശ്വാസം നിലനിര്‍ത്തി എന്നുപറയാം. മത്സരത്തില്‍ തെറ്റിരുന്നുവെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമാവുമായിരുന്നു. എന്നാല്‍ ടൈറ്റന്‍സിനെതിരെ ജീവന്‍മരണ പോരാട്ടത്തില്‍ മികച്ച ജയവുമായി റോയല്‍സ് എട്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് സ്വന്തമെന്ന് പറയാന്‍ ഇതുവരെയുള്ളത് 10 മത്സരങ്ങളില്‍ മൂന്ന് ജയവും ആറ് പോയിന്‍റും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി ടീമിന് അവശേഷിക്കുന്നത് നാലേ നാല് മത്സരങ്ങള്‍. ഇനിയുള്ള നാല് കളികളും ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേഓഫ് കാണുമോ എന്ന് പരിശോധിക്കാം.  

ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേഓഫ് കസേരകള്‍ ഉറപ്പിക്കാനുള്ള അങ്കം മുറുകുകയാണ്. 14 പോയിന്‍റുമായി പട്ടികയില്‍ തലപ്പത്തുള്ള റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഇനി ഒരു ജയത്തോടെ പ്ലേഓഫില്‍ സുഗമായെത്തും. 12 പോയിന്‍റ് വീതമുള്ള മുംബൈ ഇന്ത്യന്‍സിനും, രാജസ്ഥാനോട് തോറ്റെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനും, ഡല്‍ഹി ക്യാപിറ്റല്‍സിനും പ്ലോഓഫ് സാധ്യത വളരെ സജീവം. 11 പോയിന്‍റുള്ള പഞ്ചാബ് കിംഗ്‌സിനെയും, 10 പോയിന്‍റുള്ള ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിനെയും എഴുതിത്തള്ളാനാവില്ല. ഏഴ് പോയിന്‍റ് മാത്രമുള്ള നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏതാണ്ട് രാജസ്ഥാന്‍ റോയല്‍സിന്‍റെ അതേ അവസ്ഥയാണ്. പോയിന്‍റ് ടേബിളില്‍ ഇതിനും താഴെയാണ് യഥാക്രമം രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമുകളുടെ സ്ഥാനം.  

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആവേശ ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി എന്നത് ശരിതന്നെ. എന്നാല്‍ ഇനി പ്ലേഓഫിലെത്തുക രാജസ്ഥാന്‍ റോയല്‍സിന് അത്ര എളുപ്പമല്ല. അവശേഷിക്കുന്ന നാല് മത്സരങ്ങളും ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിന് ആകെ 14 പോയിന്‍റാകും. ഐപിഎല്ലില്‍ 14 പോയിന്‍റ് നേടിയ ടീമുകള്‍ പ്ലേഓഫിലെത്തിയ ചരിത്രമുണ്ട്. എന്നാല്‍ രാജസ്ഥാന് അവശേഷിക്കുന്ന നാല് കളികളിലും വന്‍ മാര്‍ജിനിലുള്ള വിജയം അനിവാര്യം. മാത്രമല്ല, മറ്റ് ടീമുകളുടെ മത്സരഫലവും അനുസരിച്ചാവും പോയിന്‍റ് പട്ടികയിലെ ആദ്യ നാലില്‍ രാജസ്ഥാന്‍ റോയല്‍സ് എത്തുമോ എന്ന കാര്യത്തില്‍ അന്തിമ വിധി തെളിയുക. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകളാണ് ഇനി റോയല്‍സിന് എതിരാളികള്‍. 

വമ്പന്‍ തിരിച്ചുവരവ് നടത്തിയ മുംബൈയോയും പഞ്ചാബിനോടും റോയല്‍സിന് മത്സരം കടുത്തേക്കും. കണക്കുകള്‍ എത്രവട്ടം കൂട്ടിക്കിഴിച്ചാലും രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേഓഫ് കളിക്കാനുള്ള സാധ്യത വളരെ വിദൂരമാണ് എന്നതൊരു യാഥാര്‍ഥ്യമാണ്. 

Read more: സിക്‌സര്‍ അടിക്കാന്‍ ആവതുണ്ടോന്ന് ചോദ്യം, മറുപടി 11 ഹിറ്റ്, 35 പന്തില്‍ 100! വൈഭവം 14കാരന്‍ വൈഭവ് സൂര്യവന്‍ഷി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin