കാറിന്റെ പുറകിലെ സീറ്റിനടിയിൽ രഹസ്യ അറ, വാഹനപരിശോധനയിൽ പൊലീസ് കണ്ടെത്തിയത് രേഖകളില്ലാത്ത ഒരു കോടിയിലേറെ രൂപ
കാസര്‍കോട്: കാസര്‍കോട് ബേക്കലില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി രൂപ പിടികൂടി. പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ കൊണ്ട് പോവുകയായിരുന്ന പണം കണ്ടെത്തിയത്. രേഖകൾ ഇല്ലാതെ കൊണ്ട് പോവുകയായിരുന്ന 1,17,50,000 രൂപയാണ് കണ്ടെത്തിയത്. ബേക്കല്‍ തൃക്കണ്ണാട് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറില്‍ നിന്നാണ് പണം പിടിച്ചത്. മേല്‍പ്പറമ്പ് സ്വദേശി അബ്ദുല്‍ ഖാദറായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.
കാറിലെ പുറകിലെ സീറ്റിന് അടിയില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇത് വിവിധ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ട് പോവുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഒരു ഇടവേളയ്ക്ക് ശേഷമാണ് കാസര്‍കോട് ജില്ലയില്‍ ഇത്രയും വലിയ തോതില്‍ രേഖകളില്ലാത്ത പണം പിടികൂടുന്നത്. വിശദമായ അന്വേഷണം നടത്താനാണ് ബേക്കല്‍ പൊലീസിന്‍റെ തീരുമാനം.