കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി സൈന്യം; പ്രകോപനം തുടര്‍ന്ന് പാകിസ്ഥാൻ, നിയന്ത്രണ രേഖയിൽ വെടിവെയ്പ്പ്

ശ്രീനഗര്‍: കശ്മീരിൽ സൈന്യത്തിനും ഭീകരർക്കും ഇടയിൽ ഏറ്റുമുട്ടൽ. എവിടെയാണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. ഒരു മണിക്കൂറിലധികമായി ഏറ്റുമുട്ടൽ തുടരുകയാണ്. അതേസമയം, പഹൽഗാം ഭീകരാക്രമണത്തില്‍ എൻഐഎ അന്വേഷണം തുടരുകയാണ്. പഹൽഗാം ആക്രമണ സമയത്ത് മരത്തിന് മുകളിൽ കയറി ഒളിച്ച പ്രാദേശികവാസി പ്രധാന ദൃക്സാക്ഷിയുടെ മൊഴി എന്‍ഐഎയ്ക്ക് ലഭിച്ചു. ഭീകരർ തിരിച്ച് പോകുന്നതടക്കം കണ്ട ഇയാൾ പൊലീസിന് വിവരങ്ങൾ നല്‍കിയിട്ടുണ്ട്. എൻഐഎയും ഇയാളെ ബൈസരൺവാലിയിൽ എത്തിച്ച് തെളിവെടുത്തു.

പഹൽഗാം ആക്രമണം നടത്തിയ ഭീകരർ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നവരാണെന്നാണ് വിവരം. മുള്ളുവേലി മുറിച്ച് മാറ്റി നുഴഞ്ഞ് കയറിയവരാണ് ഭൂകരാക്രമണം നടത്തിയതെന്നാണ് സൂചന. സാംബ, കത്തുവ മേഖല വഴിയാണ് ഇവർ ഇന്ത്യയിൽ കയറിയത്. കാട്ടിൽ ഒളിക്കാൻ പരിശീലനം കിട്ടിയ ഹുസൈൻ ഷെയിക് ആണ് സംഘത്തെ നയിച്ചത്. കുൽഗാമിലും ബാരാമുള്ളയിലും നേരത്തെ ഇവർ ആക്രമണങ്ങൾ നടത്തിയെന്നാണ് കണ്ടെത്തല്‍. അനന്ത്നാഗിലെ മലനിരകളിൽ സംഘം ഇപ്പോഴുണ്ടെന്നാണ് സുരക്ഷ സേനയുടെ അനുമാനം. അതേസമയം, തുടർച്ചയായ അഞ്ചാം ദിവസവും അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്. നിയന്ത്രണരേഖയിൽ വീണ്ടും വെടിവെയ്പ്പ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ബാരാമുള്ള, കുപ്വാര, അഖ് നൂർ സെക്ടറുകളിൽ വെടിവയ്പ്. ശക്തമായി തിരിച്ചടിച്ചെന്ന് സൈന്യം അറിയിച്ചു. 

കശ്മീരിന് പുറത്ത് നിന്നുള്ളവര്‍ക്ക് സുരക്ഷ 

പഹൽഗാം അക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിന് പുറത്ത് നിന്നുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം. കാശ്മീർ പൊലീസിനും ഇന്റലിജൻസ് ഏജൻസികൾക്കുമാണ് നിർദ്ദേശം ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് നേരെ ആക്രമണ സാധ്യതയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണിത്. തെക്കൻ കാശ്മീരിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടതും ഈ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ്. കശ്മീരിന് പുറത്തുള്ളവരാണ് ഇവിടെ കൂടുതലായി എത്തുന്നത്. ആക്രമണം നടത്തിയ ഭീകരർ ഒളിച്ചിരിക്കുന്നതെന്ന് കരുതുന്ന വനമേഖല തെക്കൻ കാശ്മീരിലാണ്. ശ്രീനഗർ അടക്കം സഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ സുരക്ഷ കൂടുതൽ ശക്തമാക്കി.

പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ

പാകിസ്ഥാൻ ‘തെമ്മാടി രാജ്യം’ എന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ. ഭീകരവാദികളെ സഹായിച്ചു എന്ന പാകിസ്ഥാന്റെ കുറ്റസമ്മതത്തിൽ അതിശയമില്ലെന്നും ഇന്ത്യൻ പ്രതിനിധി യുഎന്നിൽ പറഞ്ഞു. ഭീകരതയ്ക്ക് ഇരയായവരുടെ പുനരധിവാസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായുള്ള യുഎന്നിന്റെ വിക്റ്റിംസ് ഓഫ് ടെററിസം നെറ്റ്‍വർക്ക് രൂപീകരണ യോഗത്തിലാണ് ഇന്ത്യ വിമര്‍ശനമുന്നയിച്ചത്.

By admin