എൻസിഇആർടി കാവിവൽക്കരണത്തിനെതിരെ അഡീഷണൽ പുസ്തകങ്ങൾ പുറത്തിറക്കിയ ഏക സംസ്ഥാനം കേരളം; വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും കാവിവൽക്കരിക്കുന്നതിനുള്ള ഒടുവിലത്തെ ഉദാഹരണങ്ങളാണ് ദേശീയ തലത്തിൽ എൻ.സി.ഇ.ആർ.ടി യുടെ നേതൃത്വത്തിൽ നടന്നുവരുന്ന പാഠപുസ്തകങ്ങളുടെ പരിഷ്‌കരണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടു പിടിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ അരങ്ങേറുന്നത്. മതനിരപേക്ഷത എന്ന ഭരണഘടനാ ലക്ഷ്യത്തെ തകിടം മറിക്കുന്ന പ്രവർത്തനങ്ങളാണിത്. കൊവിഡിന്റെ മറവിൽ കുട്ടികളുടെ പഠനഭാരം കുറക്കാനെന്ന പേരിൽ കഴിഞ്ഞ വർഷങ്ങളിൽ ആറ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിൽ നിന്നും വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിമാറ്റിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാന്ധി വധവും ഗുജറാത്ത് കലാപവും മുഗൾ രാജവംശങ്ങളെക്കുറിച്ചുള്ളതും ആർ.എസ്.എസ്.ന്റെ നിരോധനവും ഉൾപ്പെടെയാണ് അന്ന് വെട്ടിമാറ്റിയത്. ഇതിന്റെ തുടർച്ചയാണ് പുതുക്കിയ പാഠപുസ്തകങ്ങളിൽ നിന്നും മുഗൾ ഭരണാധികാരികളെ മാറ്റി പകരം അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച പാഠഭാഗങ്ങൾ ഉൾപ്പെടുത്തുന്നത്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ഇത്തരം അക്കാദമിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായി അഡീഷണൽ പുസ്തകങ്ങൾ പുറത്തിറക്കി അക്കാദമിക പ്രതിരോധം തീർത്ത ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനമാണ് കേരളമെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയ തലത്തിലെ ഇത്തരം അക്കാദമിക വിരുദ്ധ പ്രവർത്തനങ്ങൾ മെയ് 2 ന് ദില്ലിയിൽ വച്ച് നടക്കുന്ന എൻ.സി.ഇ.ആർ.ടി യുടെ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുമ്പോൾ ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്; മൂല്യനിർണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു