ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം കൈവരിച്ച് രൂപ; വെല്ലുവിളിയായി ഇന്തോ – പാക്ക് സംഘര്‍ഷം
വ്യാപാരത്തിനിടെ ഡോളറിനെതിരെ ശക്തമായ നില കൈവരിച്ച് രൂപ. ഇന്ന് വ്യാപാരത്തിന്‍റെ തുടക്കത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയര്‍ന്ന് 84.96 ആയി. 2025ല്‍ ഡോളറിനെതിരെ രൂപയുടെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. വിദേശ ഫണ്ടുകളുടെ വരവ് കൂടിയതും ആഭ്യന്തര സാമ്പത്തിക ഘടങ്ങള്‍ അനുകൂലമായതുമാണ് രൂപയുടെ മുന്നേറ്റത്തിന് കാരണം. ഇതോടെ ഒരു ഘട്ടത്തില്‍ 85 രൂപയുടെ താഴേക്ക് ഡോളറിന്‍റെ മൂല്യം കുറയ്ക്കാന്‍ രൂപയ്ക്ക് സാധിച്ചു. ഇന്ത്യയിലെ ആഭ്യന്തര ഉല്‍പ്പാദനം, വ്യാവസായിക ഉല്‍പ്പാദനം എന്നിവ 3 ശതമാനം വീതം വര്‍ധിച്ചതും രൂപയ്ക്ക് കരുത്തായി. ആഭ്യന്തര ഡിമാന്‍റ് ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.
വിദേശ നിക്ഷേപം രൂപയ്ക്ക് കരുത്തായി
ഇന്നലെയും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി. 2,474 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ ആണ് എഫ്ഐഐ വാങ്ങിയത് തുടര്‍ച്ചയായ ഒമ്പതാം ദിവസവും ഓഹരി വിപണിയിലേക്ക് വിദേശനിക്ഷേപം എത്തിയത് രൂപയ്ക്ക് ഗുണകരമായി. മുമ്പ് ഏകദേശം 35,000 കോടി രൂപയുടെ വന്‍ വില്‍പ്പനയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്. ഇന്നലെ എഫ്ഐഐകള്‍ 11,680 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി 9,206 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
ഇന്തോ – പാക്ക് സംഘര്‍ഷം രൂപയ്ക്ക് വെല്ലുവിളി
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം നില നില്‍ക്കുന്നത് രൂപയ്ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്. മികച്ച നേട്ടത്തിന് ശേഷം ഇന്ന് 85 രൂപയ്ക്ക് മുകളിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞത് ഇത് കാരണമാണ്. കഴിഞ്ഞയാഴ്ച കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തെത്തുടര്‍ന്നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായത്. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും പരസ്പരമുള്ള നീക്കങ്ങള്‍ രണ്ടുരാജ്യങ്ങളിലെ കറന്‍സികള്‍ക്കുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുണ്ട്.