എന്റെ കേരളം: കോട്ടയത്തെ പ്രദർശനമേള ഏപ്രിൽ 30-ന് സമാപിക്കും
പിണറായി വിജയൻ നയിക്കുന്ന രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രദർശന വിപണനമേള “എന്റെ കേരളം” കോട്ടയത്ത് തുടരുന്നു. ഏപ്രിൽ 30-നാണ് കോട്ടയം ജില്ലയിലെ പരിപാടികൾ സമാപിക്കുന്നത്.
കേരള സർക്കാരിന്റെ വിവിധ പദ്ധതികൾ, സേവനങ്ങൾ എന്നിവ അടുത്തറിയാനും ജനങ്ങൾക്ക് പ്രയോജനപ്പെടുത്താനും കഴിയുന്നതാണ് മേള. ആരോഗ്യം, വൈദ്യുതി, ജലവിഭവം തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം വിശദമാക്കുന്ന സ്റ്റാളുകളും മേളയുടെ ഭാഗമാണ്. ടൂറിസം, വിപണന സ്റ്റാളുകൾ, കുടുംബശ്രീ ആഹാരശാല എന്നിവയും പരിപാടിയുടെ ഭാഗമാണ്.
ഏപ്രിൽ 24-നാണ് എൻറെ കേരളം പ്രദർശന വിപണന മേള തുടങ്ങിയത്. മന്ത്രി വിഎൻ വാസവനാണ് മേള ഉദ്‌ഘാടനം ചെയ്തത്.
കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്‌റ്റാളുകളാണുള്ളത്. 45,000 ചതുരശ്രയടി എയർകണ്ടീഷൻഡ് പവലിയൻ ഉൾപ്പെടെ മൊത്തം 69,000 ചതുരശ്രയടിയിലാണ് പ്രദർശന വിപണനമേള. ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 9.30 വരെ നടക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.